ഇതര സംസ്ഥാനക്കാര്‍ക്കെതിരേ അക്രമം: അരലക്ഷത്തിലധികം പേര്‍ ഗുജറാത്ത് വിട്

ടുന്യൂഡല്‍ഹി: ഗുജറാത്തില്‍ അന്യസംസ്ഥാനക്കാര്‍ക്കെതിരായ അക്രമത്തെത്തുടര്‍ന്നുള്ള പലായനം തുടരുന്നു. ഇതിനകം അരലക്ഷത്തിലധികം പേര്‍ സംസ്ഥാനം വിട്ടതായി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായി. 14 മാസം പ്രായമായ പെണ്‍കുട്ടി കഴിഞ്ഞമാസം 28ന് ബലാല്‍സംഗത്തിന് ഇരയായതിനെ തുടര്‍ന്നാണ് ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കെതിരേ വ്യാപകമായ അക്രമം തുടങ്ങിയത്. സംഭവത്തില്‍ ബിഹാര്‍ സ്വദേശി അറസ്റ്റിലായി.
അക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഗുജറാത്ത് സര്‍ക്കാര്‍ ബിഹാര്‍ സ്വദേശികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. മോദി ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുകയാണ്. ഈ സംസ്ഥാനങ്ങളിലേക്ക് മോദിക്ക് വോട്ടു ചോദിച്ചു പോകാനുള്ളതാണ്. ഉത്തര്‍പ്രദേശിലെ വരാണസിയാണ് മോദിയുടെ മണ്ഡലം. മോദിയുടെ സ്വന്തം നാട്ടിലാണ് ഹിന്ദി സംസാരിക്കുന്നവര്‍ക്കെതിരേ ആക്രമണം നടക്കുന്നതെന്നും നിരുപം പറഞ്ഞു.
അക്രമവുമായി ബന്ധപ്പെട്ട് 35 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഗുജറാത്ത് ആഭ്യന്തരമന്ത്രി പ്രദീപ്‌സിങ് ജഡേജ പറഞ്ഞു. തങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് എല്ലാ സംഭവങ്ങളെക്കുറിച്ചും റിപോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ടെന്നും ജഡേജ പറഞ്ഞു. ജനങ്ങള്‍ പേടിക്കേണ്ടതില്ലെന്നും അക്രമികള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ച വഡോദരയിലെ വഗോഡിയയില്‍ ഫാക്ടറിക്കു നേരെ അക്രമമുണ്ടായി. അഞ്ചു ഫാക്ടറി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കേസില്‍ 16 പേരെ അറസ്റ്റ് ചെയ്തു. ഗിര്‍ സോമനാഥിലെ അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഒരു ഫാക്ടറി നാട്ടുകാര്‍ അടപ്പിച്ചു. അഹ്മദാബാദ് പോലുള്ള നഗരങ്ങളില്‍ അക്രമത്തിന് കുറവുണ്ടായിട്ടുണ്ടെങ്കിലും ഗ്രാമങ്ങളില്‍ തുടരുന്നുണ്ട്.
മെഹ്‌സാനയില്‍ 70 ശതമാനം തൊഴിലാളികളും സംസ്ഥാനം വിട്ടതായി ഗുജറാത്തിലെ കുടിയേറ്റ തൊഴിലാളികളുടെ സംഘടനയായ ഉത്തര്‍ ഭാരതീയ വികാസ് പരിഷത്ത് പ്രസിഡന്റ് ശ്യാംസിങ് ഠാക്കൂര്‍ പറഞ്ഞു. ഇത് വ്യവസായ മേഖലയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആഘോഷസമയമായതുകൊണ്ട് അതില്‍ പങ്കെടുക്കാനാണ് അന്യസംസ്ഥാന തൊഴിലാളികള്‍ പോകുന്നതെന്നാണ് ഗുജറാത്ത് ഡിജിപി ശിവാനന്ദ് ഝായുടെ വിശദീകരണം.
Next Story

RELATED STORIES

Share it