Idukki local

ഇടുക്കി സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് ചീട്ട് നിഷേധിച്ചു



ചെറുതോണി: കൈക്കുഞ്ഞുങ്ങളുമായി യുവതികളും പ്രായമായവരും ഏറെനേരം ക്യൂ നിന്നിട്ടും ചീട്ട് കൊടുക്കാതെ ആശുപത്രി ജീവനക്കാര്‍. മറ്റുള്ള ജീവനക്കാരോട് കുശലം പറഞ്ഞിരുന്ന ജീവനക്കാരിയുടെ കൃത്യവിലോപം വീഡിയോ വൈറലാകുന്നു. ഇടുക്കി പൈനാവ് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. കുഞ്ഞുങ്ങളും പ്രായമായവരും അടക്കം ക്യൂ നില്‍ക്കുമ്പോള്‍ പരസ്പരം സംസാരിച്ച് സമയം കളയുകയായിരുന്നു ആശുപത്രി ജീവനക്കാര്‍. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവാവാണ് സംഭവം വീഡിയോയില്‍ പകര്‍ത്തിയത്. കുട്ടികളുടെ കരച്ചിലും രോഗികളുടെ ബുദ്ധിമുട്ടും ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നേ ഉണ്ടായിരുന്നില്ല. ടോക്കണ്‍ കൊടുക്കാത്തതിന് കാരണം തിരക്കിയ യുവാവിനോട് ടോക്കണ്‍ തരുന്നില്ല എന്നുപറഞ്ഞ് പ്രതിഷേധിച്ച് കസേരയില്‍ നിന്ന് എഴുന്നേറ്റു പോവുകയാണ് ടോക്കണ്‍ കൗണ്ടറിലെ ജീവനക്കാരി ചെയ്തത്. ഇതിനിടെ ആശുപത്രിയില്‍ നിന്ന് പോയില്ലെങ്കില്‍ പോലിസിനെ വിളിക്കുമെന്ന ഭീഷണിയുമായി ഒരു ജീവനക്കാരന്‍ വന്നു. അവസാനം ഒരു ഡോക്ടര്‍ വന്നു കാര്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിട്ടും ജീവനക്കാരി തന്റെ സീറ്റിലേക്ക് വരാനോ ടോക്കണ്‍ കൊടുക്കാനോ തയാറായില്ല. പിന്നീട് മറ്റു രോഗികള്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ ടോക്കണ്‍ നല്‍കുകയായിരുന്നു. മഴക്കാലമായതോടെ പനിയും മറ്റ് പകര്‍ച്ചാ വ്യാധികളുടെയും പിടിയിലാണ് ജനങ്ങള്‍. വന്‍ തുക നല്‍കി സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാന്‍ കഴിയാത്ത സാധരണക്കാരുടെ ഏക ആശ്രയം സര്‍ക്കാര്‍ ആശുപത്രികളാണ്. രോഗികളെ അവഗണിക്കുന്ന സമീപനമാണ് പല ആശുപത്രി ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്ന പരാതിയുണ്ട്. അതേസമയം, ഉദ്യോഗസ്ഥരുടെ കൃത്യവിലോപം വ്യക്തമാക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തില്‍ ഉന്നതോദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
Next Story

RELATED STORIES

Share it