thrissur local

ഇതരസംസ്ഥാനതൊഴിലാളികളുടെ ഗ്രാമസഭ യാഥാര്‍ഥ്യമാവുന്നു

മുളംകുന്നത്തുകാവ്: സംസ്ഥാനത്തു വിവിധ കേന്ദ്രങ്ങളില്‍ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ഗ്രാമസഭ യാഥാര്‍ഥ്യമാവുന്നു. മുളംകുന്നത്തുകാവ് പഞ്ചായത്തിന്റെ പരിധിയില്‍വരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് കിലയില്‍ സംഘടിപ്പിച്ച പ്രഥമ ഗ്രാമസഭയില്‍ പങ്കെടുത്തത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബെന്നി അധ്യക്ഷയായിരുന്നു.
ഗ്രാമസഭയുടെ ലക്ഷ്യങ്ങളെക്കുറിച്ച് കോഴ്‌സ് ഡയറക്ടര്‍ ഡോ. പീററര്‍ എം രാജ് വിശദീകരിച്ചു. കോ-ഓഡിനേറ്റര്‍ പി വി രാമകൃഷ്ണന്‍, വൈസ് പ്രസിഡന്റ് കെ എച്ച് സുഭാഷ്, കില എക്സ്റ്റഷന്‍ ഫാക്കല്‍റ്റികളായ പ്രഫ. ടി രാഘവന്‍, ഡോ. സജീവ്, ഡോ. ജോസ് ചാത്തക്കുളം, പ്രഫ. കെ ജെ കുര്യന്‍, മായാ ശശിധരന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. ബീഹാര്‍, ഒഡീഷ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളാണ് ഗ്രാമസഭയില്‍ പങ്കെടുത്തത്. തുടര്‍ന്ന് മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞ് ഗ്രൂപ്പുചര്‍ച്ചകളായിരുന്നു.
തൊഴില്‍രംഗത്തും ആരോഗ്യശുചിത്വമേഖലയിലും ഇതരസംസ്ഥാനതൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും അതിനു ശാശ്വത പരിഹാരം കാണാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഈ ഗ്രാമസഭയെന്നു കില ഡയറക്ടര്‍ ഡോ. പി പി ബാലന്‍ അറിയിച്ചു.
ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇതരസംസ്ഥാനതൊഴിലാളികള്‍ താമസിക്കുന്ന വാര്‍ഡുകളെ കേന്ദ്രീകരിച്ചാണ് ഗ്രാമസഭ ചേരുക. ഭരണസമിതി ഭാരവാഹികളും വാര്‍ഡ് അംഗവും വിവിധ വകുപ്പുദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്ത് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കും. ഇവരെക്കുറിച്ചുള്ള സ്ഥിതിവിവരങ്ങള്‍ ശേഖരിക്കാന്‍ ആദ്യം സര്‍വേ നടത്തും.
വാര്‍ഡ് വികസനസമിതിയുടേയും അയല്‍സഭയുടേയും സഹായത്തോടെ തയ്യാറാക്കുന്ന കമ്മ്യൂണിറ്റിപ്ലാനില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി പ്രോജക്ടുകള്‍ തയ്യാറാക്കുന്നതാണ്. ഇത്തരത്തിലുള്ള മാതൃകാഗ്രാമസഭ ചേരുന്നതിനുള്ള നടപടികള്‍ക്കു തുടക്കം കുറിച്ച് കിലയില്‍ ചേര്‍ന്ന ആദ്യത്തെ കൂടിയാലോചനായോഗത്തിലും മുളംകുന്നത്തുകാവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പഞ്ചായത്തു സെക്രട്ടറി സംബന്ധിച്ചിരുന്നു.
Next Story

RELATED STORIES

Share it