ഇതരസംസ്ഥാന തൊഴിലാളികള്‍ പോലിസ് നിരീക്ഷണത്തില്‍; ലേബര്‍ ക്യാംപുകള്‍ കേന്ദ്രീകരിച്ച് കര്‍ശന പരിശോധന

എച്ച് സുധീര്‍

തിരുവനന്തപുരം: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനിയായ യുവതി അതിക്രൂരമായി കൊല്ലപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്തെ ഇതരസംസ്ഥാന തൊഴിലാളികളെ നിരീക്ഷണവലയത്തിലാക്കാനും ലേബര്‍ ക്യാംപുകളില്‍ പരിശോധന ശക്തമാക്കാനും നിര്‍ദേശം.
ജിഷയുടെ കൊലപാതകികള്‍ക്കായുള്ള അന്വേഷണം മലയാളികള്‍ക്കു പുറമെ, ഇതര സംസ്ഥാന തൊഴിലാളികളിലേക്കും നീങ്ങിയ സാഹചര്യത്തിലാണ് സംസ്ഥാനവ്യാപകമായി പരിശോധന വ്യാപിപ്പിക്കാന്‍ ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയത്. ഇതേത്തുടര്‍ന്ന് ഓരോ ജില്ലയിലേയും ലേബര്‍ ക്യാംപുകള്‍ കേന്ദ്രീകരിച്ച് പോലിസ് പരിശോധന കര്‍ശനമാക്കി. ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനൊപ്പം ഏതെങ്കിലും കേസുകളില്‍ പ്രതികളാണോയെന്നും പരിശോധിക്കുന്നുണ്ട്. ജിഷയുടെ കൊലപാതകിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രവും അന്വേഷണ സംഘത്തിന് നല്‍കി. ചിത്രത്തോട് സാമ്യമുള്ളവരേയും സംശയം തോന്നുന്നവരേയും കസ്റ്റ ഡിയിലെടുത്ത് ചോദ്യം ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബുധനാഴ്ച രാത്രി സംസ്ഥാനത്തുടനീളം ലേബര്‍ ക്യാംപുകള്‍ കേന്ദ്രീകരിച്ച് പോലിസ് പരിശോധന നടത്തി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉന്നത പോലിസ് വ്യത്തങ്ങള്‍ അറിയിച്ചു. ലേബര്‍ ക്യാംപുകള്‍ക്കു പുറമെ, തൊഴില്‍ശാലകള്‍, ബസ്സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കി.
അതിനിടെ, ഇതരസംസ്ഥാന തൊഴിലാളികളെന്ന വ്യാജേന ക്രിമിനല്‍ കുറ്റവാളികളും മോഷ്ടാക്കളും വ്യാപകമായി കേരളത്തിലേക്ക് എത്തുന്നതായി രഹസ്യാന്വേഷണ വിഭാഗവും നാഷനല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയും ആഭ്യന്തരവകുപ്പിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, ദിനംപ്രതി അതിക്രമങ്ങ ള്‍ വര്‍ധിക്കുമ്പോഴും ഇതരസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ സര്‍ക്കാരിന്റെ കൈവശമില്ലെന്നതും വലിയ സുരക്ഷാവീഴ്ചയാണ്. പോലിസ് സ്‌റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള മൈഗ്രന്റ് ലേബേഴ്‌സ് രജിസ്റ്ററിലെ കണക്കുകള്‍ പ്രകാരം 1,34,177 ഇതര സംസ്ഥാന തൊഴിലാളികള്‍ 2015 ഒക്ടോബര്‍ 30 വരെ സംസ്ഥാനത്ത് എത്തിയെന്നാണ് കണക്ക്. എന്നാല്‍, 2010ലെ കുടിയേറ്റ ക്ഷേമ പദ്ധതിപ്രകാരം കഴിഞ്ഞ ഫെബ്രുവരി വരെ കേവലം 52,422 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു മാത്രമാണ് രജിസ്‌ട്രേഷന്‍ നല്‍കിയിട്ടുള്ളത്. 2015ല്‍ ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനറിപോര്‍ട്ട് പ്രകാരം 25,00,000 അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ജോലി ചെയ്തുവരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇതര സംസ്ഥാന തൊഴിലാളിക ള്‍ പ്രതികളായ 1800ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം കേസുകള്‍- 660. തിരുവനന്തപുരം- 92, കൊല്ലം- 81, പത്തനംതിട്ട- 85, ആലപ്പുഴ- 78, കോട്ടയം- 88, ഇടുക്കി- 28, തൃശൂര്‍- 68, പാലക്കാട്- 34, മലപ്പുറം- 240, കോഴിക്കോട്- 132, വയനാട്- 5, കണ്ണൂര്‍- 57, കാസര്‍കോട്- 21 എന്നിങ്ങനെയാണ് അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍.
അതേസമയം, സംസ്ഥാനത്ത് സ്ത്രീപീഡന കേസുകളും വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് 61,000ലേറെ സ്ത്രീ പീഡന കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളുമായി ബന്ധപ്പെട്ട് 70,458 പേരെ അറസ്റ്റ് ചെയ്തുവെങ്കിലും 1563 പേരെ മാത്രമാണ് ശിക്ഷിച്ചിട്ടുള്ളത്. തിരുവനന്തപുരം (8217), തൃശൂര്‍ (6829), മലപ്പുറം (6381), കൊല്ലം (6182), എറണാകുളം (5381), കോഴിക്കോട് (5578) ജില്ലകളിലാണ് പീഡനത്തില്‍ മുന്‍നിരയില്‍.
Next Story

RELATED STORIES

Share it