Idukki local

ഇടുക്കിയിലെ മൂന്നു മണ്ഡലങ്ങളില്‍ അണ്ണാ ഡിഎംകെയും

കുമളി: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പരമാവധി വോട്ടുകള്‍ സമാഹരിക്കുന്നതിനായി അണ്ണാ ഡിഎംകെ നീക്കം ശക്തിപ്പെടുത്തി. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നാറിലും കുമളിയിലും ജയലളിതയുടെ പിറന്നാള്‍ ആഘോഷമെന്ന പേരില്‍ പരിപാടികള്‍ സംഘടിപ്പിച്ചു.
കൂടുതല്‍ തമിഴര്‍ തിങ്ങിപ്പാര്‍ക്കുന്ന പീരുമേട്, ദേവികുളം, ഉടുമ്പഞ്ചോല എന്നീ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുന്നതിനുള്ള പദ്ധതിയാണ് അണ്ണാ ഡിഎംകെ നടത്തുന്നത്. ഈ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച ഏകദേശ ധാരണയും ആയി.തമിഴ്‌നാട് മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ ജയലളിത സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചാലുടന്‍ പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിറങ്ങും.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രവീണ പീരുമേട് ഗ്രാമപ്പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജില്ലയില്‍ നിന്നുള്‍പ്പെടെ ആറ് അംഗങ്ങളാണ് വിവിധ ത്രിതല പഞ്ചായത്തുകളിലേക്ക് അണ്ണാ ഡിഎംകെയുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടത്.
ഇതിന്റെ ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പിലും കേരളത്തില്‍ പോരാട്ടത്തിന് കച്ചകെട്ടിയത്. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതിന്റെ ഭാഗമായാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജന്മദിന ആഘോഷ പരിപാടികള്‍ എന്ന പേരില്‍ പൊതു ചടങ്ങുകള്‍ മൂന്നാറിലും കുമളിയിലും സംഘടിപ്പിച്ചത്. ജയലളിതയുടെ വിശ്വസ്തരായ മന്ത്രിമാരും പാര്‍ട്ടി പ്രവര്‍ത്തകരുമാണ് ജില്ലയിലെ പരിപാടികളില്‍ പങ്കെടുത്തത്. പണക്കൊഴുപ്പിന്റെ മേളമായിരുന്നു ജില്ലയിലെ പരിപാടികളില്‍ .
ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ആര്‍ഭാടപ്പൂര്‍വമായിരുന്നു പരിപാടികള്‍. പീരുമേട് നിയമസഭാ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നും യോഗത്തിലേക്ക് ആളുകളെ എത്തിക്കാന്‍ സംഘാടകര്‍ ശ്രമിച്ചിരുന്നു.കുമളി ഗ്രാമപ്പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും ചെങ്കരയില്‍ നിന്നുള്ള അംഗം ഉള്‍പ്പെടെയുള്ളവരെയും സംഘാടകര്‍ കുമളിയില്‍ എത്തിച്ചിരുന്നു.
പരിപാടിയില്‍ പങ്കെടുക്കുന്നതിന് നിശ്ചിത തുകയും വാഹനവും വിട്ടു നല്‍കിയാണ് ആളുകളെ സമ്മേളനവേദിയില്‍ എത്തിച്ചതെന്നാണ് പറയപ്പെടുന്നത്. കൂടാതെ വോട്ടര്‍മാരുടെ വീടുകളില്‍ നേരിട്ടെത്തി വസ്ത്രവും മറ്റും കൈമാറിയതായും സൂചനയുണ്ട്.മാത്രമല്ല തമിഴ്‌നാട്ടിലെ വോട്ടര്‍മാര്‍ക്ക് നല്‍കുന്ന ഗൃഹോപകരണങ്ങള്‍ വരും ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നല്‍കുന്നതിനുള്ള നീക്കവും നടക്കുന്നുണ്ട്.
സൗജന്യ സമ്മാനങ്ങളും പണവും നല്‍കി പരമാവധി വോട്ടുകള്‍ സമാഹരിക്കുന്നതിനാണ് അണ്ണാ ഡിഎംകെ ലക്ഷ്യം വെക്കുന്നത്. ഇതോടൊപ്പം വരും ദിവസങ്ങളില്‍ പരസ്യങ്ങള്‍ നല്‍കി പത്ര-മാധ്യമങ്ങളെ വശത്താക്കാനുള്ള പദ്ധതിയുമുണ്ട്.
തമിഴ്‌നാട്ടില്‍ നിന്നുള്ള തമിഴ് പത്രത്തിന്റെ ചില ആളുകളെ ഇടനിലക്കാരാക്കിയാണ് ഇതു നടത്തുന്നത്. ജല-പ്രകൃതി സംപുഷ്ടമായ ഇടുക്കിലെ പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം മണ്ഡലങ്ങള്‍ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്ന് അടുത്തിടെ അണ്ണാഡിഎംകെ ഉള്‍പ്പെടെയുള്ള നിരവധി പാര്‍ട്ടികള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. മാത്രമല്ല തെക്കന്‍ തമിഴ്‌നാടിന്റെ ജീവനാടിയായ മുല്ലപ്പെരിയാറും തമിഴന്റേതാണെന്ന വാദവും ഇവര്‍ ഉര്‍ത്തുന്നുണ്ട്. ഈ പ്രശ്‌നങ്ങളുടെ നടുവിലാണ് തമിഴ്പാര്‍ട്ടികള്‍ ശക്തി തെളിയിക്കാനായി ഇടുക്കിയിലേക്ക് എത്തുന്നത്.
Next Story

RELATED STORIES

Share it