Idukki local

ഇടുക്കിയുടെ സമ്പദ്ഘടന തകര്‍ത്ത് കാര്‍ഷിക വിലയിടിവ്

ഷാനവാസ് കാരിമറ്റം
അടിമാലി: കാര്‍ഷിക മേഖലയെ ആശ്രയിച്ചുമാത്രം സമ്പദ്ഘടന നിലനിര്‍ത്തിപ്പോരുന്ന ഇടുക്കി ജില്ലയ്ക്ക് വിലത്തകര്‍ച്ചയില്‍ എത്രനാള്‍ പിടിച്ചുനില്‍ക്കാനാകുമെന്ന ആശങ്കയില്‍ കര്‍ഷകര്‍. ജില്ലയിലെ പ്രധാന ചര്‍ച്ചയും ഇതാണ്. രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന സുഗന്ധദ്രവ്യങ്ങളുടെ ഉല്‍പാദനം കൂടുതലും കേരളത്തില്‍ ഇടുക്കിയിലാണ്.
ഏലം, തേയില, കാപ്പി, കുരുമുളക് എന്നിവയാണ് ഇടുക്കിയുടെ മണ്ണില്‍ പ്രധാനമായും വിളയുന്നത്. എന്നാല്‍, ഉല്‍പന്നങ്ങളുടെ വിലയിടിവ് സാധാരണ പറയുന്നതില്‍ നിന്നും അപ്പുറം ഇതുപോലൊരു വിലത്തകര്‍ച്ചയുടെ അനുഭവം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഏലമാണ് ജില്ലയുടെ നട്ടെല്ല്. ഏലത്തിനാകട്ടെ ചരിത്രത്തിലെ ഏറ്റവും വലിയ വിലത്തകര്‍ച്ചയും. ആരാണിതിന്റെ ഉത്തരവാദികളെന്ന് തുറന്നുപറയാനുള്ള തന്റേടം ചില കര്‍ഷക സംഘടനകളും ചില പ്രതിനിധികളും ഇനിയും തയാറായിട്ടില്ല.
ആസിയാന്‍ കരാറും നിയന്ത്രണമില്ലാത്ത ഇറക്കുമതിയും ഫലപ്രദമല്ലാത്ത സ്‌പൈസസ് ബോര്‍ഡിന്റെ നടപടികളും എല്ലാംകൂടി ചേര്‍ന്നപ്പോള്‍ കിട്ടിയത് കര്‍ഷകന് ജീവിതദുരിതം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനങ്ങാപ്പാറ നയം ഇരുട്ടടിയായി. ജില്ലയിലെ എല്ലാ മേഖലയിലും പ്രതിസന്ധി കടന്നുകൂടിയിട്ട് വര്‍ഷങ്ങളായി. ജില്ലയില്‍ 85 ശതമാനം പേരും ജീവിക്കുന്നത് കൃഷികൊണ്ടു മാത്രമാണ്. ഉല്‍പ്പന്നങ്ങള്‍ വിറ്റുകിട്ടുന്ന പണമാണ് കമ്പോളത്തിലും മറ്റും ചെലവഴിച്ചിരുന്നത്. ക്രയവിക്രയത്തിലൂടെ ഈ പണം എത്തിച്ചേരാത്ത ഒരു മേഖലയും ജില്ലയില്ല.
മുന്‍ വര്‍ഷങ്ങളേക്കാള്‍ ഏലം ഉല്‍പാദനം ഇത്തവണ കൂടുതലായിരുന്നു. എന്നാല്‍, ഈ സീസണില്‍ കിലോഗ്രാമിന് മതിയായ തുക കര്‍ഷകന് ലഭിച്ചിട്ടുമില്ല.  ഉല്‍പാദനച്ചെലവും വരുമാനവും തമ്മില്‍ അന്തരം കര്‍ഷകര്‍ക്ക് താങ്ങാനാകുന്നില്ല. നാലു വര്‍ഷം മുന്‍പ് വരെ കിലോഗ്രാമിന് 1500 മുതല്‍ 1900 രുപ വരെ ലഭിച്ചിരുന്നു. നിലവില്‍ കര്‍ഷകര്‍ക്ക് സ്‌പൈസസ് ബോര്‍ഡും സഹായകരമാകുന്നില്ല.
വളം, കീടനാശിനി എന്നിവയുടെ വിലയും 40 മുതല്‍ 60 ശതമാനം വരെ വര്‍ധിച്ചു. രാസവളത്തിന് വില 1100 മുതല്‍ 1500 വരെയെത്തി. ലക്ഷക്കണക്കിന് തൊഴിലാളികളും ഈ മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ചെറുകിട കര്‍ഷകരാണ് ഏലം വിലത്തകര്‍ച്ചയില്‍ തകര്‍ന്നടിഞ്ഞത്. വന്‍കിട തോട്ടങ്ങള്‍ക്കും വിലത്തകര്‍ച്ചയില്‍ വലിയ സാമ്പത്തിക നഷ്ടം ഉണ്ടായി. കാര്‍ഷിക രംഗത്തെ സ്തംഭനാവസ്ഥ ജില്ലയുടെ വ്യാപാര മേഖലയെയും വന്‍ തോതില്‍ ബാധിച്ചു.
സാമ്പത്തിക ഞെരുക്കത്തില്‍ ചില വ്യാപാര സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി. വായ്പയെടുത്തും പലിശയ്‌ക്കെടുത്തും തുടങ്ങിയ സ്ഥാപനങ്ങളെല്ലാം പ്രതിസന്ധിയിലാണ്. വിലത്തകര്‍ച്ചയ്ക്ക് അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ ജില്ലയിലെ ജനജീവിതം കൂടുതല്‍ ദുഷ്‌ക്കരമാകും. നോട്ടു നിരോധനവും, ജിഎസ്ടിയുമെല്ലാം നാടിന്റെ സമ്പദ്ഘടനയെ നട്ടം തിരിക്കുകയാണ്.
Next Story

RELATED STORIES

Share it