Flash News

ഇടപാടുകാരെ സംരക്ഷിക്കാന്‍ ആര്‍ബിഐ ചട്ടം വരുന്നു



മുംബൈ: ഇലക്ട്രോണിക് ബാങ്കിങ് രംഗത്തെ തട്ടിപ്പുകളില്‍ നിന്ന് ഇടപാടുകാരെ സംരക്ഷിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. അനധികൃതമായ ഇലക്ട്രോണിക് ബാങ്കിങ് പണമിടപാടുകള്‍ നടന്നാല്‍ ഉപഭോക്താക്കള്‍ക്ക് ബാധ്യത കുറച്ചു കൊണ്ടുവരുന്ന തരത്തിലുള്ള ചട്ടങ്ങളാണ് പരിഗണിക്കുന്നതെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എസ് എസ് മുന്ദ്ര പറഞ്ഞു. തട്ടിപ്പുകള്‍ നടന്ന് പണം നഷ്ടപ്പെടുന്ന അവസരത്തില്‍ ഇടപാടുകാര്‍ക്കുമേലുള്ള ഭാരം കുറയ്ക്കുന്ന തരത്തിലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ആഗസ്തില്‍ ആര്‍ബിഐ കരട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. കരട് സര്‍ക്കുലറിലെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചാണ് ആര്‍ബിഐ അന്തിമ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുന്നത്. അന്തിമ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ തന്നെ പുറപ്പെടുവിക്കാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേ മുന്ദ്ര അറിയിച്ചു.ബാങ്കിങ് രംഗത്തെ സാങ്കേതിക വിദ്യകള്‍ വര്‍ധിക്കുന്നതിനൊപ്പം തന്നെയാണ് ഈ രംഗത്തെ തട്ടിപ്പുകളും വ്യാപകമാവുന്നത്. എടിഎം തട്ടിപ്പുകള്‍, നെറ്റ് ബാങ്കിങ് തട്ടിപ്പ്, സൈബര്‍ വിവരം ചോര്‍ത്തലുകള്‍ എന്നിവയിലെല്ലാം വര്‍ധനവുണ്ട്. ഇപ്പോള്‍ പ്രത്യേകിച്ച് നോട്ട് നിരോധനത്തിനു ശേഷം ഡിജിറ്റല്‍ ബാങ്കിങ് രംഗത്ത് വലിയ വളര്‍ച്ചയുണ്ടായി. അതേസമയം, തന്നെ ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികളും വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് സമഗ്രമായ നയ രൂപീകരണം ആവശ്യമാണ്. ഇടപാടുകാരുടെ അപകട സാധ്യതകള്‍ കുറച്ചുകൊണ്ടുവരുന്ന തരത്തിലാണ് ഡിജിറ്റല്‍ ബാങ്കിങ് രംഗത്തെ പുതിയ തീരുമാനമെന്നും മുന്ദ്ര പറഞ്ഞു. തട്ടിപ്പുകള്‍ നടന്നാല്‍ ഇടപാടുകാര്‍ക്ക്് അതിന്റെ ഭാരം അനുഭവിക്കാന്‍ വിടാതെ ബാങ്കുകള്‍ക്കുമേല്‍ കൂടുതല്‍ ഉത്തരവാദിത്തം വരുന്ന തരത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കുകള്‍ക്കുള്ള സുരക്ഷാ സംവിധാനം ശക്തമാക്കിയാല്‍ സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ സാധിക്കുമെന്നും മുന്ദ്ര വ്യക്തമാക്കി.
Next Story

RELATED STORIES

Share it