Flash News

ഇടുക്കി: അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും 21നു പട്ടയം നല്‍കും: റവന്യൂ മന്ത്രി



തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും 21നു പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. ഇടുക്കി വില്ലേജിലെ റവന്യൂഭൂമി കൈവശക്കാരുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ അര്‍ഹരായ 832 പേര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി. അതേസമയം ഇടുക്കി, കഞ്ഞിക്കുഴി വില്ലേജുകളില്‍ റവന്യൂ-ഫോറസ്റ്റ് വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അര്‍ഹരായ എല്ലാ കര്‍ഷകര്‍ക്കും നിലവിലുള്ള ചട്ടപ്രകാരം പട്ടയം നല്‍കിവരുന്നുണ്ട്. നിലവിലുള്ള ജോയിന്റ് വെരിഫിക്കേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്തതും 1977 ജനുവരി ഒന്നിനു മുമ്പ് കുടിയേറി താമസിക്കുന്നവരുമായ കര്‍ഷകരെ സംബന്ധിച്ച് സംയുക്ത പരിശോധന നടത്തേണ്ടതുണ്ടെന്നും റോഷി അഗസ്റ്റിന്റെ സബ്മിഷനു മന്ത്രി മറുപടി പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട പദ്ധതിപ്രദേശങ്ങളില്‍ പെരിഞ്ചാംകുട്ടി പദ്ധതിപ്രദേശത്ത് ഇപ്പോഴും താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. പത്തുചങ്ങല പ്രദേശത്തെ ഭൂമിപതിവു വിഷയത്തില്‍ റവന്യൂ-വനം-വൈദ്യുതി വകുപ്പുകളുടെ സംയുക്ത പരിശോധന വേഗം പൂര്‍ത്തിയാക്കി പട്ടയം നല്‍കുന്ന കാര്യം പരിഗണിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it