ഇടുക്കിയില്‍ ജലനിരപ്പ് 729.62 മീറ്ററിലേക്ക്; സംഭരണികള്‍ ജലസമൃദ്ധം

എസ്  ഷാജഹാന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സംഭരണികള്‍ ജലസമൃദ്ധമായതോടെ ആഭ്യന്തര വൈദ്യുതോല്‍പാദനം കുത്തനെ വര്‍ധിപ്പിച്ചു. ഇന്നലെ ആഭ്യന്തര വൈദ്യുതോല്‍പാദനം 39.64 ദശലക്ഷം യൂനിറ്റായാണു വര്‍ധിപ്പിച്ചത്. അതിഥി സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തത് 25.19 ദശലക്ഷം യൂനിറ്റും. സംസ്ഥാനത്തിന്റെ ഉപഭോഗം 64.83 ദശലക്ഷം യൂനിറ്റും. പ്രധാന വൈദ്യുതോല്‍പാദന കേന്ദ്രങ്ങളായ ഇടുക്കിയില്‍ നിന്നു 14.44 ദശലക്ഷം യൂനിറ്റും ശബരിഗിരി പദ്ധതിയില്‍ നിന്ന് 5.01 ദശലക്ഷം യൂനിറ്റ് വൈദ്യുതിയും ഉല്‍പാദിപ്പിച്ചു.
ഇടുക്കി അണക്കെട്ടില്‍ 89 ശതമാനവും പമ്പയില്‍ 92 ശതമാനവും ജലമുണ്ട്. ഷോളയാര്‍, തര്യോട്, പെരിങ്ങല്‍, ലോവര്‍ പെരിയാര്‍ സംഭരണികള്‍ ശേഷിയുടെ 100 ശതമാനം ജലവും സംഭരിച്ചു.
ഇടമലയാറില്‍ 92, മാട്ടുപ്പെട്ടി 84, കുറ്റിയാടി 95, പൊന്‍മുടി 97, നേര്യമംഗലം 97 ശതമാനവും വെള്ളമുണ്ട്. ഇടുക്കിയില്‍ ജലനിരപ്പ് 729.624 മീറ്ററിലേക്ക് ഉയര്‍ന്നു. 732.43 മീറ്ററാണ് പരമാവധി സംഭരണ ശേഷി.
പമ്പയില്‍ 984.75 മീറ്ററും കക്കിയില്‍ 979.374 മീറ്ററായും ജലനിരപ്പ് ഉയര്‍ന്നു. ഇവിടെ യഥാക്രമം 986.33 മീറ്ററും 981.46 മീറ്ററുമാണ് പരമാവധി സംഭരണ ശേഷി. സംസ്ഥാനത്തു ജലസംഭരണികളില്‍ നിലവില്‍ 90 ശതമാനം ജലമുള്ളതായി കെഎസ്ഇബി അറിയിച്ചു. അതാതയത് 3722.99 മീറ്റര്‍. പരമാവധി ജലസംഭരണം 4141.25 മീറ്ററാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2683.99 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനാവശ്യമായ ജലം സംഭരണികളിലുണ്ട്. ഈക്കാലയളവില്‍ 4231.10 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനാവശ്യമായ വെള്ളം ജൂണ്‍ ഒന്നിന് ശേഷം സംഭരണികളിലേക്ക് ഒഴുകിയെത്തിയെന്നാണു കണക്ക്.
ജലവര്‍ഷം അവസാനിക്കാന്‍ 307 ദിവസങ്ങള്‍ ബാക്കിയുള്ളപ്പോഴാണു ശക്തമായ നീരൊഴുക്കു വര്‍ഷങ്ങള്‍ക്കു ശേഷം രേഖപ്പെടുത്തിയതെന്നുള്ളതു ബോര്‍ഡിന് ആശ്വാസമാണ്.  2007-08 വര്‍ഷം ലഭിച്ച 3683.07 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് ആവശ്യമായ ജലം ഒഴുകിയെത്തിയതാണ് ഇതിനു മുമ്പ് രേഖപ്പെടുത്തിയ സംഭരണികളിലേക്കുള്ള ശക്തമായ നീരൊഴുക്ക്.
Next Story

RELATED STORIES

Share it