ഇടത ്‌ഐക്യത്തിനു തടസ്സം സിപിഎം ധാര്‍ഷ്ട്യം: ആര്‍എസ്പി

ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ ഇടത് പാര്‍ട്ടികളുടെ ഐക്യം സാധ്യമാവാത്തത് സിപിഎമ്മിന്റെ ധാര്‍ഷ്ട്യം കൊണ്ടാണെന്ന് ആര്‍എസ്പി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി സിപിഎമ്മുമായുള്ള ആര്‍എസ്പിയുടെ ബന്ധം നല്ല നിലയിലല്ല. 1980കള്‍ മുതല്‍ പാര്‍ട്ടിയെ ഒതുക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. കൂടെയുണ്ടായിരുന്ന സഖ്യകക്ഷികളെ പിളര്‍ത്തുകയാണ് സിപിഎം സ്വീകരിച്ച തന്ത്രം. 1999ല്‍ പാര്‍ട്ടിയെ പിളര്‍ത്തിയതില്‍ സിപിഎമ്മിനു പങ്കുണ്ടെന്നും ഡല്‍ഹിയില്‍ നടക്കുന്ന സമ്മേളനത്തില്‍ അവതരിപ്പിച്ച കരടു രേഖയില്‍ വിമര്‍ശനമുണ്ട്. എന്നാല്‍, ദേശീയതലത്തില്‍ സിപിഎമ്മിനോടൊപ്പവും കേരളത്തില്‍ സിപിഎം വിരുദ്ധ ചേരിയിലും നിലകൊണ്ട ആര്‍എസ്പിയുടെ നയത്തെ റിപോര്‍ട്ട് ന്യായീകരിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് നേട്ടത്തിനായി കേരളത്തില്‍ സിപിഎം ന്യൂനപക്ഷ പ്രീണനം നടത്തുന്നതായും റിപോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണ് സിപിഎം ന്യൂനപക്ഷ പ്രീണനം നടത്തുന്നത്. കോഴിക്കോട് നടന്ന സിപിഎമ്മിന്റെ പരിപാടിയില്‍ യോഗസ്ഥലത്ത് മുസ്‌ലിംകള്‍ക്ക് പ്രാര്‍ഥിക്കാന്‍ സൗകര്യമൊരുക്കിയ സംഭവവത്തെയും കരടുരേഖയില്‍ വിമര്‍ശിക്കുന്നുണ്ട്. സിപിഎം സ്വത്വ രാഷ്ട്രീയത്തിനു പിന്നാലെ പോവുകയാണ്. ദലിതര്‍ക്ക് വേണ്ടി പ്രത്യേക സംഘടന ഉണ്ടാക്കിയത് ഇതിന്റെ ഭാഗമാണ്. ഇത് യഥാര്‍ഥ കമ്മ്യൂണിസ്റ്റുകാര്‍ക്കു ചേര്‍ന്നതല്ല. റിപോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ കേരളത്തില്‍നിന്നുള്ളവരെല്ലാം സംസ്ഥാനത്ത് കോണ്‍ഗ്രസ്സുമായി ചേര്‍ന്നു ഭരണം പങ്കിടുന്നതിനെ പിന്തുണച്ചു.
അതേസമയം, കേരളത്തില്‍ ഇടതുപക്ഷത്തിനെതിരേ സ്വീകരിച്ചുവരുന്ന നിലപാടിനെ പശ്ചിമ ബംഗാളില്‍നിന്നുള്ള അംഗങ്ങള്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. കേരളത്തിനു പുറമെനിന്നുള്ള സംസ്ഥാനങ്ങളില്‍ നിന്ന് എല്ലാവരും കേരളത്തിലെ ആര്‍എസ്പിയുടെ നിലപാടിനെ വിമര്‍ശിച്ചാണ് സംസാരിച്ചത്. പ്രമേയത്തിലുള്ള ചര്‍ച്ച ഇന്നും തുടരും. ദേശീയ തലത്തില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കുന്നതില്‍ തെറ്റില്ലെന്നാണ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.
എന്നാല്‍, കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് മുന്നണിയോട് കൂടെ നില്‍ക്കേണ്ട രാഷ്ട്രീയ സാഹചര്യം നിലവിലില്ലെന്നാണ് വിലയിരുത്തല്‍. ഡല്‍ഹിയില്‍ നടക്കുന്ന മൂന്നുദിവസത്തെ സമ്മേളനം നാളെ സമാപിക്കും. 350ഓളം പ്രതിനിധികളാണ് സമ്മേളനത്തി ല്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്ന് 160 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ ജനറല്‍ സെക്രട്ടറി ടിജെ ചന്ദ്രചൂഢന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
Next Story

RELATED STORIES

Share it