Idukki local

ഇടുക്കി പനിച്ചൂടില്‍; ചികില്‍സതേടിയത് 10,662 പേര്‍

തൊടുപുഴ: ഇടുക്കിയില്‍ ഈ മാസം പനി ബാധിച്ചത് 10662 പേര്‍ക്ക്.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ പുറത്ത് വിട്ട കണക്കാണ് ഇത്.ജില്ലയിലെ വിവിധ സര്‍ക്കാരാശുപത്രികളില്‍ ചികിത്സക്കെത്തിയവരുടെ കണക്ക് മാത്രമാണിത്.സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കെത്തിയവരുടെ കണക്കുകള്‍ ലഭ്യമല്ല.
കഴിഞ്ഞ മുന്നുമാസത്തിനിടെ പനിബാധിച്ച് സര്‍ക്കാരാശുപത്രിയില്‍ ചികിത്സ തേടിയെത്തിയത് 40000 പേരാണ്. 15 ഡെങ്കിപ്പനി കേസുകളാണ് ഈ മാസം റിപോര്‍ട്ട് ചെയ്തത്.ഇതോടെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 99 ആയി.തൊടുപുഴ മേഖലയില്‍ നിന്നും മാത്രമാണ് ഡെങ്കിപ്പനികേസുകള്‍ റിപോര്‍ട്ട് ചെയ്തത്.
പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പാളിച്ചയാണ് പനിബാധിതരുടെ എണ്ണം ഉയര്‍ന്നതിനു പ്രധാന കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ജില്ലയില്‍ ഈ മാസം മാത്രം നാല് പേര്‍ക്ക് തക്കാളിപ്പനി റിപോര്‍ട്ട് ചെയ്തു.ഈ മാസം അടിമാലിയില്‍ ഒരു എലിപ്പനിമരണം സംഭവിച്ചിരുന്നു.4 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
രണ്ട് പേര്‍ക്ക് ടൈഫോയിഡ് റിപോര്‍ട്ട് ചെയ്തു.ഇതോടെ ടൈഫോയിഡ് ബാധിതരുടെ എണ്ണം 23ലെത്തി. ഈ മാസം മാത്രം 5 മഞ്ഞപ്പിത്തക്കേസുകളാണ് റിപോര്‍ട്ട് ചെയ്തത്.ഇതില്‍ കഴിഞ്ഞ ആറുമാസത്തിനിടെ 19 പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.പകര്‍ച്ചപ്പനി ജില്ലയിലെ എല്ലാ മേഖലകളിലും പടര്‍ന്ന് പിടിക്കുകയായാണ്.പനി ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ ആര്യോഗ്യവകുപ്പ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി.തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ മാത്രം 38 ഡെങ്കിപ്പനിക്കേസുകള്‍ റിപോര്‍ട്ട് ചെയ്തുവെന്നാണ് ആര്യോഗ്യവിഭാഗം അറിയിച്ചത്.
എന്നാല്‍ ഇതിന്റെ ഇരട്ടിയിലധികമാളുകളാണ് സ്വകാര്യ ആശുപത്രികളില്‍ ഡെങ്കിപ്പനിയ്ക്ക് ചികിത്സ തേടിയത്.ഈ കണക്കുകള്‍ ആരോഗ്യവകുപ്പിനു ഇതുവരെ ലഭിച്ചിട്ടില്ല. കുടയത്തൂര്‍:പനിബാധിതര്‍ കൂടുതലായി കണ്ടെത്തിയ ചക്കിക്കാവില്‍ കുടയത്തൂര്‍ ആരോഗ്യ കേന്ദ്രത്തിന്റെ സ്‌പെഷ്യല്‍ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. ക്യാംപില്‍ അനവധി ആളുകളെത്തി പരിശോധന നടത്തി. ഇതോടൊപ്പം ബോധവല്‍ക്കരണ ക്ലാസും നടത്തി.പഞ്ചായത്ത് അംഗം ജീന ബൈജു ക്യാംപ് ഉദ്ഘാടനം ചെയ്തു. ഡോ. രജിത്ത് ക്യാംപിന് നേതൃത്വം നല്‍കി. ബോധവല്‍ക്കരണ ക്ലാസ് ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഇ ജിജു നയിച്ചു. ആരോഗ്യപ്രവര്‍ത്തകരായ നിത, സുശീല, ഷാന്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it