ഇതര സംസ്ഥാന കുട്ടികളെ ജൂണ്‍ ഒന്നിന് ഹാജരാക്കണം: ശിശുക്ഷേമ സമിതി

കൊച്ചി: ആലുവ ജനസേവാ ശിശുഭവനിലെ ഇതര സംസ്ഥാന സ്വദേശികളായ കുട്ടികളെ ഹാജരാക്കാന്‍ അധികൃതര്‍ക്കു ശിശുക്ഷേമ സമിതി നിര്‍ദേശം നല്‍കി.
ജൂണ്‍ ഒന്നിനകം ശിശുക്ഷേമ സമിതിക്കു മുന്നില്‍ ഹാജരാക്കണമെന്നു കാണിച്ചാണ് ജനസേവാ അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ശിശുഭവനിലെ അന്തേവാസികളായ ഇതര സംസ്ഥാനത്തു നിന്നുള്ള 50 കുട്ടികളെ കാണാനില്ലെന്ന് ശിശുക്ഷേമ സമിതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടികളെ ഉടന്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതി നോട്ടീസ് നല്‍കിയിരിക്കുന്നത്.
ജൂണ്‍ ഒന്നിന് കുട്ടികളെ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരാക്കിയില്ലെങ്കില്‍ ചെയര്‍മാന്‍ ജോസ് മാവേലി അടക്കമുള്ളവര്‍ക്കെതിരേ മനുഷ്യക്കടത്തിനു കേസെടുക്കുമെന്നും നോട്ടീസില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ശിശുക്ഷേമ സമിതിയുടെ നടപടി ചോദ്യംചെയ്ത് ജനസേവാ ശിശുഭവന്‍ രംഗത്തെത്തി.
കാണാതായെന്നു പറയുന്ന 50 കുട്ടികളില്‍ 25 പേരെ നേരത്തെ ശിശുക്ഷേമ സമിതി മറ്റ് കേന്ദ്രങ്ങളിലേക്കു മാറ്റിയതായി ഇവര്‍ പറയുന്നു. ശേഷിക്കുന്ന 25 കുട്ടികളെ പറഞ്ഞ സമയത്ത് ഹാജരാക്കുമെന്നും ജനസേവാ അധികൃതര്‍ വ്യക്തമാക്കി. ഇതിനിടയില്‍ ജനസേവാ ശിശുഭവന്‍ ഏറ്റെടുക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ജോസ് മാവേലിയും കൂട്ടരും സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ശിശുഭവന്‍ ഏറ്റെടുക്കാന്‍ മതിയായ കാരണങ്ങളില്ലെന്നും സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
Next Story

RELATED STORIES

Share it