thrissur local

ഇടിഞ്ഞു വീണ ദേശീയപാതയോരം പുനര്‍ നിര്‍മിക്കാതെ ടോള്‍ കമ്പനിയുടെ അനാസ്ഥ

പുതുക്കാട്: ഇടിഞ്ഞ് വീണ ദേശീയപാതയോരം പുനര്‍നിര്‍മിക്കാതെ ടോള്‍ കമ്പനിയുടെ അനാസ്ഥ. അപകടങ്ങള്‍ പതിവാകുന്നു. പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്തുള്ള ദേശീയപാതയുടെ സര്‍വ്വീസ് റോഡുകളുടെ ഇരുവശങ്ങളാണ് മാസങ്ങളായി ഇടിഞ്ഞ് കിടക്കുന്നത്.
പത്തടിയോളം താഴ്ചയില്‍ നൂറ് മീറ്റര്‍ നീളത്തിലാണ് റോഡിന്റെ ഓരം ഇടിഞ്ഞ് അപകടാവസ്ഥയില്‍ ആയിരിക്കുന്നത്. കലുങ്കിനോട് ചേര്‍ന്ന് സര്‍വ്വീസ് റോഡിന്റെ പകുതിയോളം ഭാഗം ഇടിഞ്ഞ്‌പോയ നിലയിലാണ്. നിര്‍മ്മാണത്തിലെ അപാകതയാണ് റോഡ് ഇടിയാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. വഴി വിളക്കില്ലാത്ത ഭാഗത്ത് റോഡ് വ്യാപകമായി ഇടിഞ്ഞ് പോയിട്ടും ടോള്‍ കമ്പനി യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. ഒരേ സമയം രണ്ട് വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് റോഡിന്റെ അവസ്ഥ. കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് സര്‍വ്വീസ് റോഡിനെ ആശ്രയിക്കുന്നത്. അപകടങ്ങള്‍ പതിവായതോടെ പരാതിയുമായി വാഹന യാത്രികര്‍ അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. രണ്ട് മാസം മുന്‍പ് സര്‍വ്വീസ് റോഡ് റീ ടാറിംഗ് നടത്തിയെങ്കിലും ഇടിഞ്ഞുപോയ ഭാഗം പുനര്‍നിര്‍മ്മിക്കുന്നതിനോ അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനോ ടോള്‍ കമ്പനി തയ്യാറായിട്ടില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് വെള്ളം കൊണ്ടുപോയിരുന്ന പിക്കപ്പ് വാന്‍ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ദേശീയപാതയോരത്തെ ഇടിഞ്ഞ ഭാഗത്തേക്ക് മറിഞ്ഞിരുന്നു.
കലുങ്കിനോട് ചേര്‍ന്ന് താഴ്ചയിലേക്ക് മറിഞ്ഞ വാന്‍ കേബിളുകളില്‍ തങ്ങി നിന്നതുമൂലം അപകടം ഒഴിവായി. നിരവധി വാഹനങ്ങളാണ് സമാനരീതിയില്‍ അപകടത്തില്‍പെടുന്നത്. സര്‍വ്വീസ് റോഡിന്റെ അടിതട്ടിലെ മണ്ണ് അടര്‍ന്ന് വീണ് ടാറിംഗ് വിണ്ടുകീറിയ നിലയിലാണ്. പാര്‍ശ്വഭിത്തി കെട്ടി സര്‍വ്വീസ് റോഡ് സംരക്ഷിച്ചില്ലെങ്കില്‍ വാഹനങ്ങള്‍ സമീപത്തെ പാടത്തേയ്ക്ക് മറിഞ്ഞ് അപകടം സംഭവിക്കാന്‍ സാധ്യതയേറെയാണ്.
Next Story

RELATED STORIES

Share it