wayanad local

ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യസുരക്ഷ : ജില്ലാതല ടാസ്‌ക് ഫോഴ്‌സ് പരിശോധന ആരംഭിച്ചു



മാനന്തവാടി: ജില്ലയില്‍ മഴക്കാലപൂര്‍വ ശുചീകരണത്തിന്റെയും ആരോഗ്യസരക്ഷയൊരുക്കുന്നതിന്റെയും ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികളുടെ തൊഴിലിടങ്ങളില്‍ ജില്ലാ ലേബര്‍ ഓഫിസര്‍ കണ്‍വീനറായി രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സ് പരിശോധന ആരംഭിച്ചു. മാനന്തവാടി താലൂക്കില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ കെ കെ വിനയന്റെ നേതൃത്വത്തില്‍ ഇന്നലെ പേരിയ പീക്ക് എസ്‌റ്റേറ്റിലും തൊഴിലാളികളുടെ താമസസ്ഥലത്തും പരിശോധന നടത്തി. തൊഴിലാളികളുടെ ആരോഗ്യത്തെക്കുറിച്ചും, പ്രത്യേകിച്ച് പകര്‍ച്ചവ്യാധിയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ളവരാണോയെന്നും ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ പരിശോധിച്ചു. ആരോഗ്യവകുപ്പ് പ്രതിനിധികള്‍ ഘട്ടംഘട്ടമായി ഇതര സംസ്ഥാന തൊഴിലാളികളുടെ രക്തസാംപിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിവരുന്നുണ്ട്. കൂടാതെ ഇവരുടെ താമസസ്ഥലത്തെ ശുചിത്വവും ഭക്ഷണവുമായി ബന്ധപ്പെട്ട ശുചിത്വം, കക്കൂസ്, ശുചിമുറി എന്നിവടങ്ങളിലെ ശുചിത്വം മുതലായവയും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. എന്തെങ്കിലും തരത്തില്‍ ശുചികരമല്ലാത്ത സാഹചര്യം പരിശോധനയില്‍ ബോധ്യപ്പെട്ടാല്‍ തൊഴിലുടമയ്ക്ക് നോട്ടീസ് നല്‍കിയ ശേഷം ശിക്ഷാനടപടികള്‍ സ്വീകരിക്കാനും ടാസ്‌ക് ഫോഴ്‌സിന് അധികാരമുണ്ട്. പേരിയ പീക്ക് എസ്‌റ്റേറ്റില്‍ നാല്‍പതോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികളുള്ളതില്‍ ഇരുപത്താറോളം പേരെ ഇന്നലെ പരിശോധിച്ചു. അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ കെ കെ വിനയനോടൊപ്പം പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി രാഘവന്‍, പേരിയ പിഎച്ച്‌സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലീല, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജന്‍ പങ്കെടുത്തു. വരുംദിനങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ അധിവസിക്കുന്ന മറ്റിടങ്ങളിലും സംഘം പരിശോധന നടത്തും.
Next Story

RELATED STORIES

Share it