Flash News

ഇടിമുറിയുടെ തടങ്കല്‍ ഭേദിച്ച അഷിതയ്ക്ക് പ്രണയസാഫല്യം



കണ്ണൂര്‍: മുസ്‌ലിം യുവാവിനെ പ്രണയിച്ചതിന് സംഘപരിവാര നിയന്ത്രണത്തിലുള്ള തൃപ്പൂണിത്തുറ ഘര്‍വാപസി ഇടിമുറിയുടെ തടങ്കല്‍ ഭേദിച്ച് സാഹസികമായി രക്ഷപ്പെട്ട യുവതിക്ക് ഒടുവില്‍ പ്രണയസാഫല്യം. ആര്‍ഷ വിദ്യാ സമാജം എന്ന ശിവശക്തി യോഗാ കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട ധര്‍മടം പാലയാട് സ്വദേശിനിയായ നഴ്്‌സിങ് വിദ്യാര്‍ഥിനി അഷിതയും ജേണലിസം കഴിഞ്ഞ് വിവിധ മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്ത തലശ്ശേരി ധര്‍മടം പാലയാട്ടെ ഷുഹൈബ് മനത്താനത്തും തമ്മില്‍ വിവാഹിതരായി. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഇരുവരും മതം മാറാതെയാണ് വിവാഹിതരായത്. മാതാപിതാക്കളുടെ സമ്മര്‍ദങ്ങള്‍ക്കും യോഗാ കേന്ദ്രത്തിലെ പീഡനങ്ങളും കാരണം ഒരിക്കല്‍ ഹൈക്കോടതിയില്‍ തള്ളിപ്പറഞ്ഞ ഷുഹൈബിനെ തേടി അഷിത എത്തുകയായിരുന്നു. ഇതിനിടെ, മാസങ്ങള്‍ നീണ്ട യോഗാ കേന്ദ്രത്തിലെ പീഡനങ്ങള്‍ വിവരിച്ച് വീണ്ടും ഹൈക്കോടതിയിലെത്തിയതോടെയാണ് പ്രണയസാഫല്യത്തിനു വഴിയൊരുങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലുള്ള യുവതീയുവാക്കളുടെ പ്രണയത്തെ ലൗ ജിഹാദെന്ന കെട്ടുകഥയിലൂടെ അപസര്‍പ്പക കഥകള്‍ പ്രചരിപ്പിച്ചാണ് പെണ്‍കുട്ടിയെ പീഡനകേന്ദ്രത്തിലെത്തിച്ചത്.വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെയും സ്‌കൂള്‍ അധ്യാപികയുടെയും മകളായ അഷിത പ്രണയത്തിലായ ശേഷം 2016 ഡിസംബര്‍ അവസാനം തലശ്ശേരി സബ് രജിസ്ട്രാര്‍ ഓഫിസില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തു. ബന്ധുവിന്റെ പ്രേരണയില്‍ വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ ഇരുവരും നാടുവിട്ട് യുവാവിന്റെ ബന്ധുവിന്റെ സുഹൃത്തിന്റെ വീട്ടില്‍ കഴിഞ്ഞു. വിവാഹം ചെയ്തുതരാമെന്ന ഉറപ്പിന്‍മേല്‍ നാട്ടിലെത്തിയപ്പോള്‍ പോലിസ് പിടികൂടി. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയപ്പോള്‍ യുവാവിനൊപ്പം തന്നെ പോവാന്‍ പെണ്‍കുട്ടി താല്‍പര്യം പ്രകടിപ്പിച്ചു. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാവുംവരെ രക്ഷിതാക്കള്‍ക്കൊപ്പം കഴിയാന്‍ പറഞ്ഞു. ഇതിനു ശേഷം വീട്ടുതടങ്കലിനു സമാനമായ പീഡനങ്ങള്‍ക്കൊടുവില്‍ ആര്‍ഷവിദ്യാ കേന്ദ്രത്തിലുമെത്തിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഷുഹൈബ് മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കിയെങ്കിലും അന്വേഷണമൊന്നുമുണ്ടായില്ല. വീട്ടിലെത്തിയ ശേഷവും ബന്ധം തുടര്‍ന്നതോടെ വീണ്ടും കേന്ദ്രത്തിലെത്തിച്ച് ക്രൂരപീഡനമായിരുന്നുവെന്ന് രക്ഷപ്പെട്ട ശേഷം അഷിത മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. ഒരിക്കല്‍ പോലും തന്നോട് മതംമാറാന്‍ ആവശ്യപ്പെടാതിരുന്ന ഷുഹൈബിനെ മറക്കണമെന്നായിരുന്നു ആവശ്യം. കമ്പിയും വടിയും കൊണ്ടെല്ലാം മര്‍ദിച്ചെന്നു വ്യക്തമാക്കിയ അഷിത തന്നെ പരീക്ഷാ കേന്ദ്രത്തിലും ഹൈക്കോടതിയിലുമെല്ലാം എത്തിച്ചത് ഭീഷണിപ്പെടുത്തിയും ആയുധധാരികള്‍ക്കൊപ്പമായിരുന്നുവെന്നും വെളിപ്പെടുത്തിയിരുന്നു. കേന്ദ്രത്തില്‍ നിന്നു സാഹസികമായി രക്ഷപ്പെട്ട അഷിതയെ തേടിയലഞ്ഞ ഷുഹൈബ് ഒടുവില്‍ പ്രണയിനിയെ കണ്ടുമുട്ടി. ഹൈക്കോടതി മുമ്പ് പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കണമെന്നും തങ്ങളെ ഒന്നിച്ചു കഴിയാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ പോലിസ് സംരക്ഷണം നല്‍കാന്‍ ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രത്തിലെ പീഡനങ്ങള്‍ അക്കമിട്ട് ഹൈക്കോടതിയില്‍ വ്യക്തമാക്കിയ അഷിതയും ഷുഹൈബും ഇപ്പോള്‍ വിവാഹിതരാവുകയും ചെയ്തു. വിവാഹിതരായ കാര്യം ഷുഹൈബ് തന്റെ ഫേസ്ബുക്കില്‍ ഫോട്ടോ സഹിതം അറിയിച്ചപ്പോള്‍ സുഹൃത്തുക്കളുടെ സമ്പൂര്‍ണ പിന്തുണയാണു ലഭിച്ചത്.
Next Story

RELATED STORIES

Share it