kozhikode local

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ക്രൂരമര്‍ദനം

താമരശ്ശേരി:  ജോലി കഴിഞ്ഞു വരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ മോഷ്ടാക്കളെന്നാരോപിച്ച് ക്രൂരമായി മര്‍ദിച്ചു. ഉണ്ണി കുളം മങ്ങാട് ഏനാംകുന്നിലെ  റോഡിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തിക്കെത്തിയ ആസാം സ്വദേശികളയ മുസ്താഖ്, സഫറുദ്ധീന്‍, അന്‍സിദുല്‍ ഇസ്ലാം എന്നിവരാണ് സദാചാര പോലിസ് ചമഞ്ഞെത്തിയ യുവാവിന്റെ അക്രമത്തിനിരയായത്. രാവിലെ മുതല്‍ റോഡിന്റെ പ്രവൃത്തിയില്‍ ഏര്‍പ്പെട്ട സംഘത്തില്‍പെട്ട ഇവര്‍ വൈകിട്ടോടെ പ്രവൃത്തി അവസാനിപ്പിച്ചെങ്കിലും കൂലി ലഭിച്ചിരുന്നില്ല. പണം ഉടനെ നല്‍കാമെന്നും താമസസ്ഥലത്ത് എത്തിക്കാമെന്നും കരാറുകാരന്‍ പറഞ്ഞതിനാല്‍ മണിക്കൂറുകളോളം ഇവര്‍ കാത്തു നിന്നു.
ഇതിനിടെയാണ് രാത്രി പത്തുമണിയോടെ പ്രദേശവാസിയായ നളിനാക്ഷന്‍ ഇവര്‍ക്കരികിലെത്തുകയും മോഷ്ടാക്കളാണെന്നാരോപിച്ച് ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. അക്രമം തുടര്‍ന്നപ്പോള്‍ ഇവര്‍ എളേറ്റില്‍ ഭാഗത്തേക്ക് ഓടി. എന്നാല്‍ ബൈക്കില്‍ പിന്നാലെയെത്തിയ നളിനാക്ഷന്‍ മര്‍ദ്ധനം തുടര്‍ന്നു.
രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ബൈക്ക് ഇടിപ്പിച്ചു വീഴ്തിയെന്നും ഇവര്‍ പറയുന്നു. തൊഴിലാളികളെ മര്‍ദിച്ചുകൊണ്ട് എളേറ്റില്‍ വട്ടോളി ബസ്റ്റാന്റ് പരിസരത്തെത്തിയപ്പോഴാണ് നാട്ടുകാര്‍ ഇടപെട്ട് ഇവരെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് എളേറ്റില്‍ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാധമിക ചികില്‍സ നല്‍കി.
തൊഴിലുടമയോ മറ്റോ എത്താതിരുന്നതിനാല്‍ കൊടുവള്ളി പോലിസ് സ്ഥലത്തെത്തി ഇവരെ താമസ സ്ഥലത്ത് എത്തിക്കുകയും ഞായറാഴ്ച രാവിലെ ബാലുശ്ശേരിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തന്റെ വീടിന് സമീപം നില്‍ക്കുന്നത് കണ്ടാണ് അക്രമിച്ചതെന്നാണ് നളിനാക്ഷന്‍ നാട്ടുകാരെ അറിയിച്ചത്.
നളിനാക്ഷന്റെ വീടിനോട് ചേര്‍ന്നുള്ള റോഡിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്ന വിവരം അറിയാമെങ്കിലും ഇയാള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറയുന്നു. അക്രമിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കിയതായി റോഡിന്റെ കരാറുകാരനായ ഷാജി പറഞ്ഞു.
Next Story

RELATED STORIES

Share it