Flash News

ഇതര മതസ്ഥനെ പ്രണയിച്ചതിന് ആര്‍എസ്എസ് തടങ്കല്‍ അമ്മയ്ക്കും ഡോക്ടര്‍ക്കുമെതിരേ കേസെടുക്കാന്‍ ഉത്തരവ്

തൃശൂര്‍: ഇതര മതസ്ഥനായ യുവാവിനെ പ്രണയിച്ചതിനു യുവതിയെ രണ്ടു വര്‍ഷത്തോളം ആര്‍എസ്എസ് തടങ്കലില്‍ പാര്‍പ്പിച്ച സംഭവത്തില്‍ യുവതിയുടെ അമ്മ വിനീത, അമൃത ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗം അഡീഷനല്‍ പ്രഫസര്‍ ഡോ. എന്‍ ദിനേശന്‍ എന്നിവര്‍ ഉള്‍പ്പെടെ 24 പേര്‍ക്കെതിരേ കേസെടുത്ത് അന്വേഷിക്കാന്‍ ചാവക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്. തൃശൂര്‍ അരിയന്നൂര്‍ സ്വദേശിനി അഞ്ജലി സമര്‍പ്പിച്ച സ്വകാര്യ അന്യായത്തെ തുടര്‍ന്നാണ് നടപടി.
പ്രതികള്‍ക്കെതിരേ വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടത്. നേരത്തേ കേരള ഡിജിപി, ഗുരുവായൂര്‍ സിഐ എന്നിവര്‍ക്ക് അഞ്ജലി പരാതി നല്‍കിയിരുന്നു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പരാതി തള്ളിയതോടെയാണ് അഞ്ജലി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. അഞ്ജലിയുടെ അമ്മ വിനീത, അമ്മാവന്‍മാരായ നരോത്തമന്‍, വേണുഗോപാല്‍, അനിത, ഡോ. എന്‍ ദിനേശന്‍, അനില്‍, ആനന്ദ്, സുജിത്ത്, സ്മിത ഭട്ട്, ബിന്ദു, ഉദയന്‍, ഷിജു, പുരുഷോത്തമന്‍, ദേവദാസ്, കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരേയുമാണ് കേസെടുത്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്.
മംഗലാപുരം അടക്കം ആറോളം ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ തടവില്‍ കഴിഞ്ഞ അഞ്ജലി മെയ് 7നാണ് മോചിതയായത്. തുടര്‍ന്ന് കോടതി നിര്‍ദേശത്തെ തുടര്‍ന്ന് മംഗലാപുരത്തെ മഹിളാമന്ദിരത്തിലേക്ക് മാറ്റി. ഇവിടെ നിന്നു കഴിഞ്ഞ 24നാണ് കേരളത്തിലെത്തിച്ചത്. അഞ്ജലിയുടെ അമ്മാവന്‍ രഘുനന്ദനും അമ്മായി കാര്‍ത്യായനിയും എന്‍സിഎച്ച്ആര്‍ഒയുടെ സഹായത്തോടെ നടത്തിയ ഇടപെടലാണ് ഇവരെ കേരളത്തിലെത്താന്‍ സഹായിച്ചത്.
മെയ് 4നാണ് തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുന്നതായി വെളിപ്പെടുത്തി മുഖ്യമന്ത്രിക്കും ഡിജിപിക്കും അച്ഛന്റെ ബന്ധുക്കള്‍ക്കും അഞ്ജലി വീഡിയോ സന്ദേശം അയച്ചത്. ഇതര മതസ്ഥനായ യുവാവിനെ പ്രണയിച്ചതിന് ഒന്നര വര്‍ഷമായി ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ നിയന്ത്രണത്തില്‍ വീട്ടുകാര്‍ പലയിടത്തായി തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുന്നു എന്നായിരുന്നു യുവതിയുടെ വീഡിയോ സന്ദേശം.
അച്ഛന്റെ പരിചയക്കാരനുമായുള്ള പ്രണയത്തെ അച്ഛന്റെ മരണത്തോടെയാണ് വീട്ടുകാര്‍ എതിര്‍ത്തത്. വീട്ടിലറിഞ്ഞതോടെ ആദ്യം തൃശൂരിലെ ഒരു രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. പിന്നീട് അമൃത ആശുപത്രിയില്‍ നിന്ന് മനോരോഗിയെന്ന് സര്‍ട്ടിഫിക്കറ്റുണ്ടാക്കി. 45 ദിവസം ഡോ. എന്‍ ദിനേശന്റെ നേതൃത്വത്തില്‍ മരുന്നുകള്‍ കുത്തിവച്ച് തന്നെ അമൃത ആശുപത്രിയില്‍ മയക്കിക്കിടത്തിയതായി യുവതി പരാതിയില്‍ പറയുന്നു. പീന്നീട് വിവിധയിടങ്ങളിലെ രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു.
Next Story

RELATED STORIES

Share it