Kollam Local

ഇതര സംസ്ഥാനക്കാര്‍ക്കുള്ള സാക്ഷരതാ പരിപാടിക്ക് തുടക്കം



കൊല്ലം: വലതു കൈയുടെ ചൂണ്ടുവിരല്‍ പിടിച്ച് അരി നിറച്ച താലത്തില്‍ മന്ത്രി ഹരിശ്രീ കുറിപ്പിച്ചപ്പോള്‍ കേരളപുരത്തെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശുകാരന്‍ ലക്ഷ്മണപ്രഭുവിന്റെ മുഖത്ത് ആഹ്ലാദത്തിന്റെ തിരയിളക്കം.  പിന്നാലെ ബീഹാറുകാരന്‍ നാഗേന്ദ്രകുമാറിനെയും ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ മലയാളം അക്ഷരങ്ങളുടെ ലോകത്തേക്ക് നയിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി സാക്ഷരതാ മിഷന്‍ നടത്തുന്ന സാക്ഷരതാ പദ്ധതിയായ ചങ്ങാതിയുടെ ജില്ലാതല ഉദ്ഘാടനമായിരുന്നു വേദി. പെരിനാട് ഗ്രാമപ്പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ഇവര്‍ ഉള്‍പ്പെടെ 36 ഇതര സംസ്ഥാനത്തൊഴിലാളികള്‍ ആദ്യാക്ഷരം കുറിച്ചു. മലയാളം പഠിക്കുന്നതിലൂടെ ഇവിടുത്തെ ജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്നതിനുള്ള അവസരമാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഈ പദ്ധതിയുടെ ഭാഗമാകുന്നവരുടെ സേവനം പ്രയോജനപ്പെടുത്തി ഇവിടെയുള്ള കൂടുതല്‍ ഇതരസംസ്ഥാനത്തൊഴിലാളികളെ മലയാള ഭാഷയില്‍ സാക്ഷരരാക്കാന്‍ നമുക്കാകണമെന്ന് മന്ത്രി പറഞ്ഞു.ജില്ലാ സാക്ഷരതാ മിഷനും പെരിനാട് ഗ്രാമപ്പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെ അനില്‍ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജെ വിജയമ്മ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സന്തോഷ്, റിസോഴ്‌സ് പേഴ്‌സണ്‍, രാമാനുജന്‍ തമ്പിതമ്പി, കവിത, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി പ്രസന്നകുമാര്‍, വി മനോജ്, വി എസ് ഗോപകുമാര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ് പി ഹരിഹരനുണ്ണിത്താന്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ പി മുരുകദാസ് സംസാരിച്ചു. ചടങ്ങിനുശേഷം ഇതര സംസ്ഥാന തൊഴിലാളികളുടെ കലാപരിപാടികളും നടന്നു.ചങ്ങാതി എന്ന കോഴ്‌സിന്റെ ദൈര്‍ഘ്യം നാലു മാസമാണ്. ഇതോടനുബന്ധിച്ച് ശുചിത്വം, അരോഗ്യം, നിയമം എന്നിയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും. വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ളവരുടെ സേവനം കോഴ്‌സിനായി പ്രയോജനപ്പെടുത്തുന്നുണ്ട്.
Next Story

RELATED STORIES

Share it