Flash News

ഇതര മതസ്ഥനെ പ്രണയിച്ചതിന് ആര്‍എസ്എസ് തടങ്കല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല

പി എച്ച്  അഫ്‌സല്‍
തൃശൂര്‍: ഇതര മതസ്ഥനെ പ്രണയിച്ചതിന് ആര്‍എസ്എസ് കേന്ദ്രത്തില്‍ തടവിലാക്കപ്പെട്ട യുവതി ഒന്നരവര്‍ഷം മുമ്പ്് മുഖ്യമന്ത്രി പിണറായി വിജയന് ആറ് പേജുള്ള പരാതി അയച്ചിട്ടും നടപടിയുണ്ടായില്ലെന്ന് വെളിപ്പെടുത്തല്‍. പോലിസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നും യുവതിയും ബന്ധുക്കളും പറഞ്ഞു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള മായന്നൂരിലെ തണല്‍ ബാലാശ്രമത്തില്‍നിന്നാണ് അഞ്ജലി ആറു പേജുള്ള പരാതി അയച്ചത്. പീഡനവിവരങ്ങള്‍ വിശദമായി രേഖപ്പെടുത്തിയ കത്തില്‍, താന്‍ വധഭീഷണി നേരിടുന്നതായും വ്യക്തമാക്കിയിരുന്നു. പരാതിയി ല്‍ നടപടിയില്ലാതായതോടെ 2017 ഫെബ്രുവരി 13ന് അഞ്ജലിയുടെ അമ്മായി കാര്‍ത്യായനിയും മുഖ്യമന്ത്രിക്ക് പരാതി അയച്ചു. പരാതിയില്‍ തീരുമാനമെടുക്കാമെന്നറിയിച്ച് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് മറുപടിയും ലഭിച്ചു. എന്നാല്‍, യാതൊരു നടപടിയും ഉണ്ടായില്ലെന്ന് കാര്‍ത്യായനി പറഞ്ഞു.
താന്‍ അനുഭവിച്ച പീഡനങ്ങളെല്ലാം അഞ്ജലി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്. കത്തിലെ പ്രസക്തഭാഗങ്ങള്‍: അച്ഛന്‍ മരിച്ച ശേഷമാണ് മനാസിനോട് അടുക്കുന്നത്. പഠനത്തിന് സഹായിച്ചത് മനാസാണ്. ബികോം കഴിഞ്ഞ് പ്രഫഷനല്‍ അക്കൗണ്ടിങ് പഠിക്കാന്‍ ചേര്‍ന്നു. മനാസിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. മനാസ് കോഴിക്കട നടത്തുകയാണ്. ഒരു അറവുകാരനാണ്, ഇറച്ചിവെട്ടാണ്, ഐഎസുകാരനാണ് എന്നൊക്കെ അവനെപ്പറ്റി മോശമായി പറയുമായിരുന്നു. മനാസുമായി രജിസ്റ്റര്‍ വിവാഹം നടത്താന്‍ തീരുമാനിച്ചതോടെ തന്റെ സ്‌കൂള്‍, കോളജ് സര്‍ട്ടിഫിക്കറ്റുകളടക്കം എല്ലാ രേഖകളും അമ്മ നിര്‍ബന്ധപൂര്‍വം കൈക്കലാക്കി അമ്മാവന്‍മാരുടെ സഹായത്തോടെ ബലംപ്രയോഗിച്ച് കുന്നംകുളം കാണിപ്പയ്യൂരുള്ള യൂനിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് അഞ്ജലി കത്തില്‍ പറയുന്നു. അമ്മാവന്‍മാരായ നരോത്തമന്‍, വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് തന്റെ വായ് തോര്‍ത്തുകൊണ്ട് വലിച്ചുകെട്ടി, കഴുത്തില്‍ കത്തിവച്ച് ശ്വാസംമുട്ടിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. മുഖത്തും ശരീരഭാഗങ്ങളിലും മുറിവേല്‍പ്പിച്ചു. തുടര്‍ന്ന് തൃശൂരിലെ അശ്വനി ആശുപത്രിയിലെത്തിച്ച് സെമി ഐസിയുവില്‍ അഡ്മിറ്റ് ചെയ്തു. അവിടെ സമീപത്തു കിടന്ന സ്ത്രീയുടെ സഹായത്തോടെ മനാസിനെ വിവരം അറിയിച്ചെങ്കിലും മനാസ് എത്തുന്നതിനു മുമ്പ് തന്നെ മരുന്നു തന്നു മയക്കി എറണാകുളം അമൃതാ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയുടെ പിറകിലെ ഗേറ്റിലൂടെ വിഎച്ച്പി പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് അമൃതയിലേക്കു കൊണ്ടുപോയത്. എന്‍ ദിനേശ് എന്ന ഡോക്ടറുടെ ചികില്‍സയിലാണ് അവിടെ കഴിഞ്ഞത്. തനിക്ക് മനോരോഗമുണ്ടെന്ന് വരുത്തിത്തീര്‍ക്കലായിരുന്നു ലക്ഷ്യം. 45 ദിവസത്തോളം അവിടെ കിടത്തി. രണ്ടാഴ്ചയോളം മരുന്നു നല്‍കി ബോധംകെടുത്തിയിട്ടു. ഒരുനേരം 10 ഗുളികയോളം എന്നെ കഴിപ്പിച്ചിരുന്നു. മരുന്നിന്റെ പാര്‍ശ്വഫലംകൊണ്ട് ശരീരമൊക്കെ തടിച്ചുവീര്‍ത്തു. മൂത്രമോ മലമോ പോവാതായി. പിന്നെപ്പിന്നെ ആളുകളെ കണ്ടാല്‍ തിരിച്ചറിയാന്‍ സമയമെടുക്കുന്നപോലെയായി. മുടിയെല്ലാം കൊഴിഞ്ഞു.
ഇതിനെല്ലാം വിഎച്ച്പി പ്രവര്‍ത്തകരുടെ സഹായമുണ്ടായിരുന്നു. പിന്നീട് മനാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു. അപ്പോള്‍ താന്‍ മനോരോഗിയാണെന്നും ചികില്‍സയിലാണെന്നുമുള്ള കത്ത് അമൃത ആശുപത്രി മുഖേന കോടതിയില്‍ ഹാജരാക്കി. തനിക്ക് ഓര്‍മ വന്നാല്‍ അപ്പോള്‍ മരുന്ന് കുത്തിവച്ച് മയക്കിക്കിടത്തുകയായിരുന്നു. മൂന്നുതവണ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തിട്ടും ആശുപത്രിയിലാണെന്ന കാരണം പറഞ്ഞ് കോടതിയില്‍ ഹാജരാക്കിയില്ല. മരുന്ന് നല്‍കിയിരുന്നതിനാല്‍ തനിക്ക് നടക്കാനോ ആളുകളെ തിരിച്ചറിയാനോ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് എന്നെ പാവകുളത്തെ വിഎച്ച്പിയുടെ സ്ഥാപനത്തില്‍ കൊണ്ടുപോയി. നാലഞ്ചുപേര്‍ ഒരു റൂമില്‍ കൊണ്ടുപോയി ഇരുത്തി സംസാരിച്ചു. മുസ്്‌ലിമായതുകൊണ്ട് മനാസിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. അമ്മ അതിന് അനുകൂലമായിരുന്നു. പിന്നീട് മായന്നൂരിലുള്ള ആര്‍എസ്എസ് കേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ചു. ഇതിനിടെ മനാസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിജിപി ഓഫിസില്‍നിന്നുള്ള നിര്‍ദേശപ്രകാരം മൂന്നുപേര്‍ തന്നെ അന്വേഷിച്ചു വന്നു. തന്റെ മൊഴിയെടുത്തു പോയി. എന്നാല്‍, യാതൊരു നടപടിയും ഉണ്ടായില്ലെന്ന് അഞ്ജലി പറയുന്നു. മായന്നൂരിലെ ബാലാശ്രമത്തില്‍ നിന്ന് പിന്നീട് അഞ്ജലിയെ മംഗലാപുരത്തെത്തിച്ചു. ഒന്നരവര്‍ഷത്തോളം അവിടെയും ക്രൂരമായി പീഡിപ്പിച്ചു. മംഗലാപുരത്തേക്ക് കൊണ്ടുപോവുന്നതിനു മുമ്പ് തനിക്കേറ്റ പീഡനങ്ങള്‍ വിശദമാക്കി ആറ് പേജുള്ള പരാതി മുഖ്യമന്ത്രിക്ക് അയച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് അഞ്ജലി പറഞ്ഞു.
ഈ വിവരങ്ങളൊക്കെ പറഞ്ഞ് ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് മോചിതയായ ശേഷം ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. കേസ് കേരളത്തിലേക്കു മാറ്റിയിട്ടില്ലെന്നു പറഞ്ഞ് പരാതി സ്വീകരിച്ചില്ല. അമ്മയുടെ സഹോദരന്‍ രഘുനന്ദനും അമ്മായി കാര്‍ത്യായനിക്കും കൂടെയാണ് അഞ്ജലി ഇപ്പോള്‍ താമസിക്കുന്നത്. ബലാല്‍സംഗശ്രമം ഉള്‍പ്പെടെ ഇത്രയേറെ പീഡനങ്ങള്‍ക്കിരയായിട്ടും തന്റെ പരാതിപോലും പോലിസ് എന്തുകൊണ്ട് സ്വീകരിക്കുന്നില്ലെന്ന് അഞ്ജലി ചോദിക്കുന്നു. മംഗലാപുരത്തു നിന്ന് രണ്ടുദിവസത്തിനുള്ളില്‍ കേസ് ഗുരുവായൂര്‍ സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമെന്ന് അറിയിച്ച് രണ്ടാഴ്ചയായിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. തന്നെ പീഡിപ്പിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് അഞ്ജലി പറഞ്ഞു.
Next Story

RELATED STORIES

Share it