Kerala Assembly Election

ഇടത് മതേതര ശക്തികള്‍ക്കൊപ്പം അണിചേരണം: ജനാധിപത്യ കേരളാ കോണ്‍ഗ്രസ്

കോട്ടയം: ഇടതുപക്ഷ ജനാധിപത്യ മതേതര ശക്തികളുടെ ജനകീയ മുന്നേറ്റത്തില്‍ അണിചേരാന്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പ്രഥമ സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം ആഹ്വാനം ചെയ്തു. വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരേ പോരാടാനും സാമൂഹിക നീതിയിലധിഷ്ഠിതമായ സമൂഹം കെട്ടിപ്പടുക്കാനും പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും ആന്റണി രാജു അവതരിപ്പിച്ച പ്രമേയം വ്യക്തമാക്കുന്നു.
സംഘപരിവാര ശക്തികളുടെ സംഘടിത മുന്നേറ്റത്തിലൂടെ രൂപപ്പെട്ട വര്‍ഗീയഫാഷിസമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഘര്‍ വാപ്പസി മുതല്‍ ബീഫ് വരെ നീളുന്ന സംഘപരിവാര- ബിജെപി കടന്നുകയറ്റങ്ങളോട് മൃദുസമീപനമാണ് കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ പുലര്‍ത്തുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. 64ലെ കേരളാ കോണ്‍ഗ്രസ് പ്രഖ്യാപിത ലക്ഷ്യത്തെ പുനര്‍ജീവിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത പാര്‍ട്ടി ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
പാര്‍ട്ടിയെ വ്യക്തി കേന്ദ്രീകൃതവും കുടുംബ കേന്ദ്രീകൃതവുമാക്കിയാണ് കെ എം മാണി മുന്നോട്ടു പോവുന്നത്. പാര്‍ട്ടിക്ക് അവകാശപ്പെട്ട മന്ത്രിസ്ഥാനം ഒഴിഞ്ഞു കിടക്കുന്നതും പാര്‍ട്ടി തുടങ്ങിവച്ച നിരാഹാരസമരം ജോസ് കെ മാണി ആശുപത്രിയിലായപ്പോള്‍ അവസാനിപ്പിച്ചതും ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് (എം)ല്‍ ഉന്നതാധികാര സമിതി യോഗം ചേര്‍ന്നിട്ട് ഒന്നര വര്‍ഷമായെന്നും സമിതിയെ നോക്കുകുത്തിയാക്കി ജോസ് കെ മാണി ചെയര്‍മാനായ രാഷ്ട്രീയകാര്യ സമിതിയാണ് കാര്യങ്ങള്‍ നടത്തുന്നതെന്നും സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ഡോ. കെ സി ജോസഫ് പറഞ്ഞു. പി സി ജോസഫ്, കെ ജെ ചാക്കോ, മാത്യു സ്റ്റീഫന്‍, വക്കച്ചന്‍ മറ്റത്തില്‍, പി എം മാത്യു, ജോസ് വള്ളമറ്റം, എം പി പോളി, അഡ്വ. എ ജെ ജോസഫ്, വാമനപുരം പ്രകാശ് കുമാര്‍, ആന്റണി ആലഞ്ചേരി, മാത്യു കുന്നപ്പള്ളി, സ്റ്റീഫന്‍ ചാമപ്പറമ്പില്‍, എ കെ ജോസഫ് സംബന്ധിച്ചു.  [related]
Next Story

RELATED STORIES

Share it