Flash News

ഇടുക്കി ഭൂപ്രശ്‌നം : എല്‍ഡിഎഫ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു



തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇടുക്കിയിലെ എല്‍ഡിഎഫ് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു നിവേദനം നല്‍കി.സിപിഐ ജില്ലാ സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ കെ ശിവരാമന്‍, കെ കെ ജയചന്ദ്രന്‍ (സിപിഎം), അനില്‍ കുവപ്ലാക്കല്‍ (ആര്‍എസ്പി), ജോണി ചെരുപറമ്പില്‍ (കേരള കോണ്‍ഗ്രസ്) സ്‌കറിയ തോമസ് എന്നിവരാണ് നിവേദനം നല്‍കിയത്. മാര്‍ച്ച് 27ന് എടുത്ത യോഗതീരുമാനങ്ങള്‍ ഉത്തരവുകളായി പുറത്തിറക്കുന്നതിന് കാലതാമസം വരികയാണ്. പട്ടയമേള നടത്തി ഒരു മാസമായിട്ടും അനുബന്ധ ഉത്തരവുകള്‍ ഇപ്പോഴും ഇറങ്ങിയിട്ടില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ സത്വര ഇടപെടല്‍ ഉണ്ടാവണമെന്ന് നിവേദനത്തില്‍ പറയുന്നു. 1964ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം പതിച്ചുനല്‍കിയ ഭൂമി, കൈമാറ്റം ചെയ്യുന്നതിനുള്ള വ്യവസ്ഥകളില്‍ ഭേദഗതിയും വ്യക്തതയും വരുത്തി പുതിയ ഉത്തരവിറക്കണം. പട്ടയം നല്‍കുന്നതിനുള്ള വരുമാനപരിധി എടുത്തുകളയാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഉത്തരവ് ഇറങ്ങിയില്ല. കെട്ടിടനിര്‍മാണ ചട്ടം പരിഷ്‌കരിച്ച് മൂന്നാറിന് മാത്രമായി നിയമനിര്‍മാണം നടത്താന്‍ തീരുമാനിച്ചെങ്കിലും നടപടികളുണ്ടായില്ലെന്നും നിവേദനത്തില്‍ പറഞ്ഞു.ഉപാധിരഹിത പട്ടയം നല്‍കുന്നതിന് ഉപാധികള്‍ നീക്കംചെയ്തു പുതിയ ഫോമില്‍ പട്ടയം നല്‍കുന്നതിനു പട്ടയമേള ദിവസം സാധിച്ചിരുന്നില്ല. ഇക്കാര്യം അടിയന്തരമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നെങ്കിലും തുടര്‍നടപടിയുണ്ടായില്ലെന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it