Idukki local

ഇടുക്കിയിലെ ആദ്യ ഗ്രാമ ന്യായാലയം ഇന്നുമുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും

നെടുങ്കണ്ടം: നീതിന്യായ രംഗത്തെ നൂതന സംരംഭമായ ഗ്രാമ ന്യായാലയ ഇന്നു മുതല്‍ ബ്ലോക്ക് പഞ്ചായത്ത് വിട്ടു നല്‍കിയ ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. പ്രശ്‌ന പരിഹാരം വേഗത്തിലും കുറഞ്ഞ ചെലവിലും നൂലാമാലകള്‍ ഇല്ലാതെയും നടപ്പില്‍ വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേരളത്തിലെ രണ്ടാമത്തേതും ജില്ലയിലെ ആദ്യത്തേതുമായ ഗ്രാമ ന്യായാലയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ന്യായാധിപന്‍ തര്‍ക്ക സ്ഥലത്തും വീടുകളിലുമെത്തി അഭിപ്രായം രേഖപ്പെടുത്തുകയും വസ്തുത നേരിട്ട് മനസിലാക്കുകയും ചെയ്ത് വിധി പ്രഖ്യാപിക്കുന്ന സംവിധാനമാണ് ന്യായാലയയിലുള്ളത്.
50,000 രൂപ വരെ മൂല്യമുള്ള കേസുകള്‍, രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസുകള്‍, അതിര്‍ത്തി തര്‍ക്കങ്ങള്‍ തുടങ്ങിയവ ഇതിന്റെ പരിധിയില്‍ വരും. ശാരീരിക ന്യൂനതകള്‍ അനുഭവിക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് മാസത്തില്‍ ഓരോ വില്ലേജുകളില്‍ സിറ്റിങ് ഏര്‍പ്പെടുത്തും.
കേസുകള്‍ വേഗത്തില്‍ പൂര്‍ത്തിയാകുന്നതോടൊപ്പം വര്‍ഷങ്ങളോളം കോടതി കയറിയിറങ്ങേണ്ട സ്ഥിതിയും ഇല്ലാതാകും. കോടതി ഭാഷ മലയാളം ആയിരിക്കും. ഗ്രാമ ന്യായാലയത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ എം ഷഫീഖ് നിര്‍വഹിക്കും. ഇടുക്കി ജില്ലാ ജഡ്ജി ജസ്റ്റിസ് കെ ജോര്‍ജ് ഉമ്മന്‍ അധ്യക്ഷത വഹിക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ന്യായാധികാരിയായി നെടുങ്കണ്ടം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എം ടി തരിയച്ചനെ താല്‍ക്കാലികമായി നിയമിച്ചു. എട്ട് ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it