wayanad local

ഇതരസംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ കര്‍ശനമാക്കണം: കലക്ടര്‍

കല്‍പ്പറ്റ: ജില്ലയില്‍ മഴക്കാല രോഗസാധ്യതകള്‍ പരിഗണിച്ച് ജില്ലയിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ ജില്ലാ ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ കര്‍ശനമാക്കണമെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ നിര്‍ദേശിച്ചു. ഊര്‍ജിത പകര്‍ച്ചവ്യാധി നിയന്ത്രണം, നിര്‍ജീവ പോളിയോ വൈറസ് കുത്തിവയ്പ്, ദേശീയ വിരയിളക്കല്‍ ദിനാചരണം എന്നിവ സംബന്ധിച്ച് കലക്‌ട്രേറ്റ് മിനി കോഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ആശങ്ക പരത്തിയ കുരങ്ങുപനി ഇതുവരെ ഒമ്പതു പേര്‍ക്ക് റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മഴക്കാലത്തിന് മുമ്പായി വനം-പട്ടികവര്‍ഗ-ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. രൂക്ഷമായി കുടിവെള്ള പ്രശ്‌നം നേരിടുന്ന സാഹചര്യത്തില്‍ മലിനമായ ജലസ്രോതസ്സുകളെ ആശ്രയിക്കുന്നത് മഞ്ഞപ്പിത്തം പോലുള്ള ജലജന്യരോഗങ്ങള്‍ക്ക് കാരണമാവാനിടയുണ്ട്.
മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറിളക്കം, എലിപ്പനി, ഡെങ്കിപ്പനി എന്നിവ പടരാന്‍ ഇടയാക്കു സാഹചര്യങ്ങളെക്കുറിച്ചും രോഗനിയന്ത്രണത്തിനായി സ്‌കൂള്‍ വിദ്യാര്‍ഥികളിലും പൊതുജനങ്ങളിലും ബോധവല്‍ക്കരണ ക്ലാസുകളും അതാതു വീടുകള്‍ ശുചീകരിക്കേണ്ട ആവശ്യത്തെക്കുറിച്ചും ഡോ. വി ജിതേഷ് സംസാരിച്ചു. മലേറിയ ജില്ലയില്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അന്യസംസ്ഥാന തൊഴിലാളികളിലൂടെ രോഗം പകരാന്‍ സാധ്യതയുള്ളതു കണക്കിലെടുത്ത് തൊഴില്‍വകുപ്പിന്റെ കീഴില്‍ ജില്ലയിലെത്തുന്ന തൊഴിലാളികളുടെ വിവരങ്ങള്‍ രജിസറ്റര്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ കണക്ക് ആരോഗ്യവകുപ്പിന് ലഭ്യമാക്കേണ്ടതുണ്ട്. ജനങ്ങള്‍ക്ക് രോഗം പടരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ഏകോപിപ്പിച്ച് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കണം. മണ്‍സൂണിന് മുമ്പായി പട്ടികവര്‍ഗ കോളനികളില്‍ പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതിനും മാലിന്യ നിര്‍മാര്‍ജനവും സാനിറ്ററി കക്കൂസും ഉറപ്പുവരുത്തുന്നതിനും മൃഗങ്ങള്‍ക്കാവശ്യമായ വാക്‌സിനേഷനും നല്‍കുന്നതിനും നടപടി സ്വീകരിക്കണം.
കുട്ടികള്‍ക്ക് നല്‍കുന്ന പോളിയോ വാക്‌സിനേഷന്‍ പി1, പി2, പി3 വൈറസുകളില്‍ നിന്ന് പി2 വാക്‌സിന്‍ പൂര്‍ണമായി നിര്‍ത്തലാക്കിയിട്ടുണ്ട്. പി2 വൈറസ് നിര്‍മാര്‍ജനം ചെയ്യപ്പെട്ടതിനാലാണിത്.
അതിനാല്‍ ഏപ്രില്‍ 24 മുതല്‍ പി1, പി2 വാക്‌സിനേഷനുകളാവും ലഭ്യമാക്കുക. ക്രമേണ തുള്ളിമരുന്ന് നിര്‍ത്തി കുത്തിവയ്പ് മാത്രമാക്കും. ദേശീയ വിരയിളക്കല്‍ ദിനാചരണത്തോടനുബന്ധിച്ച് ജൂണ്‍ 20ന് ജില്ലയിലെ ഒമ്പതു മാസം മുതല്‍ 19 വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്ക് അങ്കണവാടി, സബ്‌സെന്റര്‍, സ്‌കൂള്‍ തലത്തില്‍ ആല്‍ബന്‍ഡസോള്‍ ഗുളിക വിതരണം ചെയ്യുമെന്നും യോഗത്തില്‍ അറിയിച്ചു. 20ന് മരുന്ന് ലഭിക്കാത്ത കുട്ടികള്‍ക്ക് ജൂണ്‍ 27ന് വീണ്ടും വിതരണം ചെയ്യും. ശുചിത്വമിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ മഴക്കാലപൂര്‍വ ശുചീകരണ ക്യാംപ് സംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
Next Story

RELATED STORIES

Share it