Idukki local

ഇടുക്കി മെഡിക്കല്‍ കോളജിന്റെ അംഗീകാരം പുനസ്ഥാപിക്കും: ഫ്രാന്‍സിസ് ജോര്‍ജ്

ചെറുതോണി: ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അനുമതി റദ്ദുചെയ്ത ഇടുക്കി മെഡിക്കല്‍ കോളജിന്റെ അംഗീകാരം പുനഃസ്ഥാപിക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ്. ജനപ്രതിനിധിയായി ജനങ്ങള്‍ തിരഞ്ഞെടുത്താല്‍ മെഡിക്കല്‍ കോളജ് ഇപ്പോള്‍ നേരിടുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും അടിയന്തിരമായി പരിഹാരമുണ്ടാക്കും.
ജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കാനുള്ള നടപടികള്‍ അതിവേഗത്തില്‍ സ്വീകരിക്കും. നൂറുകണക്കായ വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതെ അടിസ്ഥാന സൗകര്യം യുദ്ധകാലാടിസ്ഥാനത്തില്‍ ഉറപ്പു വരുത്തുമെന്നും സ്ഥാനാര്‍ഥി പറഞ്ഞു. മരിയാപുരം, വാഴത്തോപ്പ് പഞ്ചായത്തുകളില്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെഡിക്കല്‍ കോളജുകളില്ലാത്ത ജില്ലകളില്‍ മെഡിക്കല്‍ കോളജാരംഭിക്കാനുള്ള നയപരമായ സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കിയിലും മെഡിക്കല്‍ കോളേജ് അനുവദിച്ചത്. എന്നാല്‍ പശ്ചാത്തല സൗകര്യമൊരുക്കി അംഗീകാരം നഷ്ടപ്പെടാതെ നോക്കേണ്ട ഉത്തരവാദിത്വം ഉണ്ടായിരുന്നു.അതു നടന്നില്ല.ആശുപത്രിയോ ആവശ്യമായ 40 ഏക്കര്‍ സ്ഥലമോ ഇല്ലാതിരുന്നിട്ടും 500 ബെഡ്ഡുള്ള ആശുപത്രിയും 10 നിലകളുള്ള കെട്ടിടവും നിര്‍മ്മിച്ച് മുമ്പോട്ടു പോകുന്ന ഇടുക്കിയോടൊപ്പമനുവദിച്ച മഞ്ചേരി മെഡിക്കല്‍ കോളജ് കണ്ടു പഠിക്കേണ്ടതാണെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് പറഞ്ഞു. വര്‍ദ്ധിച്ച ജനപങ്കാളിത്തത്തോടെ ആവേശകരമായാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രചരണ പരിപാടികള്‍ക്ക് സമാപനം കുറിച്ചത്.
രാവിലെ 7.30ന് കട്ടിങ്ങില്‍ നിന്നായിരുന്നു തുടക്കം. 250 ബൈക്കുകളുടെ അകമ്പടിയോടെ മുമ്പോട്ട് നീങ്ങിയ പര്യടനം 30 കേന്ദ്രങ്ങള്‍ പിന്നിട്ട് പ്രകടനത്തോടെ ചെറുതോണിയില്‍ സമാപിച്ചു. എല്‍.ഡി.എഫ് നേതാക്കളായ സി വി വര്‍ഗീസ്, മാത്യുസ്റ്റീഫന്‍, എം ജെ മാത്യു, എം കെ. പ്രിയന്‍, ജോര്‍ജ് അഗസ്റ്റിന്‍, അനില്‍ കൂവപ്ലാക്കല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it