ഇതര സംസ്ഥാനക്കാരെ ആക്രമിച്ച് മോഷണം നടത്തുന്ന സംഘം പിടിയില്‍

കൊച്ചി: ഇതര സംസ്ഥാനക്കാരെയും രാത്രി കാലങ്ങളില്‍ ഹിജഡകളുമായി കൂട്ടുകൂടാന്‍ എത്തുന്നവരെയും ആക്രമിച്ച് പണവും മൊബൈലും കവര്‍ച്ച ചെയ്യുന്ന വിദ്യാര്‍ഥി ഉള്‍പ്പെടെയുള്ള സംഘത്തെ എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തു. രാത്രി വളരെ വൈകി നഗരത്തില്‍ വിവിധ ഭാഗങ്ങളിലൂടെ നടന്നു പോവുന്ന ഇതര സംസ്ഥാനക്കാരാണ് ഈ സംഘത്തിന്റെ മുഖ്യ ഇരകളെന്ന് അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ കെ വി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നടന്നു പോവുന്നവരെയും ഹോട്ടലുകളില്‍ നിന്ന് ഇറങ്ങുന്നവരെയും ബൈക്കില്‍ പിന്തുടര്‍ന്ന് അടിച്ച് വീഴ്ത്തിയാണ് പണം കവരുന്നത്.
ഇടക്കൊച്ചി സ്വദേശി വിനു(19), പള്ളുരുത്തി സ്വദേശി നഹാസ്(20), ചേര്‍ത്തല സ്വദേശി അഗ്‌നേശ്വര്‍ (19), തോപ്പുംപടി സ്വദേശി ജന്‍സന്‍ (20), ചേര്‍ത്തല സ്വദേശി കുമാര്‍(19) എന്നിവരാണ് പിടിയിലായത്. ഇവര്‍ നഗരത്തിലെ പ്രമുഖ കോളജ് ഹോസ്റ്റലില്‍ തങ്ങിയാണ് രാത്രി കാലങ്ങളില്‍ പിടിച്ചുപറി നടത്തി വന്നിരുന്നത്. മോഷണത്തിന് ഇരയാവുന്നവരില്‍ കൂടുതലും ഇതര സംസ്ഥാനക്കാരായതിനാല്‍ പലരും പോലിസില്‍ പരാതി നല്‍കാന്‍ തയ്യാറാവില്ലെന്നതാണ് സംഘത്തിന് ഇത്രയും കാലം സഹായകമായത്.
വളഞ്ഞമ്പലം, സൗത്ത്, മറൈന്‍ ഡ്രൈവ് തുടങ്ങിയ ഭാഗങ്ങളില്‍ രാത്രി കാലങ്ങളില്‍ എത്തിച്ചേരുന്ന ഹിജഡകളുമായി കൂട്ടുകൂടാന്‍ എത്തുന്ന യുവാക്കളും സംഘത്തിന്റെ ഇരകളാണ്. ഇത്തരക്കാരെ ആക്രമിച്ചാലും മാനനഷ്ടമോര്‍ത്ത് അക്രമത്തിന് ഇരയായവര്‍ പരാതി നല്‍കാന്‍ സമീപിക്കാറില്ലെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. അക്രമത്തിന് ഇരയായ ഒരു ഇതര സംസ്ഥാനക്കാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായതും കൂടുതല്‍ ആക്രമണക്കേസുകള്‍ പുറത്ത് വരുന്നതും.
സമാനമായ നിരവധി കേസുകള്‍ നഗരത്തില്‍ മുമ്പ് നടന്നിട്ടുണ്ട്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്ത് വരുന്നതായി പോലിസ് പറഞ്ഞു. കഴിഞ്ഞ മെയ് 31ന് പുലര്‍ച്ചെ പ്രൊവിഡന്‍സ് റോഡില്‍ വച്ച് പ്രതികള്‍ ഉത്തരാഖണ്ഡ് സ്വദേശി മുകേശ് എന്നയാളെ വടികൊണ്ട് അടിച്ച് വീഴ്ത്തി 13,500 രൂപ വില വരുന്ന മൊബൈലും 530 രൂപയും എടിഎം കാര്‍ഡും കവര്‍ന്നു. മെയ് 18ന് എറണാകുളം ചിറ്റൂര്‍ റോഡില്‍ വച്ച് നടന്നു പോവുകയായിരുന്ന ഇതര സംസ്ഥാനക്കാരനായ ഹോട്ടല്‍ ജീവനക്കാരനെ തടഞ്ഞ് നിര്‍ത്തി പോക്കറ്റില്‍ നിന്നും 900 രൂപ പിടിച്ചു പറിച്ചു. ഇയാളുടെ മൊബൈലും കവര്‍ച്ചാസംഘം അടിച്ചുമാറ്റി. മെയ് 29ന് രാത്രി കോമ്പാറ ജങ്ഷനില്‍ കൂടി നടന്നു പോവുകയായിരുന്ന മൂന്ന് പേരെ ബൈക്കില്‍ പിന്തുടര്‍ന്ന് അടിച്ച് വീഴ്ത്തി മൊബൈലും 7000 രൂപയും കവര്‍ന്നതായും അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it