Idukki local

ഇടുക്കി മെഡിക്കല്‍ കോളജ്: ഹോസ്റ്റലിന് 102 കോടി

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ ബില്‍ഡിംഗ് നിര്‍മാണത്തിന് 102 കോടിരൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എംപി അറിയിച്ചു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയും. 76 കോടി രൂപയുടെ കെട്ടിട നിര്‍മ്മാണത്തിനുള്ള സിവില്‍ വര്‍ക്കുകള്‍ക്കും 26 കോടിയുടെ മെക്കാനിക്കല്‍ ഇലക്ട്രിക്കല്‍ ജോലികള്‍ക്കുമാണ് ഭരണാനുമതി ലഭിച്ചത്. 2,25,000 ചതുരശ്ര അടിവിസ്താരത്തിലാണ് റസിഡന്‍ഷ്യല്‍ കോംപ്ലക്‌സ് നിര്‍മ്മിക്കുന്നത്. മൂന്നാംഘട്ടമായാണ് റസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. 37,000 ചതുരശ്ര അടി വിസ്താരത്തിലുള്ളമൂന്നു ബ്ലോക്കുകളായാണ് ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മിക്കുക. ഇന്റേണ്‍ഷിപ്പ് ചെയ്യുന്നവ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി 37,200 ചതുരശ്ര അടി വിസ്തൃതിയില്‍ വെവ്വേറെ ഹോസ്റ്റലുകള്‍ നിര്‍മ്മിക്കും. 57,200 ചതുരശ്ര അടി വിസ്താരത്തിലാണ് അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും താമസസൗകര്യം ഒരുക്കുന്നത്. റിക്രിയേഷന്‍ ഹാളും ലൈബ്രറിയും കിച്ചണുകളും മെസ്സ് ഹാളും ഉള്‍പ്പെടെ ഏറ്റവും നവീന രീതിയിലുള്ള സാനിട്ടേഷന്‍ സൗകര്യങ്ങളും ചേരുന്നതാണ് പുതിയ ഹോസ്റ്റല്‍ സമുച്ചയം. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നതനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മുഴുവന്‍ ഒരുക്കുന്നതിനുള്ള തീവ്ര പരിശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് എംപി പറഞ്ഞു.
Next Story

RELATED STORIES

Share it