Flash News

ഇടപാടുകാരെ പുകച്ചു ചാടിക്കാനോ - എസ് ബിഐയുടെ കഴുത്തറപ്പന്‍ ചാര്‍ജുകള്‍ക്ക് പിന്നിലെന്ത് ?

ഇടപാടുകാരെ പുകച്ചു ചാടിക്കാനോ - എസ് ബിഐയുടെ കഴുത്തറപ്പന്‍ ചാര്‍ജുകള്‍ക്ക് പിന്നിലെന്ത് ?
X


ഇടപാടുകാരുടെ പരാതിപ്രളയം ഒരു ഭാഗത്ത്. രണ്ട് ബാങ്കുകള്‍ ലയിപ്പിച്ച് ഒന്നാക്കിയതിന്റെ തലവേദന വേറെ. ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സേവനം അനുദിനം മോശമാകുന്നുവെന്ന പരാതികള്‍ക്കിടയിലും  ഇടപാടുകള്‍ക്കെല്ലാം ചാര്‍ജ് ഈടാക്കുവാനുള്ള എസ്ബിഐയുടെ ചേതോവികാരത്തിന് പിന്നിലെന്താണ് ? സാധാരണക്കാരെയും ചെറുകിട ഉപപോക്താക്കളെയും നേരിട്ടങ്ങ് തള്ളിപ്പറയാനാവാത്ത വളഞ്ഞ വഴിയിലൂടെ ഒഴിവാക്കുകയാണ് ബാങ്കിന്റെ ലക്ഷ്യമെന്ന് വേണം കരുതാന്‍. പുതുതലമുറ ബാങ്കുകാരുടെ ചുവട് പിടിച്ച് അക്കൗണ്ട് തുറക്കാനും നിലനിറുത്താനും വലിയ സംഖ്യ ഈടാക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കാത്തതിനാല്‍ സേവനങ്ങള്‍ക്ക് എണ്ണം പറഞ്ഞ് കാശ് ഈടാക്കി പാവപ്പെട്ടവരെയും സാധാരണക്കാരെയും അകറ്റി നിറുത്തുക എന്ന ലക്ഷ്യമാണ് ബാങ്കിനുള്ളതെന്ന ആരോപണമാണ് ഉയരുന്നത്.
എടിഎം ഇടപാടുകള്‍ക്ക് ഇനി മുതല്‍ 25 രൂപയാണ് ചാര്‍ജ്ജ്. ചാര്‍ജെന്നു വച്ചാല്‍, ഓരോ തവണ പണം പിന്‍വലിക്കുമ്പോഴും 25 രൂപ അക്കൗണ്ടില്‍ നിന്നങ്ങ് പോവും. വെറുതെയിരിക്കുമ്പോ അക്കൗണ്ടിലെത്ര ബാലന്‍സുണ്ടെന്നു ചെക്ക് ചെയ്ത് കളയാമെന്നു കരുതിയാലോ അപ്പോഴും പോവും 25 രൂപ വച്ച് കയ്യില്‍ നിന്ന്. ഇതെന്താ ബ്ലേഡ് ഏര്‍പ്പാടാണോയെന്നു തോന്നിയാലും തെറ്റില്ല. മുഷിഞ്ഞ നോട്ടുകള്‍ ബാങ്കില്‍ ചെന്ന് ഫ്രീയായി മാറ്റിയെടുക്കാമെന്ന വ്യാമോഹവും ഇനി വേണ്ട. അതിനും കൊടുക്കണം സര്‍വ്വീസ് ചാര്‍ജ്ജ്. 5000 (20 നോട്ടുകള്‍) രൂപയ്ക്ക് മുകളിലുള്ള മുഷിഞ്ഞ നോട്ട് മാറ്റുന്നതിനേ സര്‍വ്വീസ് ചാര്‍ജുള്ളൂ എന്നൊരു സൗജന്യമുണ്ടേ.. വൈകാതെ ഇതും ഒഴിവാക്കി അഞ്ചുരൂപ നോട്ടു മാറ്റാന്‍ 25 രൂപ സര്‍വ്വീസ് ചാര്‍ജ് നല്‍കണമെന്നു പറഞ്ഞാലും അല്‍ഭുതപ്പെടാനില്ല. കയ്യില്‍ പണമില്ലെന്നും സേവനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കി പണമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നുമാണ് അനൗദ്യോഗികമായി പറഞ്ഞു കേള്‍ക്കുന്നതെങ്കിലും അതിലുമുണ്ട് അവിശ്വസനീയത. ലോകത്തിലെ ഏറ്റവും വലിയ 45 ബാങ്കുകളില്‍ ഒന്നായ എസ്ബിഐയാണ് പണമില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുന്നത്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കാണ് കാശുണ്ടാക്കാന്‍ ഇത്ര ചീപ്പാകുന്നത് എന്നതാണ് കൗതുകകരം.
പുതിയ തീരുമാനം ഏറ്റവുമധികം ബാധിക്കുക വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായും ക്ഷേമപെന്‍ഷനുകളും ശമ്പളവും മറ്റുമായും ബാങ്കിനെ ആശ്രയിക്കുന്ന പാവപ്പെട്ടവരെയും സാധാരണക്കാരെയുമാണ്. ഇക്കൂട്ടരെക്കൊണ്ട് വലിയ സാമ്പത്തിക ലാഭമൊന്നും ബാങ്കിനില്ലെന്നു മാത്രമല്ല ഇത്തരം സേവനങ്ങള്‍ക്കായി വലിയ ശമ്പളം കൊടുത്ത് ജീവനക്കാരെ നിലനിറുത്തേണ്ടിയും വരുന്നു. നിലവിലെ തിരക്കുകള്‍ തന്നെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുകയായിരുന്ന ബാങ്ക് എസ്ബിടിയുമായുള്ള ലയനത്തിന് ശേഷം കൂടുതല്‍ ബാങ്കുകളെക്കൂടി ലയിപ്പിച്ചെടുക്കാനുള്ള നടപടികളിലാണ്. ആയിരക്കണക്കിന് ബാങ്ക് ശാഖകള്‍ പൂട്ടുകയാണ് ഇതോടെ സംഭവിക്കുന്നത്. ഇവിടെയെല്ലാമുള്ള ഇടപാടുകളും എസ്ബിഐ കൈകാര്യം ചെയ്യേണ്ടിവരും. ഇതോടെ സേവനക്കാരെക്കൊണ്ട് ബാങ്ക് യഥാര്‍ഥത്തില്‍ പൊറുതിമുട്ടും. കഴുത്തറപ്പന്‍ ഫീസ് ഈടാക്കി ഇടപാടുകാരെ നിയന്ത്രിച്ചില്ലെങ്കില്‍ പ്രശ്‌നമാകും എന്ന് ബാങ്ക് ചിന്തിക്കുന്നതിന്റെ കാരണവും ഇതു തന്നെ.
തൊട്ടതിനും പിടിച്ചതിനുമൊക്കെ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതോടെ സാധാരണക്കാര്‍ പോസ്റ്റ് ഓഫീസ് അക്കൗണ്ട് പോലുള്ള സംവിധാനങ്ങള്‍ തേടിപ്പോകും. പണക്കാര്‍ അക്കൗണ്ടുകള്‍ നിലനിറുത്തുകയും ചെയ്യും. ബാങ്ക് ആഗ്രഹിക്കുന്നതും ഇതു തന്നെ.


[related]
Next Story

RELATED STORIES

Share it