ഇഡോമെനി ക്യാംപ്: 2000ത്തിലധികം അഭയാര്‍ഥികളെ മാറ്റി

ഏതന്‍സ്: ഗ്രീസ്-മാസിഡോണിയ അതിര്‍ത്തിയിലെ ഇഡോമെനി ക്യാംപില്‍ നിന്നു 2000ത്തിലധികം അഭയാര്‍ഥികളെ മാറ്റിയതായി ഗ്രീസ്. ഗ്രീസിലെ രണ്ടാമത്തെ വലിയ നഗരമായ തെസ്സാലോനികിക്കു സമീപം സജ്ജീകരിച്ച ക്യാംപുകളിലേക്കാണ് ഇവരെ മാറ്റിയത്.
662 സിറിയക്കാരും 1273 കുര്‍ദികളും 96 യസീദികളുമായി 2031 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. 80 കിലോമീറ്റര്‍ ദൂരെയുള്ള തെസ്സാലോനികിയിലേക്ക് ബസ്സുകളില്‍ ഇവരെ എത്തിക്കുകയായിരുന്നു. 700ഓളം പോലിസുകാരെയായിരുന്നു മാറ്റിപ്പാര്‍പ്പിക്കുന്നതിനായി നിയോഗിച്ചത്. ഒഴിപ്പിക്കല്‍ നടപടികള്‍ ഇന്നും തുടരും. ഒരാഴ്ചകൊണ്ട് 8400 പേരെ മാറ്റിപ്പാര്‍പ്പിക്കാനാണു ലക്ഷ്യമിടുന്നതെന്നു പോലിസ് അറിയിച്ചു.
അഭയാര്‍ഥികളുടെ വടക്കന്‍ യൂറോപ്പിലേക്കുള്ള ഒഴുക്ക് കുറയ്ക്കുന്നതിനായി കഴിഞ്ഞ മാര്‍ച്ചില്‍ മാസിഡോണിയ അതിര്‍ത്തിയടച്ചിരുന്നു. തുടര്‍ന്ന്, അതിര്‍ത്തിയില്‍ കുടുങ്ങിയ 8400ഓളം അഭയാര്‍ഥികള്‍ സന്നദ്ധസംഘടനകളുടെ സഹായത്തോടെ കൂടാരം കെട്ടി താമസിച്ചുവരുകയാണ്. സിറിയ, അഫ്ഗാനിസ്താന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളാണ് ക്യാംപില്‍ പ്രധാനമായും ഉള്ളത്.
Next Story

RELATED STORIES

Share it