Idukki local

ഇടുക്കിയിലേക്ക് ഒഴുകിയെത്തിയത് അരയടിയോളം വെള്ളം

തൊടുപുഴ: ജലനിരപ്പു അതിവേഗം താഴുന്ന ഇടുക്കി ഡാമിലേക്ക് കഴിഞ്ഞ ദിവസം ഒഴുകിയെത്തിയത് അരയടിയോളം വെള്ളം.
ഇന്നലെ ലഭിച്ച കണക്ക് പ്രകാരം 0.472 അടിവെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തിയത്. വൃഷ്ടി പ്രദേശത്ത് അടുത്ത ദിവസങ്ങളിലൊന്നും മഴപെയ്തിട്ടില്ലെങ്കിലും ഇത്രയധികം വെള്ളം ഒഴുകിയെത്തിയത് കെഎസ്ഇബിയെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്.
സമീപ പ്രദേശങ്ങളില്‍ പെയ്ത മഴവെള്ളമാണ് ഡാമിലേക്ക് എത്തിയതെന്നാണ് നിഗമനം. ഡാമില്‍ ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം 2322.52 അടി വെള്ളമുണ്ട്.
24.677 ശതമാനമാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 2348.62 അടിയായിരുന്ന ജലനിരപ്പ്. അതേസമയം അവധി ദിവസമായതിനാല്‍ വൈദ്യുതി ഉപഭോഗത്തിന്റെ കുറവ് വന്നതും ഡാമിലേക്ക് കൂടുതല്‍ വെള്ളം ഒഴുകിയെത്തിയതുമാണ് ജലനിരപ്പ് കുറയാതിരിക്കാന്‍ കാരണമായത്.
ഞായറാഴ്ച വൈദ്യുതി ഉപഭോഗം 70.3581 ആയി കുറഞ്ഞിരുന്നു. കഴിഞ്ഞ ബുധനാഴ്ച്ച ഇത് സര്‍വ റെക്കോര്‍ഡുകളും ഭേദിച്ച് 80 ദശലക്ഷം യൂനിറ്റ് കടന്നിരുന്നു.
ഇടുക്കി ഡാമില്‍ 6.321 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഞായറാഴ്ച്ച ഉല്‍പ്പാദിപ്പിച്ചപ്പോള്‍ സംസ്ഥാനത്തെ ആകെ ഉല്‍പ്പാദനം 16.6285 ദശലക്ഷം യൂനിറ്റായിരുന്നു. ബാക്കി 53.7296 ദശലക്ഷം യൂനിറ്റ് വൈദ്യുതിയും പുറത്ത് നിന്ന് വാങ്ങിയതാണ്.
Next Story

RELATED STORIES

Share it