Idukki local

ഇടവെട്ടി ശുദ്ധജല വിതരണ പദ്ധതി നിര്‍മാണോദ്ഘാടനം ഇന്ന്

തൊടുപുഴ: ഇടവെട്ടി ഗ്രാമപ്പഞ്ചായത്തിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി ജലവിഭവവകുപ്പ് നടപ്പാക്കുന്ന ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് ഇടവെട്ടി പോസ്റ്റ് ഓഫിസ് കവലയില്‍ നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പദ്ധതിക്കായി 17കോടിയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിരുന്നു. ഇടവെട്ടി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതിയുടെ സ്രോതസ്സ് തൊടുപുഴയാറാണ്. മലങ്കരയില്‍ നിര്‍മിക്കുന്ന ഒമ്പത് മീറ്റര്‍ വ്യാസമുള്ള കിണറ്റില്‍ ശേഖരിക്കുന്ന ജലം ഞെരികാവില്‍ സ്ഥാപിക്കുന്ന ശുദ്ധീകരണ ശാലയിലേക്ക് പമ്പ് ചെയ്യുന്നു. ഇതിനായി 30 എച്പി പമ്പ്‌സെറ്റും 1100 മീറ്റര്‍ നീളത്തില്‍ പൈപ്പുലൈനും സ്ഥാപിക്കും. ഞെരികാവില്‍ സ്ഥാപിക്കുന്ന ജലശുദ്ധീകരണശാലയുടെ ശേഷി പ്രതിദിനം 35 ലക്ഷം ലിറ്ററാണ്.
ശുദ്ധീകരിച്ച ജലം 2.30 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള സാംപിള്‍ ശേഖരിച്ച് ഇടവെട്ടി, ചൊക്കമ്പാറ എന്നീ പ്രദേശങ്ങളില്‍ പണിയുന്ന സംഭരണികളിലേക്ക് 6,600 മീറ്റര്‍ നീളത്തില്‍ പൈപ്പുകള്‍ ഉപയോഗിച്ച് പമ്പ് ചെയ്യുന്നു. മറ്റു രണ്ടു സംഭരണികളില്‍ നിന്നു വെള്ളം പമ്പ് ചെയ്യും. പ്ലാന്റ്, ജലസംഭരണികള്‍, പൈപ്പ് ലൈന്‍ എന്നീ ഘടകങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാര്‍ അംഗീകരിച്ചു കഴിഞ്ഞു. ഈ പദ്ധതിയുടെ ജോലികള്‍ 2017 മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്യും.
ഇടവെട്ടി പഞ്ചായത്തിലെ 14,877 ആളുകള്‍ക്ക് പ്രതിദിനം 70 ലിറ്റര്‍ ശുദ്ധജലം ലഭിക്കത്തക്ക രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും ശുദ്ധജലം നല്‍കുവാന്‍ ലക്ഷ്യം വയ്ക്കുന്ന പദ്ധതിയുടെ നിര്‍മാണോദ്ഘാടനവും സൗജന്യമായി സ്ഥലം വിട്ടു നല്‍കിയവരെ ആദരിക്കലും ജലവിഭവ മന്ത്രി പി ജെ ജോസഫ് നിര്‍വഹിക്കും. അഡ്വ. ജോയ്‌സ് ജോര്‍ജ് എം പി അധ്യക്ഷത വഹിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ ബീന വിനോദ്, സിബി ജോസ്, ഷീജ നൗഷാദ്, ജയകൃഷ്ണന്‍ പുതിയേടത്ത്, എ കെ സുഭാഷ്‌കുമാര്‍, ബേബി കാവാലം തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it