ernakulam local

ഇടമലയാര്‍: ഭയക്കേണ്ട സാഹചര്യമില്ലെന്ന് കലക്ടര്‍

കാക്കനാട്: ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഭയക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല അറിയിച്ചു.
ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ്,  മഴയുടെ തോത്, ജലനിരപ്പ് ഉയരുകയോ താഴുകയോ ചെയ്യുന്നതിനെടുക്കുന്ന സമയം, താഴ്ന്ന പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു മുന്നറിയിപ്പുകള്‍ നല്‍കിയതിനു ശേഷമേ അണക്കെട്ടുകള്‍ തുറക്കൂ.
ഇവ രണ്ടും സംബന്ധിച്ച് ആദ്യ മുന്നറിയിപ്പു മാത്രമേ ലഭിച്ചിട്ടുള്ളൂ. മൂന്നാം മുന്നറിയിപ്പു കഴിഞ്ഞ് 24 മണിക്കൂറിനുശേഷമേ ഷട്ടറുകള്‍ തുറക്കൂ എന്നതിനാല്‍ ജനവാസകേന്ദ്രങ്ങളില്‍നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും സമയം ലഭിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 165 മീറ്റര്‍ കടന്നപ്പോഴാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയത്. ഇത് 167 മീറ്ററാവുമ്പോള്‍ രണ്ടാം മുന്നറിയിപ്പും 169 മീറ്ററാവുമ്പോള്‍ മൂന്നാം മുന്നറിയിപ്പും നല്‍കും.
ഇടുക്കിയില്‍ 2390 അടി പിന്നിട്ടപ്പോഴാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയത്. ജലനിരപ്പ് 2395 അടിയാവുമ്പോള്‍ രണ്ടാമത്തെയും 2399 അടിയാവുമ്പോള്‍ മൂന്നാമത്തെയും മുന്നറിയിപ്പ് നല്‍കും. തുടര്‍ന്ന് 24 മണിക്കൂറിനു ശേഷമേ ഷട്ടറുകള്‍ തുറക്കൂ. നിലവിലെ കാലാവസ്ഥയില്‍ ഇടുക്കി അണക്കെട്ടില്‍ ഒരടിയും ഇടമലയാറില്‍ 50 സെന്റീമീറ്ററും വീതമാണ് പ്രതിദിനം ജലനിരപ്പുയരുന്നത്. ജില്ലയെ സംബന്ധിച്ചിടത്തോളം ഇടമലയാറിലെ ജലനിരപ്പ് സുപ്രധാനമാണെന്നും ഇതു സംബന്ധിച്ച് ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ഭൂതത്താന്‍കെട്ടിലെ 15 ഷട്ടറുകളില്‍ 13 എണ്ണം തുറന്നിട്ടുണ്ട്. 34.95 മീറ്റര്‍ സംഭരണശേഷിയുള്ള അണക്കെട്ടില്‍ 29 മീറ്ററോളം വെള്ളമാണ് ഇപ്പോഴുള്ളത്. ഇടുക്കിയില്‍ വൈദ്യുതോല്‍പ്പാദനം പൂര്‍ണതോതില്‍ നടത്തുന്നതിനാല്‍ മൂവാറ്റുപുഴയാറില്‍ നീരൊഴുക്ക് കൂടാന്‍ സാധ്യതയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആളുകളെ ഒഴിപ്പിക്കേണ്ട സാഹചര്യത്തില്‍ ക്യാംപുകള്‍ സജ്ജമാക്കുന്നതിനുള്ള സ്‌കൂള്‍, കോളജ് തുടങ്ങിയവ കണ്ടെത്താന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. രണ്ടാം മുന്നറിയിപ്പ് നല്‍കേണ്ടതായി വന്നാല്‍ തുടര്‍ന്ന് വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും.
മുന്നറിയിപ്പ് നല്‍കുന്നതും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയും ഔദ്യോഗിക നടപടിക്രമങ്ങള്‍ മാത്രമാണെന്നും ജനങ്ങള്‍ ഭയക്കേണ്ട സാഹചര്യമില്ലെന്നും കലക്ടര്‍ പറഞ്ഞു. ഇതേ കാലാവസ്ഥ തുടര്‍ന്നാല്‍ 10 ദിവസങ്ങള്‍കൊണ്ടേ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുള്ളൂ.  ഇതിനിടയില്‍ മഴ കുറയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒ എസ് ഷാജഹാന്‍, മൂവാറ്റുപുഴ ആര്‍ഡിഒ അനില്‍കുമാര്‍, ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ഷീല ദേവി, സംസ്ഥാന വൈദ്യുതബോര്‍ഡ് ലോഡ് ഡെസ്പാച്ച് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍  എസ് ആര്‍ ആനന്ദ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it