Idukki local

ഇടുക്കിയുടെ ഗ്രാമങ്ങളില്‍ കപ്പക്കാലാ വോളിബോള്‍ കാലം തിരികെയെത്തുന്നു

തൊടുപുഴ: ഇടുക്കിയുടെ ഗ്രാമങ്ങളില്‍ 'കപ്പക്കാലാ' വോളിബോള്‍ കാലം തിരികെയെത്തുന്നു.ഇടിവെട്ട് സ്മാഷുകളും തീപാറുന്ന ഡിഫന്‍സുകളുമൊക്കെ ഗാമീണ മൈതാനങ്ങളില്‍ നിന്നും മുഴങ്ങിത്തുടങ്ങിയിട്ടുണ്ട്.ആര്‍ത്തിരമ്പിയെത്തി തൊണ്ണൂറുകളുടെ മധ്യത്തോടെ കളമൊഴിയുകയായിരുന്നു ഇടുക്കിയുടെ വോളിബോള്‍ പ്രേമം.ഒരു കാലത്ത് അല്‍പം ഭൂമി വെറുതെ കിടക്കുന്നതു കണ്ടാല്‍ അവിടം കോര്‍ട്ടാക്കുമായിരുന്നു ഇടുക്കിയുടെ യുവാക്കള്‍.
എന്നാല്‍ ആ അഭിനിവേശം തണുത്തു.എന്നിരുന്നാലും, കെ ജി ഗോപാലകൃഷ്ണന്‍നായര്‍ മുതല്‍ എം കെ മാനുവല്‍,എസ് ഗോപാലകൃഷ്ണന്‍,എസ് ഗോപിനാഥ് (റിട്ട.ഐജി) തുടങ്ങി തീപാറിക്കുന്ന നിരവധി ദേശീയ താരങ്ങളെ ഇടുക്കി രാജ്യത്തിനു സംഭാവാന ചെയ്തു.ആ പുഷ്‌കലകാലം ഇന്നു സേനാപതി,രാജാക്കാട്,ശാന്തമ്പാറ ഉള്‍പ്പടെ കുടിയേറ്റ പ്രദേശങ്ങളിലും ലോറെയ്ഞ്ച് ഗ്രാമങ്ങളിലും മടങ്ങിയെത്തുകയാണ്.ഗ്രാമങ്ങളില്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പുകളും മേളകളും സംഘടിപ്പിക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങുന്നു.എന്നാല്‍ അന്നത്തേതില്‍ നിന്നും വേറിട്ട ഒരു കാര്യം ഇന്നുണ്ട്.
ടൂര്‍ണമെന്റുകളിലും മറ്റും പോരാടിക്കുന്നത് മറ്റു ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമൊക്കെയുളള താരങ്ങളാണ് .മുന്‍ കാല താരങ്ങളും കായികപ്രേമികളും സംഘാടകരുടെയും കാഴ്ചക്കാരുടേയും റോളില്‍ ഗാലറികളിലാണ്.നാട്ടുകാരായ കളിക്കാരോടല്ല ക്ലബ്ബുകള്‍ വിലയ്‌ക്കെടുത്ത് കൊണ്ടുവരുന്ന പുതിയതാരങ്ങളോടാണ് പുതുതലമുറയ്ക്ക് ആവേശവും. കേരളത്തിലേയും തമിഴ്‌നാട്ടിലേയും പ്രഗത്ഭ ടീമുകളാണ് പല ക്ലബ്ബുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടി ജഴ്‌സി അണിയുന്നത് .പതിനായിരങ്ങള്‍ മുടക്കിയാണ് ഇവരെ കളത്തില്‍ എത്തിക്കുന്നത്.കനത്ത സമ്മാന തുകയേക്കാള്‍ ഗ്രാമങ്ങളുടെ ആഹ്ലാദവും ആവേശവും വീണ്ടും വീണ്ടും ഇടുക്കിയിലെത്താന്‍ പ്രേരണയാകുന്നതായി താരങ്ങള്‍ സമ്മതിക്കുന്നു.
Next Story

RELATED STORIES

Share it