Pathanamthitta local

ഇടത്-വലത് പക്ഷത്ത് നിലയുറപ്പിച്ച ചരിത്രവുമായി കോയിപ്രം ഡിവിഷന്‍

പത്തനംതിട്ട: ആദ്യം ഇടതുപക്ഷത്തും പിന്നീട് വലതു പക്ഷത്തുമായി നിലയുറപ്പിച്ച ചരിത്രമാണ് കോയിപ്രം ഡിവിഷനുള്ളത്.
ചരിത്രം
1991ല്‍ ജില്ലാ കൗണ്‍സില്‍ നിലവില്‍ വന്നപ്പോള്‍ ഇപ്പോഴത്തെ ഹൈക്കോടതി ജഡ്ജിയായ പി ഡി രാജന്‍ എല്‍ഡിഎഫിന് വേണ്ടി ഡിവിഷനില്‍ വിജയിച്ചു. ജില്ലാ പഞ്ചായത്ത് നിലവില്‍ വന്നു കഴിഞ്ഞ് ആദ്യം നടന്ന മല്‍സരത്തില്‍ ഡോ. മേരിതോമസ് മാടോലില്‍ യുഡിഎഫിന് വേണ്ടി ഡിവിഷന്‍ തിരിച്ചു പിടിക്കുകയും പ്രഥമ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവുകയും ചെയ്തു.
പിന്നെ നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ കെ അനന്തഗോപന്‍ ഡിവിഷന്‍ തിരികെ പിടിച്ചു. അതിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫില്‍ നിന്നുള്ള നിര്‍മലാ മാത്യൂസും ഡോ. സജി ചാക്കോയുമാണ് ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. അതു കൊണ്ടു തന്നെ യുഡിഎഫിന് ഉറപ്പുള്ള ഡിവിഷന്‍ എന്ന ഖ്യാതിയും നേടിക്കഴിഞ്ഞു. ഇത്തവണ വീണ്ടും വനിതാ സംവരണമായ ഡിവിഷനില്‍ യുഡിഎഫിന് വേണ്ടി മുന്‍ കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, എല്‍ഡിഎഫിന് വേണ്ടി ഇരവിപേരൂര്‍ പഞ്ചായത്ത് അംഗം ജെസി രാജു, ബിജെപിക്ക് വേണ്ടി സുശീലാദേവി എന്നിവരാണ് മല്‍സര രംഗത്തുള്ളത്.
അന്നപൂര്‍ണാദേവി
കുമ്പനാട് കടപ്ര മലയില്ലത്ത് റിട്ട. എന്‍ജിനീയര്‍ എം ടി. ഭാസ്‌കരപ്പണിക്കരുടെ ഭാര്യയായ അന്നപൂര്‍ണാദേവി ദീര്‍ഘകാലം കോയിപ്രം പഞ്ചായത്തംഗം, ബ്ലോക്ക് പ്രസിഡന്റ് അടക്കമുള്ള ഭാരവാഹിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം പാരലല്‍ കോളജ് അധ്യാപികയായി പ്രവര്‍ത്തിച്ചു. ഡിസിസി ജന. സെക്രട്ടറി, തിരുവല്ല ഈസ്റ്റ് കോ-ഓപറേറ്റീവ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം, ബി.എസ്.എന്‍.എല്‍. അഡൈ്വസറി ബോര്‍ഡംഗം, ജനശ്രീ സംസ്ഥാന കമ്മിറ്റിയംഗം, കോയിപ്രം പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷ, കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം, പ്രസിഡന്റ്എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മക്കള്‍: അഭിലാഷ്, ഹൃഷികേശ്.
ജെസി രാജു
വള്ളംകുളം പൗവറ റിട്ട.എന്‍ജിനീയര്‍ പി എം രാജുവിന്റെ ഭാര്യയായ ജെസി ഏറെക്കാലം മാതാപിതാക്കള്‍ക്കൊപ്പം ബീഹാറിലായിരുന്നു താമസം. റാഞ്ചി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടി. നിലവില്‍ ഇരവിപേരൂര്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ കമ്മിറ്റിയംഗമാണ്. വള്ളംകുളം സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകയുമാണ്. മക്കള്‍: അജുമോന്‍, അന്‍സു.
സുശീലാദേവി
30 വര്‍ഷം പുല്ലാട് ന്യൂ ഗവ. എല്‍.പി. സ്‌കൂള്‍ അധ്യാപികയും പ്രഥമാധ്യാപികയുമായിരുന്നു. കോയിപ്രം പഞ്ചായത്ത് വിദ്യാഭ്യാസ നിര്‍വഹണ ഉദ്യോഗസ്ഥ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു. സര്‍വീസില്‍ നിന്ന് വിരമിച്ചതിന് ശേഷം മഹിളാ മോര്‍ച്ച പഞ്ചായത്ത് ജന. സെക്രട്ടറിയാണ്. ഭര്‍ത്താവ്: എ. ആര്‍. രാജപ്പന്‍ പിള്ള. മകന്‍: കണ്ണന്‍.
Next Story

RELATED STORIES

Share it