Idukki local

ഇടുക്കി ഡിടിപിസി പാര്‍ക്കില്‍ സന്ദര്‍ശകരെ പോലിസ് ഭീഷണിപ്പെടുത്തുന്നെന്നു പരാതി

ചെറുതോണി: ഇടുക്കി ഡിടിപിസി പാര്‍ക്കില്‍ എത്തുന്ന സന്ദര്‍ശകരെ പോലിസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നതായി ആരോപണം. യുവതീയുവാക്കള്‍ സന്ദര്‍ശകരായി എത്തിയാല്‍ ടൂറിസം പോലിസ് ഇവരെ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നെന്നാണു പരാതി.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇടുക്കി പാര്‍ക്കില്‍ എത്തിയ സന്ദര്‍ശകര്‍ക്കു പോലിസിന്റെ ഭാഗത്തു നിന്നു നിരവധി തവണ മോശം സമീപനങ്ങളാണ് ഉണ്ടായതായെന്നും പരാതിയുണ്ട്. മാനഹാനി ഭയന്നും ഭീഷണി മൂലവും ആരും പരസ്യമായി പ്രതികരിച്ചിട്ടില്ല. തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ ചെറുതോണിക്കും ഇടുക്കിക്കും മധ്യേയുള്ള ഡിടിപിസി വക പാര്‍ക്കിലാണു പ്രശ്‌നം. ജില്ലാ ആസ്ഥാന മേഖലയായതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ സമയം ചെലവഴിക്കാന്‍ പാര്‍ക്കില്‍ എത്തുക പതിവാണ്.
പ്രവേശന ഫീസ് നല്‍കി പാര്‍ക്കിലെത്തി വിശ്രമിക്കുകയോ സംസാരിച്ചിരിക്കുകയോ ചെയ്യുമ്പോള്‍ ടൂറിസം സെക്യൂരിറ്റി പോലിസെത്തി ഭീഷണിപ്പെടുത്തുകയും അനാശാസ്യത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടുമെന്ന് പറഞ്ഞു പണം ആവശ്യപ്പെടുകയും ചെയ്യുന്നെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ പാര്‍ക്കിലെത്തിയ യുവതീ-യുവാക്കളെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടതാണ് ഒടുവിലത്തെ സംഭവം. മരച്ചുവട്ടിലെ ബഞ്ചില്‍ സംസാരിച്ചിരുന്ന ഇവരെ യൂനിഫോം ധരിക്കാത്ത ഒരാള്‍ പോലിസെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തതായി പറയുന്നു. വിവരം ശ്രദ്ധയില്‍പ്പെട്ടതായും സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ഇടുക്കി അഡ്മിനിസ്‌ട്രേറ്റീവ് ഡിവൈഎസ്പി ജില്‍സണ്‍ മാത്യു പറഞ്ഞു.
സ്ത്രീകള്‍ ഉള്‍പ്പെടെ സന്ദര്‍ശകരായി എത്തുന്നവര്‍ക്കു സുരക്ഷിതത്വം ഉറപ്പാക്കാനാണ് ഡിടിപിസിയുടെ ആവശ്യപ്രകാരം പോലിസിനെ നിയമിച്ചത്. എന്നാല്‍ ഇവരുടെ ഭീഷണിമൂലം പാര്‍ക്കിലേക്ക് സന്ദര്‍ശകര്‍ എത്താത്തതിനാല്‍ പാര്‍ക്ക് അടച്ചു പൂട്ടേണ്ട സ്ഥിതിയായിരിക്കുകയാണ്. ജില്ലാ ആസ്ഥാനത്തേ ടൂറിസം ഉള്‍പ്പെടെയുള്ള വികസനത്തിന് തുരങ്കം വയ്ക്കാന്‍ ചില ബാഹ്യശക്തികളുടെ പ്രേരണയാണ് സംഭവത്തിനു പിന്നിലെന്നും ആരോപണമുണ്ട്.
Next Story

RELATED STORIES

Share it