kozhikode local

ഇതരസംസ്ഥാന തൊഴിലാളികള്‍: മതിയായ സൗകര്യങ്ങളില്ലാതെ പാര്‍പ്പിച്ചാല്‍ നടപടി

കോഴിക്കോട്: വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ അനധികൃതമായി താമസിക്കുന്ന സംഭവങ്ങളില്‍ കെട്ടിട ഉടമകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ വികസന സമിതി യോഗം നിര്‍ദേശം നല്‍കി. ആവശ്യത്തിന് ശുചിമുറികളോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത ഇവിടങ്ങളില്‍ നിന്നുള്ള മനുഷ്യ വിസര്‍ജ്യമടക്കമുള്ള മാലിന്യങ്ങള്‍ തൊഴിലാളികളിലും പരിസരങ്ങളിലെ സ്‌കൂള്‍ കുട്ടികളുള്‍പ്പെടെയുള്ളവരിലും രോഗം പരത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്. മുറികളിലെയും കെട്ടിടങ്ങളിലെയും സൗകര്യങ്ങള്‍ക്ക് താങ്ങാവുന്നതിലധികം തൊഴിലാളികളെ താമസിപ്പിക്കുന്നവര്‍ക്കെതിരേയാണ് പഞ്ചായത്തീരാജ് ആക്ട് പ്രകാരം നടപടിയെടുക്കുക. ഇക്കാര്യം പരിശോധിക്കുന്നതിനായി രാത്രിസമയങ്ങളിലുള്‍പ്പെടെ ജനപ്രതിനിധികളുടെയും തദ്ദേശസ്ഥാപന അധികൃതരുടെയും നേതൃത്വത്തില്‍ പരിശോധന നടത്താനും യോഗം തീരുമാനിച്ചു.
ഇതിനു പുറമെ, ശുചിത്വ-രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇവരെക്കൂടി ഉള്‍പ്പെടുത്തുന്നതിനായി കോര്‍പറേഷനിലും മുനിസിപ്പാലിറ്റികളിലുമുള്‍പ്പെടെയുള്ള ഇതരസംസ്ഥാനത്തൊഴിലാളികളുടെ താമസകേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറാനും ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഇവിടങ്ങളില്‍ ഇതരസംസ്ഥാനക്കാര്‍ക്ക് മനസ്സിലാവുന്ന ഭാഷകളില്‍ ശുചിത്വനിര്‍ദേശങ്ങളടങ്ങിയ പോസ്റ്ററുകളും മറ്റും പതിക്കണം.
ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമാവുന്ന പശ്ചാത്തലത്തില്‍ കൊതുക് നിവാരണം ശക്തിപ്പെടുത്തുകയും ഭക്ഷണസാധനങ്ങളുടെയും പരിസരങ്ങളുടെയും വൃത്തിയുടെ കാര്യത്തില്‍ സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യണമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. കടലാക്രമണം, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. വിവിധ വകുപ്പുകളുടെ പദ്ധതി നിര്‍വഹണ പുരോഗതി യോഗം വിലയിരുത്തി. യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എംഎല്‍എമാരായ സി കെ നാണു, വി കെ സി മമ്മത് കോയ, ഡോ. എം കെ മുനീര്‍, ഇ കെ വിജയന്‍, കെ ദാസന്‍, ജോര്‍ജ് എം തോമസ്, പിടിഎ റഹീം, കാരാട്ട് റസാക്ക്, പാറക്കല്‍ അബ്ദുല്ല, സബ് കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it