Flash News

ഇടുക്കി ഡാം ജലനിരപ്പ് 2395; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ഇടുക്കി ഡാം ജലനിരപ്പ് 2395; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
X

പൈനാവ്: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 2403 അടിയാണ് ഡാമില്‍ പരമാവധി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ജലനിരപ്പ്. ജലനിരപ്പ് 2395 അടി കടന്നതിനാലാണ് രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് (അതിജാഗ്രതാ മുന്നറിയിപ്പ്) നല്‍കിയത്. ഇനിയും ജലനിരപ്പ് ഉയര്‍ന്നാല്‍ ട്രയല്‍ റണ്‍ നടത്തും. ഇനി മഴയുടെ തോതും ജലനിരപ്പും പരിഗണിച്ച് ആവശ്യമെങ്കില്‍ റെഡ് അലര്‍ട്ട് നല്‍കും. ജലനിരപ്പ് 2399 അടിയെത്തുമ്പോഴാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക. എന്നാല്‍ കൃത്യമായ അറിയിപ്പിന് ശേഷം പകല്‍ മാത്രമേ ജലം ഒഴുക്കൂ. നിശ്ചിത സമയത്തിന് ശേഷം ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി അധികജലം പുറത്തേക്ക് ഒഴുക്കിവിടും. രാത്രിയില്‍ ഷട്ടറുകള്‍ തുറക്കില്ല. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ തന്നെ 24 മണിക്കൂറിനുള്ളില്‍ നിര്‍ദേശങ്ങളും മുന്നൊരുക്കങ്ങളും നടത്തിയതിന് ശേഷം മാത്രമെ ഷട്ടറുകള്‍ തുറക്കുകയ്യൂള്ളൂ.
ചെറുതോണി ഡാമിന്റെ താഴെയുള്ള പ്രദേശങ്ങളിലുള്ളവരും ചെറുതോണി, പെരിയാര്‍ നദികളുടെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശമുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍ കെ.ജീവന്‍ ബാബു അറിയിച്ചു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നത് പ്രോട്ടോകോളിന്റെ ഭാഗമാണ്. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കലക്ടര്‍ വ്യക്തമാക്കി.
റവന്യൂ, കെഎസ്ഇബി, ജലസേചനം തുടങ്ങിയ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ക്കൊപ്പം തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പഞ്ചായത്ത് അടിസ്ഥാനത്തില്‍ പെരിയാറിന്റെ തീരത്തെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിവരികയാണ്.
Next Story

RELATED STORIES

Share it