ഇടുക്കി ഡാം: മൂലമറ്റത്തെ അഞ്ച് ജനറേറ്ററുകളും വൈദ്യുതി ഉല്‍പാദനത്തില്‍

തൊടുപുഴ: കനത്ത മഴയെ തുടര്‍ന്നു നീരൊഴുക്ക് ശക്തമായി തുടരുന്ന ഇടുക്കി അണക്കെട്ട് തുറക്കുന്നതൊഴിവാക്കാന്‍ വൈദ്യുതി ഉല്‍പാദനം കൂട്ടി. മൂലമറ്റം പവര്‍ഹൗസിലെ അഞ്ച് ജനറേറ്റുകളും ഇന്നലെ പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉല്‍പാദനം നടത്തി.
അറ്റകുറ്റപ്പണി തീര്‍ന്നു ലഭിച്ച ഒരു ജനറേറ്ററും ചൊവ്വാഴ്ച വൈദ്യുതി ഉല്‍പാദനത്തിനായി ഉപയോഗിച്ചു. കഴിഞ്ഞദിവസം വരെ നാല് ജനറേറ്ററുകളേ പ്രവര്‍ത്തിപ്പിച്ചിരുന്നുള്ളൂ. 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളാണു മൂലമറ്റത്തുള്ളത്.
ഇടുക്കി ഡാമില്‍ ഒരു ദിവസം കൊണ്ട് 137.929 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് ഒഴുകിയെത്തിയത്. ഡാമിന്റെ സംഭരണശേഷിയുടെ 85 ശതമാനം വെള്ളം ഇപ്പോഴുണ്ട്. ഡാം തുറന്നു വിടുന്നതൊഴിവാക്കാനാണു വൈദ്യുതോല്‍പാദനം ഉയര്‍ത്തുന്നത്. എന്നാല്‍ മഴ ഈ നിലയില്‍ തുടര്‍ന്നാല്‍ ഡാം തുറന്നുവിടേണ്ടതായി വരുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ഇടുക്കിയിലെ ജലശേഖരം ഒരു ദിവസം കൊണ്ട് 1.82 അടി കൂടി 2388.36ലെത്തി.
മുന്‍ വര്‍ഷത്തേക്കാള്‍ 69.14 അടി കൂടുതലാണിത്. 12.346 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണു ചൊവ്വാഴ്ച മൂലമറ്റത്ത് ഉല്‍പാദിപ്പിച്ചത്. പമ്പ, കക്കി സംഭരണികളിലെ ജലശേഖരം 85 ശതമാനത്തിലെത്തി. ഷോളയാര്‍ 97, ഇടമലയാര്‍ 87, കുണ്ടള 51, മാട്ടുപ്പെട്ടി 80 എന്നിങ്ങനെയാണു മറ്റ് പ്രധാനപ്പെട്ട സംഭരണികളിലെ ജലശേഖരം. പൊന്മുടിയില്‍ 25, ലോവര്‍ പെരിയാര്‍21.7 സെ.മീ വീതവും മഴ ലഭിച്ചു. 36.448 ആയിരുന്നു സംസ്ഥാനത്തിന്റെ ആഭ്യന്തര വൈദ്യുതി ഉല്‍പാദനം. അതിന്റെ മൂന്നിലൊന്നും ഇടുക്കിയില്‍ നിന്നു മാത്രമാണ്.
Next Story

RELATED STORIES

Share it