malappuram local

ഇതരസംസ്ഥാനങ്ങളില്‍നിന്ന് വരവ് കൂടി; പച്ചക്കറി വില കുത്തനെ താഴ്ന്നു

പൊന്നാനി: ഏതാനും ആഴ്ചകള്‍ മുമ്പുവരെ കുതിച്ചുയര്‍ന്നിരുന്ന പച്ചക്കറി വില ഇപ്പോള്‍ കുത്തനെ കുറയുന്നു. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നു വന്‍തോതില്‍ പച്ചക്കറികള്‍ കേരളത്തിലേക്കെത്തുന്നതാണ് കാരണം. ഉല്‍പാദനം കൂടിയതും ചൂട് കാലാവസ്ഥയും കാരണം കര്‍ഷകരും വ്യപാരികളും തിരക്കിട്ട് വില്‍പന നടത്തുന്നതും വില്‍പന ഉയരാന്‍ കാരണമായി. എന്നാല്‍, നാടന്‍ ഇനങ്ങള്‍ക്ക് വില ഇപ്പോഴും കൂടുതല്‍ തന്നെയാണ്. ഏറ്റവും കനത്ത വിലയിടിവുണ്ടായത് തക്കാളി, സവാള, പച്ചമുളക് എന്നിവയ്ക്കാണ്. തക്കാളി വില കിലോയ്ക്ക് പത്തു രൂപയാണ്. പച്ചമുളകിനും അതേ വില തന്നെ. 50 രൂപയ്ക്കു മുകളിലെത്തിയിരുന്ന സവാള വില നിലവില്‍ 20 രൂപയാണ്. ഇത് വീണ്ടും താഴുമെന്ന സൂചനയാണ് മാര്‍ക്കറ്റ് വൃത്തങ്ങള്‍ നല്‍കുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ സവാള മാര്‍ക്കറ്റായ മഹരാഷ്ട്രയിലെ ലാസ്സല്‍ഗാവില്‍ വില 10 രൂപയിലും താഴെയാണ്.
കോളിഫഌവര്‍, ക്യാബേജ്, വെണ്ട തുടങ്ങിയവ മാര്‍ക്കറ്റുകളിലേക്ക് കാര്യമായി എത്തുന്നുണ്ട്. എന്നാല്‍, നാടന്‍ ഇനങ്ങള്‍ക്ക് വില താഴ്ന്നിട്ടില്ല. പുറത്തുനിന്ന് വരുന്ന പയറിനു 20 രൂപ വിലയുള്ളപ്പോള്‍ നാടന്‍ പയറിനു 60 രൂപ കൊടുക്കണം. പാവയ്ക്കാ, മാങ്ങ എന്നിവക്ക് 40 രൂപയാണ്. മാര്‍ക്കറ്റുകളില്‍ കായ വരവും കൂടിയ തോതിലാണ്. മാസങ്ങള്‍ക്ക് മുമ്പ 60 രൂപ വരെ വന്ന ഏത്തക്കായക്ക് ഇപ്പോള്‍ 30-35 രൂപയ്ക്ക് കിട്ടുന്നുണ്ട്. ഏത്തപ്പഴം മൂന്നുകിലോ 100 രൂപയ്ക്ക് വിറ്റുവരുന്നു.
കാരറ്റ്, ബീറ്റ്‌റൂട്ട്, തുടങ്ങിയ കിഴങ്ങ് വര്‍ഗങ്ങള്‍ക്കും വലിയ വിലയില്ല. കോഴിയാണ് വലിയ തോതില്‍ വിലയിടിഞ്ഞ മറ്റൊരു ഭക്ഷ്യ വസ്തു. 72-74 രൂപയാണ് വില.
കര്‍ണാടകത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കയറ്റുമതി കുറവാണ്. ഇത് ലോക്കല്‍ മാര്‍ക്കറ്റുകളില്‍ കോഴി ധാരാളമായി എത്തുന്നതിനു കാരണമായി.
Next Story

RELATED STORIES

Share it