ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങളില്ലാതെ അധികൃതര്‍

കൊച്ചി: കേരളത്തില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളില്‍ ഭൂരിഭാഗങ്ങളിലും ഇതര സംസ്ഥാനക്കാരാണെന്ന് വ്യക്തമാവുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികളുടെയും വിവരം ശേഖരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുന്നു.
തമിഴ്‌നാട്, അസം, ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ കൂടാതെ അയല്‍രാജ്യമായ ബംഗ്ലാദേശ് അടക്കമുള്ള സ്ഥലങ്ങളില്‍ നിന്നുള്ള ഒട്ടേറെ തൊഴിലാളികള്‍ കേരളത്തില്‍ ജോലി ചെയ്യുന്നുണ്ട്. കെട്ടിടനിര്‍മാണ മേഖലയിലാണ് ഇവരില്‍ ഏറെയും ജോലി ചെയ്യുന്നത്. ഇവരെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. കേരളത്തില്‍ ജോലി തേടിയെത്തുന്ന പലരും ഇത്തരം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജന്റുമാരുടെ പക്കല്‍ എത്തുന്നുണ്ടെങ്കിലും ഇങ്ങനെ വരുന്നവര്‍ ആരാണെന്ന് തിരക്കാറില്ലത്രെ. കൊടും ക്രിമിനലുകള്‍ വരെ ഇത്തരത്തില്‍ കേരളത്തിലേക്ക് എത്തുന്നുണ്ട് .
തൊഴില്‍ തേടിയെത്തുന്ന ഇതര സംസ്ഥാനക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ അടക്കം സമീപത്തെ പോലിസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്ന് നിര്‍ദേശം ഉണ്ടെങ്കിലും ഭൂരിഭാഗം ഏജന്റുമാരും തൊഴിലുമടകളും ഇത് പാലിക്കാറില്ലെന്നാണ് വിവരം. ഇതുകൊണ്ടു തന്നെ ഇത്തരത്തില്‍ എത്തുന്ന തൊഴിലാളികളിലാരെങ്കിലും എന്തെങ്കിലം വിധത്തിലുളള കുറ്റകൃത്യം ചെയ്തതിനുശേഷം രക്ഷപ്പെട്ടാല്‍ ഇവരെ കണ്ടെത്താന്‍ നന്നേ വിയര്‍ക്കേണ്ട അവസ്ഥയാണ് പോലിസിന്. ജിഷയുടെ കൊലപാതകിയെ കണ്ടെത്താന്‍ പോലിസിന് ഏറെ പണിപ്പെടേണ്ടി വന്നതും ഇത്തരത്തിലുള്ള സാഹചര്യം മൂലമായിരുന്നുവത്രെ.
ജിഷ കേസിലെ പ്രതിയായ അമീറുല്‍ ഇസ്‌ലാം ജിഷയെ കൊലപ്പെടുത്തിയ ശേഷം ഏപ്രില്‍ 28ന് പെരുമ്പാവൂരില്‍ നിന്നു രക്ഷപെട്ടിരുന്നുവെന്നും എന്നാല്‍ ഇവരെ താമസിപ്പിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ ഈ വിവരം കൃത്യമായി അന്വേഷണ സംഘത്തെ അറിയിച്ചിരുന്നില്ലെന്നുമാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. സംഭവത്തിനുശേഷം പ്രദേശത്ത് നിന്നു കാണാതായ ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരം അറിയിക്കണമെന്ന് പോലിസ് പെരുമ്പാവൂര്‍ മേഖലയിലെ തൊഴിലുടമകളോട് നിര്‍ദേശിച്ചിരുന്നതാണ്.
എന്നാല്‍, ഈ മാസം 11നാണ് അമീറുല്‍ താമസിച്ചിരുന്ന കെട്ടിട ഉടമ ഇത്തരത്തില്‍ ഒരാള്‍ മുങ്ങിയിട്ടുണ്ടെന്ന വിവരം അന്വേഷണ സംഘത്തെ അറിയിച്ചത്. അമീറിനെ കൊണ്ടുവന്നുവെന്നു പറയുന്ന ഏജന്റും ഈ വിവരം യഥാസമയം അന്വേഷണ സംഘത്തെ അറിയിച്ചില്ലെന്നാണ് പറയന്നത്. കൃത്യമായ വിവരം നേരത്തെ പോലിസിനെ അറിയിച്ചിരുന്നെങ്കില്‍ ഇതിനുമുമ്പേ പ്രതിയെ പിടികൂടാന്‍ കഴിയുമായിരുന്നുവെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ജിഷയുടെ കൊലപാതകം കൂടാതെ ഇതിനു മുമ്പും ഇതര സംസ്ഥാനതൊഴിലാളികള്‍ ഉള്‍പ്പെട്ട നിരവധി കേസുകള്‍ കേരളത്തില്‍ ഉണ്ടായിട്ടും കൃത്യമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരും ബന്ധപ്പെട്ടവരും തയാറായിട്ടില്ല.
Next Story

RELATED STORIES

Share it