kozhikode local

ഇതര സംസ്ഥാന കുട്ടികളുമായി ബൈരായ്കുളം ഗവ.എല്‍പി

പി  അംബിക

കോഴിക്കോട്:  നഗരത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളാണിന്ന് ബൈരായ്കുളം ഗവ.എല്‍പി. 15 കുട്ടികളാണ് ഈ സ്‌കൂളില്‍ ആകെ പഠിതാക്കളായി ഉള്ളത്. ഇത് കേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നുമെങ്കിലും നാലും അഞ്ചും കുട്ടികളുണ്ടായിരുന്നിടത്തു നിന്ന് 15ല്‍ എത്തിയതുതന്നെ വലിയകാര്യമാണെന്നു പറയേണ്ടിവരും. പ്രാധാനാധ്യാപിക ഉള്‍പ്പെടെ നാല് അധ്യാപകരും ഇവര്‍ക്കൊപ്പമുണ്ട്. വീട്ടില്‍ നിന്ന് വംഗഭാഷ കേട്ട് ശീലിച്ച് ഒന്നാം ക്ലാസിലെത്തുന്ന കുഞ്ഞുങ്ങളോട് മുറി ഹിന്ദിയും ആംഗ്യവുമായി അക്ഷരം പഠിപ്പിക്കുന്നത് ഏറെ വിഷമമേറിയ കാര്യമാണ്. എന്നാല്‍ ആറുമാസമാവുമ്പോഴേക്കും മലയാളം കേട്ടാല്‍ മനസ്സിലാവുന്ന അവസ്ഥയിലേക്കും രണ്ടാംക്ലാസിലെത്തുമ്പോള്‍ മലയാളം അത്യാവശ്യം സംസാരിക്കുന്നതിനും കുട്ടികള്‍ ശേഷി നേടും. നാലാംക്ലാസ് കഴിഞ്ഞ് പുറത്തുപോവുന്ന വിദ്യാര്‍ഥി മലയാളം വായിക്കാനും എഴുതാനും ശേഷി നേടാറുണ്ടെന്നും പ്രധാനാധ്യാപകന്റെ താല്‍ക്കാലിക ചുമതല വഹിക്കുന്ന ജെയ്‌സണ്‍ പറയുന്നു. സര്‍ക്കാര്‍ സ്‌കൂള്‍ ആണെങ്കിലും പഠിക്കുന്ന കുട്ടികളുടെ എണ്ണം വളരെ കുറവാണെന്നതിനാല്‍ സര്‍ക്കാരില്‍ നിന്ന് വലിയ പരിഗണനയൊന്നും ഈ സ്‌കൂളിന് ലഭിക്കുന്നില്ല.
നിപാ ഭയത്താല്‍ എല്ലാവരും നാട്ടിലേക്ക് പോയതാണ്. തിരിച്ചെത്തുന്നതേയുള്ളൂ. നഗരത്തില്‍ ഒരു കിലോമീറ്റര്‍ പരിധിയില്‍ ആറോളം സ്‌കൂളുകള്‍ ഉള്ളതും വ്യവസായ മേഖലയാണെന്നതിനാല്‍ പരിസരത്ത് താമസക്കാരില്ലാത്തതും വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവുവരാന്‍ കാരണം. ഇന്നെത്തുന്ന നവാഗതര്‍ക്ക് ബാഗും പഠന സാമഗ്രികളും അധ്യാപകര്‍തന്നെ പണം സ്വരൂപിച്ച് നല്‍കും.
മാത്രമല്ല, മറ്റ് കുട്ടികള്‍ക്ക് ബാഗ് ഒഴിച്ചുള്ള പഠനോപകരണങ്ങളും നല്‍കും. പിറകുവശത്ത് റോഡിനോട് ചേര്‍ന്നുള്ള മതില്‍ പൊളിഞ്ഞിട്ട് മൂന്നുമാസം കഴിഞ്ഞെങ്കിലും ഇതുവരെ ശരിയാക്കിട്ടില്ല. അത് ഉടന്‍തന്നെ ശറിയാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും കോഴിക്കോട് നഗരത്തിലെ ഈ ബംഗാളി സ്‌കൂള്‍ ഒരു കിലോ മീറ്റര്‍ പരിധിയിലുള്ള മറ്റ് സ്‌കൂളുകളില്‍ നിന്നും എല്ലാനിലയിലും വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്.
Next Story

RELATED STORIES

Share it