Flash News

ഇടപ്പള്ളി ഒബ്‌റോണ്‍ മാളില്‍ തീപ്പിടിത്തം



കൊച്ചി: പ്രമുഖ വ്യാപാരകേന്ദ്രമായ ഇടപ്പള്ളി ഒബ്‌റോണ്‍ മാളില്‍ തീപ്പിടിത്തം. മാളിലെ നാലാംനിലയിലെ ഫുഡ്‌കോര്‍ട്ടിലെ അടുക്കളയിലാണ് തീപ്പിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല. ഇന്നലെ രാവിലെ 11.15നാണ് അപകടം. കനത്ത പുക മാളില്‍ മൊത്തം വ്യാപിച്ചതോടെ പലര്‍ക്കും ശ്വാസതടസ്സമുണ്ടായി. തീപ്പിടിത്തമുണ്ടാവുമ്പോള്‍ നാല് തിയേറ്ററില്‍ ഉള്‍പ്പെടെ മാളില്‍ മൂവായിരത്തോളം ആളുകളുണ്ടായിരുന്നതായി കണക്കാക്കുന്നു. പോലിസും അഗ്നിശമനസേനയും മാളിലെ സുരക്ഷാജീവനക്കാരും ചേര്‍ന്നാണ് തീ പടരുന്നത് തടഞ്ഞത്. നാലാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ്‌കോര്‍ട്ടിലെ തന്തൂരി—ചിക്കന്‍ അടുപ്പിലെ തീ ചിമ്മിണിയില്‍ പറ്റിപ്പിടിച്ചിരുന്ന എണ്ണപ്പാളിയിലേക്ക് പടരുകയായിരുന്നുവെന്ന് അഗ്നിശമന സേന പറഞ്ഞു. അടുക്കളയിലെ തെര്‍മോകോള്‍ സീലിങിലേക്ക് തീ പടര്‍ന്നതോടെ കനത്ത പുക നാലാംനിലയില്‍ നിന്നു മറ്റ് നിലകളിലേക്ക് വ്യാപിച്ചു. അപായസൂചനയായി അലാം മുഴങ്ങിയതോടെ വിവിധ നിലകളിലെ സ്റ്റാളുകളില്‍ നിന്ന് ആളുകളെ മിനിറ്റുകള്‍ക്കുള്ളില്‍ ഒഴിപ്പിച്ചു. ഫുഡ്‌കോര്‍ട്ടിനോട് ചേര്‍ന്നുള്ള നാല് മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ നിന്ന് 1200ഓളം പേരെയും സുരക്ഷിതമായി മാറ്റി.  പുക മുകളിലേക്ക് പോവാതെ താഴെ നിലയില്‍ മുന്‍വശത്തെയും പിറകിലെയും വാതില്‍ വഴിയാണ് പുറത്തേക്കെത്തിയത്്. തുടര്‍ന്ന് നാലാംനിലയുടെ പിറകില്‍ രക്ഷാമാര്‍ഗത്തിലുള്ള മൂന്ന് ഗ്ലാസുകള്‍ പൊട്ടിച്ചാണ് പുക പുറത്തേക്കു വിട്ടത്. മാളിന്റെ ഏറ്റവും മുകളിലെ ഡോമിന്റെ ഗ്ലാസും പൊട്ടിച്ചു. ഉച്ചയ്ക്ക് രണ്ടോടെ പുക പൂര്‍ണമായും ഒഴിവാക്കാനായി.
Next Story

RELATED STORIES

Share it