Editorial

ഇടപാടുകാരില്‍ അമിതഭാരം അടിച്ചേല്‍പ്പിക്കരുത്‌



സൗജന്യ എടിഎം സേവനം നിര്‍ത്തലാക്കുന്നത് ഉള്‍പ്പെടെ ഇടപാടുകാരുടെ മേല്‍ കനത്ത സേവനനിരക്കുകള്‍ അടിച്ചേല്‍പിച്ചുകൊണ്ടുള്ള എസ്ബിഐയുടെ നടപടി രാജ്യവ്യാപകമായ പ്രതിഷേധത്തിനു വഴിവച്ചിരിക്കുകയാണ്. അതേത്തുടര്‍ന്ന് എസ്ബിഐ അധികൃതര്‍ പലതരം മലക്കംമറിച്ചിലുകളും നടത്തുന്നുണ്ടെങ്കിലും കാലാന്തരത്തില്‍ വീണ്ടും ഇടപാടുകാരുടെ മേല്‍ അമിതഭാരം വന്നുവീഴും എന്നുതന്നെയാണ് കരുതേണ്ടത്. എസ്ബിടി ഉള്‍പ്പെടെ അഞ്ചു സബ്‌സിഡിയറി ബാങ്കുകള്‍ എസ്ബിഐയില്‍ ലയിപ്പിച്ചതോടെ രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും ഈ ബാങ്കിങ് ശൃംഖലയുടെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. ആയതിനാല്‍ ഇന്ത്യയിലെ ജനങ്ങളെ സാമാന്യമായി ബാധിക്കുന്ന നടപടിയായിരിക്കും എസ്ബിഐയുടെ ഭാഗത്തുനിന്നുണ്ടാവുന്ന ഏതു നീക്കവും.  എടിഎം, ടെലിബാങ്കിങ്, മൊബൈല്‍ ബാങ്കിങ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള ഇടപാടുകളെ അതിരറ്റു പ്രോല്‍സാഹിപ്പിക്കുന്ന സമീപനമാണ് ബാങ്കുകള്‍ക്കുള്ളത്. ബാങ്ക് ശാഖകളില്‍ കയറിച്ചെല്ലാതെ ഇടപാടുകള്‍ നടത്തുന്ന ഇത്തരം നൂതന സമ്പ്രദായങ്ങള്‍ വഴി യഥാര്‍ഥത്തില്‍ ബാങ്ക് ജീവനക്കാര്‍ ചെയ്യേണ്ട പ്രവൃത്തികള്‍ ഇടപാടുകാര്‍ തന്നെ നേരിട്ടു ചെയ്തുതീര്‍ക്കുകയാണ്. ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ ഇതുമൂലം ബാങ്കുകള്‍ക്കു സാധിക്കും. സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ബാങ്കിങ് സംവിധാനം വഴി ബാങ്കുകള്‍ക്ക് വലിയ സാമ്പത്തിക ലാഭമാണ് ഉണ്ടാവുന്നത്. അതോടൊപ്പം സേവനത്തിനു കൂലി കൂടി വാങ്ങി ലാഭം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ബാങ്കുകള്‍ ചെയ്തുതരാത്ത സേവനത്തിന് എന്തിനാണ് ഇടപാടുകാര്‍ കൂലി കൊടുക്കുന്നത്? ഇടപാടുകള്‍ക്ക് വന്‍തോതില്‍ പണം ഈടാക്കുന്നതിനു പിന്നില്‍ സ്വകാര്യവല്‍ക്കരണമെന്ന അജണ്ട ഉണ്ടെന്നാണ് ഇടതുപക്ഷ രാഷ്ട്രീയകക്ഷികള്‍ പറയുന്നത്. ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത അജണ്ടയാണ്. 2014 ജനുവരിയില്‍ നിയോഗിക്കപ്പെട്ട പി ജെ നായക് കമ്മിറ്റിയുടെ റിപോര്‍ട്ട് ഊന്നല്‍ നല്‍കുന്നത് സ്വകാര്യവല്‍ക്കരണത്തിനാണ്. ഈ റിപോര്‍ട്ടിലെ ശുപാര്‍ശകളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. പൊതുമേഖലാ ബാങ്കുകളുടെ സേവനം അനാകര്‍ഷകമാക്കുക വഴി പുതുതലമുറ സ്വകാര്യ ബാങ്കുകള്‍ക്ക് സ്വീകാര്യത വര്‍ധിപ്പിക്കാനുള്ള ശ്രമം പുതിയ നടപടികള്‍ക്കു പിന്നിലുണ്ടെന്ന വാദവും തള്ളിക്കളഞ്ഞുകൂടാ; എസ്ബിഐ മാതൃക മറ്റു പൊതുമേഖലാ ബാങ്കുകള്‍ക്കുകൂടി സ്വീകാര്യമാവാനുള്ള സാധ്യതയുണ്ട് എന്നതിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. ഏറ്റവും വലിയ നിര്‍ഭാഗ്യം എസ്ബിഐ ജീവനക്കാര്‍ ഇത്തരം നടപടികള്‍ക്കെതിരേ കാര്യമായ രീതിയില്‍ പ്രതികരിക്കുന്നില്ല എന്നതാണ്. ബാങ്കിലെ അംഗീകൃത സംഘടനകള്‍ ഇത്തരം പ്രശ്‌നങ്ങളില്‍ സമരം ചെയ്യില്ലെന്ന സമീപനമാണ് പുലര്‍ത്തുന്നത്. മാനേജ്‌മെന്റിന് അങ്ങനെയൊരു ഉറപ്പ് സംഘടനകള്‍ നല്‍കിയിട്ടുമുണ്ടത്രേ. ഇതു ശരിയാണെങ്കില്‍ വലിയ കഷ്ടമാണ്. ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ബാങ്ക് ജീവനക്കാര്‍ക്കുകൂടി ജനങ്ങള്‍ക്കൊപ്പം പങ്കാളിത്തമുണ്ടായേ തീരൂ.
Next Story

RELATED STORIES

Share it