ഇടിമിന്നല്‍ സുരക്ഷകരിപ്പൂരിനെ മാതൃകയാക്കാന്‍ നിര്‍ദേശം

കൊണ്ടോട്ടി: വ്യോമഗതാഗതത്തില്‍ ഇടിമിന്നല്‍ രക്ഷാചാലകത്തിന്റെ കരുത്ത് തെളിച്ചയിച്ച കരിപ്പൂര്‍ വിമാനത്താവളത്തെ മാതൃകയാക്കാന്‍ രാജ്യത്തെ മറ്റു വിമാനത്താവളങ്ങള്‍ക്കു നിര്‍ദേശം. എയര്‍പോര്‍ട്ട് അതോറിറ്റിയിലെ കമ്മ്യൂണിക്കേഷന്‍, നാവിഗേഷന്‍, സര്‍വൈലന്‍സ് (സിഎന്‍എസ്) വിഭാഗം എന്നിവ രണ്ട് ദിവസങ്ങളിലായി രാമനാട്ടുകരയില്‍ നടത്തിവന്ന സാങ്കതിക വിദഗ്ധരുടെ ദേശീയ ശില്‍പശാലയിലാണ് ഇടിമിന്നല്‍ രക്ഷാചാലകത്തിന്റെ കരിപ്പൂര്‍ മാതൃക പിന്തുണയ്ക്കാന്‍ നിര്‍ദേശിച്ചത്.
സാങ്കേതിക മികവിനെ തുടര്‍ന്നു കരിപ്പൂരിന്റെ വ്യോമഗതാഗതത്തില്‍ അഞ്ച് വര്‍ഷത്തിനിടെ ഇടിമിന്നല്‍ കൊണ്ടുണ്ടാവുന്ന അപകടങ്ങള്‍ കുറഞ്ഞതാണു കരിപ്പൂര്‍ വിമാനത്താവളത്തെ മറ്റു വിമാനത്താവളങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമാക്കിയത്. ഇതു സംബന്ധിച്ച് റിപോര്‍ട്ട് തയ്യാറാക്കി നല്‍കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ സാങ്കേതിക വിദഗ്ധരെ ചുമതലപ്പെടുത്തി.
ശക്തമായ ഇടിമിന്നലില്‍ വ്യോമഗതാഗത നിയന്ത്രണത്തിന് ഉപയോഗിക്കുന്ന ഐ എല്‍എസ്, ഡിവിഒആര്‍, റഡാ ര്‍, വിഎച്ച്എഫ്, എന്‍ഡി ബി എന്നീ ഉപകരണങ്ങള്‍ തകരാറിലാവുന്നത് പതിവായിരുന്നു. എന്നാല്‍ 2013ല്‍ കരിപ്പൂരില്‍ വികസിപ്പിച്ചെടുത്ത വ്യത്യസ്ത ഉപകരണങ്ങളുടെ സഹായത്തോടെ ഇടിമിന്നല്‍ മൂലമുള്ള നാശനഷ്ടങ്ങള്‍ ഇല്ലാതാക്കി രക്ഷാകവചമാക്കാന്‍ കരിപ്പൂരിന് സാധിച്ചു.
ഡല്‍ഹി, കൊല്‍ക്കത്ത, ഗുവാഹത്തി, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരബാദ്, മംഗലാപുരം, കൊച്ചി, കണ്ണൂര്‍, തിരുവനന്തപുരം, മുംബൈ വിമാനത്താവളങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന സാങ്കേതിക വിദഗ്ധര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തിരുന്നു.
ശില്‍പ്പശാലയുടെ സമാപനം ദക്ഷിണ മേഖല സിഎന്‍എസ് ടെയിനിങ് മേധാവി വി മുരുകാന്ദന്‍ ഉദ്ഘാടനം ചെയ്തു.
കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ കെ ശ്രീനിവാസ റാവു അധ്യക്ഷനായി. ജോയിന്റ് ജനറല്‍ മാനേജര്‍ മുനീര്‍ മാടമ്പാട്ട്, എജിഎം നന്ദകുമാര്‍, എന്‍ഐടി ഇലക്ട്രിക്കല്‍ മേധാവി ഡോ. അശോക്, കെ അനില്‍കുമാര്‍, സ്മിത പ്രകാശ്, ഡല്‍ഹി ജോ. ജനറല്‍ മാനേജര്‍ ജെ ബി സിങ് പ്രബന്ധം അവതരിപ്പിച്ചു.

Next Story

RELATED STORIES

Share it