Pathanamthitta local

ഇതരസംസ്ഥാന തൊഴിലാളികളായ 91 പേര്‍ക്ക് മന്ത് രോഗം സ്ഥിരീകരിച്ചു

പത്തനംതിട്ട: ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികളായ 91 പേര്‍ക്ക് മന്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസ്. ഇത് വളരെ ഗൗരവതരമായ ഒരു സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറയുന്നു.  മന്ത് രോഗം സ്ഥിരീകരിച്ച 91 പേര്‍ക്കും ചികില്‍സ നല്‍കുന്നുണ്ടെങ്കിലും കൊതുകുകള്‍ പരത്തുന്ന ഈ രോഗം മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യതകൂടുതലായതിനാല്‍ ഇക്കാര്യത്തില്‍ ഏറ്റവും അടിയന്തരമായ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ കൈക്കൊള്ളേണ്ടതിനാല്‍ വിഷയം സംബന്ധിച്ച വിശദമായ ഒരു റിപോര്‍ട്ട് സര്‍ക്കാരിലേക്ക് ഉടന്‍ നല്‍കുന്നതിന് വകുപ്പുതലത്തില്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
തദ്ദേശവാസികളില്‍ മന്ത് രോഗം അപൂര്‍വമായി മാത്രമേ ജില്ലയില്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളൂ. എന്നിരുന്നാലും ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള ജില്ലയില്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി ആവശ്യമായിരിക്കുകയാണ്. വയറിളക്കം, കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം, വയറുകടി, ഛര്‍ദി തുടങ്ങിയ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുന്നതിന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
കിണറും മറ്റ് കുടിവെള്ള സ്രോതസ്സുകളും പതിവായി ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ശുദ്ധീകരിക്കണം. അഞ്ച് മിനിറ്റെങ്കിലും വെട്ടിത്തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാവൂ. ഐസ്, ശീതളപാനീയങ്ങള്‍ തുടങ്ങിയവ  ഒഴിവാക്കുക. മല്‍സ്യം കേടാവാതിരിക്കാനുപയോഗിക്കുന്ന ഐസ് ഭക്ഷണപാനീയങ്ങളില്‍ ചേര്‍ത്ത് ഉപയോഗിക്കരുത്. ആഹാരത്തിന് മുമ്പും ശൗചത്തിന് ശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയായി കഴുകണം. മലിനജലം കുടിവെള്ളവുമായി കലരാനുള്ള സാഹചര്യം ഒഴിവാക്കുകയും രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ വൈദ്യസഹായം തേടുകയും വേണം.
കാലവര്‍ഷം അടുത്തുവരുന്ന സാഹചര്യത്തില്‍ മഴക്കാല പൂര്‍വശുചീകരണത്തില്‍ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡിഎംഒ ആവശ്യപ്പെട്ടു.
ജില്ലയില്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറുന്ന ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മൂന്നെണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളായി പ്രവര്‍ത്തനം തുടങ്ങിയതായും ബാക്കി നാലെണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുകയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it