Middlepiece

ഇതര സംസ്ഥാന തൊഴിലാളികളോട് നമ്മള്‍ ചെയ്യുന്നത്

ഇതര സംസ്ഥാന തൊഴിലാളികളോട് നമ്മള്‍ ചെയ്യുന്നത്
X


അംബിക

വീണ്ടും ഒരു ലോക തൊഴിലാളിദിനം കടന്നുപോയിരിക്കുന്നു. നമ്മുടെ നാട്ടിലും മെയ്ദിനം വിവിധ തൊഴിലാളി യൂനിയനുകളുടെ ആഭിമുഖ്യത്തില്‍ ആചരിക്കുകയുണ്ടായി. എന്നാല്‍, മെയ്ദിനത്തില്‍ ഷഫീക് താമരശ്ശേരി നാരദ ഓണ്‍ലൈന്‍ ന്യൂസിലൂടെ പുറത്തുകൊണ്ടുവന്ന ഒരു വാര്‍ത്ത തൊഴിലാളിവര്‍ഗബോധമുള്ളവര്‍ എന്ന് ഊറ്റംകൊള്ളുന്ന മലയാളികളുടെ യഥാര്‍ഥ മുഖം വെളിപ്പെടുത്തുന്നതാണ്. ദുര്‍വിജയ് ശര്‍മ എന്ന ഇതര സംസ്ഥാന തൊഴിലാളിയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ മാധ്യമങ്ങള്‍ക്കൊന്നും തന്നെ വാര്‍ത്തയേ ആയില്ല.
പ്ലസ്ടുവിന് 65 ശതമാനം മാര്‍ക്കുണ്ടായിട്ടും പഠനമോഹങ്ങള്‍ ഉപേക്ഷിച്ച് ഏഴംഗ കുടുംബത്തിന്റെ ഭാരം പേറേണ്ടിവന്ന ഹതഭാഗ്യനാണ് ദുര്‍വിജയ് ശര്‍മ. തൊഴില്‍ തേടി കേരളത്തിലെത്തി വിവിധ ജില്ലകളില്‍ നിര്‍മാണത്തൊഴിലാളിയായി ജോലിചെയ്തുവരുകയായിരുന്നു ദുര്‍വിജയ്. കുടുംബത്തെ പട്ടിണിയില്ലാതെ മുന്നോട്ടുകൊണ്ടുപോവാന്‍ തന്റെ കഠിനാധ്വാനത്തിലൂടെ ദുര്‍വിജയിനു കഴിഞ്ഞിരുന്നു. എന്നാല്‍, എറണാകുളത്തു വച്ച് ജോയ് ആലുക്കാസ് ജ്വല്ലറിയുടെ നിര്‍മാണപ്രവര്‍ത്തനം ഏറ്റെടുത്ത ഇസ്തിഹാക്ക് എന്ന കോണ്‍ട്രാക്റ്ററുടെ കീഴില്‍ ജോലിക്കു പോയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.
2016 നവംബര്‍ 5നാണ് ദുര്‍വിജയും നാട്ടുകാരടക്കമുള്ള ഒമ്പതു തൊഴിലാളികളും ഇസ്തിഹാക്കുമായി കരാറില്‍ ഒപ്പുവയ്ക്കുന്നത്. എല്ലാ വാരാന്ത്യങ്ങളിലും ഇവര്‍ കൂലി ചോദിച്ചിരുന്നെങ്കിലും എല്ലാം ഒരുമിച്ചുനല്‍കാമെന്ന് കോണ്‍ട്രാക്റ്റര്‍ പറയുകയായിരുന്നു. എന്നാല്‍, ജോലി കഴിഞ്ഞതോടെ മൂന്നുമാസത്തെ ഇവരുടെ അധ്വാനത്തിന് പ്രതിഫലം കൊടുത്തില്ല. മറ്റുള്ളവരെക്കൂടി ഈ ജോലിയിലേക്ക് കൊണ്ടുവന്നത് ദുര്‍വിജയ് ആയിരുന്നതുകൊണ്ട് കോണ്‍ട്രാക്റ്ററെ നിരന്തരം ബന്ധപ്പെട്ടതും അദ്ദേഹമായിരുന്നു. വീട്ടിലേക്കു പണം അയക്കുന്നതു മുടങ്ങി എന്നതു മാത്രമല്ല, ഭക്ഷണത്തിനുള്ള പണം പോലും കൈയിലില്ലാതെ അവര്‍ വിഷമിച്ചു. ജോലി ചെയ്തിരുന്ന സ്ഥലത്തേക്കു പ്രവേശിക്കാനോ പണിയായുധങ്ങള്‍ എടുക്കാനോ ഇവരെ അനുവദിച്ചില്ല. തുടര്‍ന്ന് ഇവര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് 96,000 രൂപ കൊടുത്തു. എന്നാല്‍, യഥാര്‍ഥത്തില്‍ കരാര്‍പ്രകാരം ലഭിക്കേണ്ടിയിരുന്നത് 3,07,500 രൂപയായിരുന്നു. മാത്രമല്ല, കോണ്‍ട്രാക്റ്റര്‍ എല്ലാവര്‍ക്കുമുള്ള പ്രതിഫലം ദുര്‍വിജയിനെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് മറ്റു തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ഇതു വിശ്വസിച്ച ദുര്‍വിജയിന്റെ നാട്ടില്‍ നിന്നു വന്ന തൊഴിലാളികളുടെ ബന്ധുക്കള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ബഹളമുണ്ടാക്കി. ജോലിക്കായി താന്‍ കൊണ്ടുവന്ന നാട്ടുകാര്‍ തന്നെ തെറ്റിദ്ധരിച്ചത് അദ്ദേഹത്തെ ദുഃഖിതനാക്കി. ഇതിന്റെ ഭാഗമായി നാട്ടിലേക്കു പോവാന്‍പോലും കഴിയാത്ത അവസ്ഥയുമായി. തന്റെ സഹോദരിയുടെ വിവാഹ ചെലവിലേക്കായി പണം അത്യാവശ്യമായിരുന്നു. അവസാനം ജോര്‍ജ് ബ്രൂണോ എന്ന തൊഴിലാളിസ്‌നേഹിയുടെ സഹായത്തോടെ ലേബര്‍ ഓഫിസറെ സമീപിച്ചു. തൃക്കാക്കര പോലിസ് സ്‌റ്റേഷനില്‍ പരാതി കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് 2016 ഏപ്രില്‍ 7ന് ബാക്കിയുള്ള പണവും പണിയായുധങ്ങളും നല്‍കാമെന്നു പറഞ്ഞ് കോണ്‍ട്രാക്റ്റര്‍, ദുര്‍വിജയിനെ വിളിച്ചുവരുത്തി തന്റെ ഗുണ്ടകളെ വിട്ട് മര്‍ദിക്കുകയായിരുന്നു. ശാരീരികമായും മാനസികമായും തളര്‍ന്ന ഇദ്ദേഹത്തെ കാക്കനാട്ടെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും മര്‍ദനത്തിനെതിരേ പോലിസില്‍ പരാതി കൊടുക്കാന്‍ സഹായിച്ചതും ജോര്‍ജ് ബ്രൂണോ തന്നെയായിരുന്നു. പോലിസ് വ്യാജപരാതിയെന്നു പറഞ്ഞ് തിരിച്ചയച്ചു. ആത്മഹത്യക്ക് ശ്രമിച്ച ദുര്‍വിജയിനെ ഡോക്ടറും പരിഹസിക്കുകയാണുണ്ടായത്. അധ്വാനത്തിന്റെ പ്രതിഫലം മാത്രമല്ല, മറ്റുള്ള തൊഴിലാളികളുടെ വിശ്വാസവും തന്റെ സമാധാനജീവിതവും ആരോഗ്യവും നഷ്ടപ്പെട്ട നിലയിലാണ് ഇപ്പോള്‍ ദുര്‍വിജയ് ശര്‍മയുള്ളത്.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. ചെയ്യാത്ത കുറ്റങ്ങള്‍ ആരോപിച്ച് വെയിലത്തു കെട്ടിയിട്ടും പീഡിപ്പിച്ചും മര്‍ദനങ്ങളിലൂടെയും ജീവനും ജീവിതവും നഷ്ടപ്പെടുന്നവരായി നമ്മുടെ നാട്ടിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ മാറിയിരിക്കുന്നു. ജോലിക്കിടെ അപകടങ്ങളില്‍ മരിക്കുന്ന ഇവര്‍ക്ക് ശരിയായ നഷ്ടപരിഹാരം ലഭിക്കുന്നുമില്ല. ഇവരെ സംഘടിപ്പിക്കാന്‍ മുഖ്യധാരാ ട്രേഡ് യൂനിയനുകളൊന്നും തയ്യാറാവുന്നില്ല എന്നുള്ളത് ദുഃഖകരമാണ്. ഇവരുടെ സുരക്ഷയ്ക്കായുള്ള തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതോടൊപ്പം ആവശ്യമുള്ള നിയമങ്ങള്‍ കൊണ്ടുവരേണ്ടതുമുണ്ട്. ലോകത്ത് എല്ലായിടത്തും തൊഴില്‍ തേടിയെത്തുന്ന മലയാളി അല്‍പം മനുഷ്യത്വവും കനിവും ഇവരോടു കാണിച്ചേ മതിയാവൂ.
Next Story

RELATED STORIES

Share it