kasaragod local

ഇടിമിന്നലില്‍ പരക്കെ നാശം : വീട് തകര്‍ന്നു; വൈദ്യുതി ഉപകരണങ്ങള്‍ കത്തിനശിച്ചു



ബദിയടുക്ക/മഞ്ചേശ്വരം/ബോവിക്കാനം: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ തുലാവര്‍ഷത്തില്‍ പരക്കെ നാശനഷ്ടം. ശക്തമായ ഇടിമിന്നലും കാറ്റും നാശം വിതച്ചു. പല സ്ഥലത്തും വൈദ്യുതി ബന്ധം തകരാറിലായി. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശംനഷ്ടം സംഭവിച്ചു. മല്ലം ചാത്തപ്പാടിയില്‍ മുന്ന് പേര്‍ക്ക് പൊള്ളലേറ്റു. ചാത്തപ്പാടിയിലെ രാജീവി (50), മകന്‍ രതീഷ് (28), രാജേഷിന്റെ ഭാര്യ മോണിഷ(20) എന്നിവര്‍ക്കാണ് ഇടിമിന്നലില്‍ പൊള്ളലേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാത്തപ്പാടിയിലെ സരോജിനിയുടെ വീടിന്റെ ഭിത്തിയില്‍ വിള്ളല്‍ വീണു. വൈദ്യുതി ഉപകരണങ്ങള്‍ കത്തി നശിച്ചു. നെക്രാജെ കോളാരിയിലെ മോഹനന്റെ വീട്ടിലും ഇടി മിന്നലില്‍ നാശം വിതച്ചു. ഭിത്തിയില്‍ വിള്ളല്‍ വീണു. മെയിന്‍ സ്വിച്ച് അടക്കമുള്ള വൈദ്യുതി ഉപകരണങ്ങള്‍ കത്തി നശിച്ചു. ബള്‍ബുകള്‍ പൊട്ടി തെറിച്ചു. വീട്ടുകാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. മാന്യ ചുക്കിനടുക്കയിലെ സരസ്വതിയുടെ വീട്ടിലെ വൈദ്യുതി ഉപകരണങ്ങള്‍ ഇടിമിന്നലില്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.മഞ്ചേശ്വരത്ത് കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം. അംഗഡിപ്പദവ് ശാന്തിനഗറിലെ അശോക് നായകിന്റെ ഓടിട്ട വീട്് തകര്‍ന്നുവീണു. അപകട സമയത്ത് വീട്ടിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടിയതിനാല്‍ ദുരന്തം ഒഴിവായി. കുഞ്ചത്തൂര്‍ സ്‌കൂളിന്റെ മതില്‍ 20 മീറ്റര്‍ നീളത്തില്‍ ഇടിഞ്ഞു. തുമിനാട്ടെ ഹരീഷിന്റെ വീടിന്റെ മതിലും തകര്‍ന്നു. ശാന്തി നഗറിലെ ശേഷഗിരി ആചാര്യയുടെ വീടിന് മുകളില്‍ മരം വീണ്. മേല്‍കൂര തകര്‍ന്നു. ഹൊസങ്കടിയില്‍ ഒരു കെട്ടിടത്തിന് മുകളിലുലുണ്ടായിരുന്ന പരസ്യബോര്‍ഡ് ഇളകി വൈദ്യുതി ലൈനിന് മുകളില്‍ വീണു. ഇതേ തുടര്‍ന്ന് വൈദ്യുതി ബന്ധം നിലച്ചു. ആനക്കല്ല് റോഡിലെ കൃപ വീരാഞ്ജനേയ വ്യായാമശാലക്കടുത്ത് മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.
Next Story

RELATED STORIES

Share it