malappuram local

ഇടത് പ്രചാരണം കൊഴുപ്പിക്കാന്‍ നേതാക്കളെത്തിത്തുടങ്ങി



വേങ്ങര: പരമ്പരാഗതമായി യുഡിഎഫിനെ തുണയ്ക്കുന്ന മണ്ഡലമാണങ്കിലും വേങ്ങരയിലെ പ്രചാരണം കൊഴുപ്പിക്കാന്‍ അവസാനഘട്ടത്തില്‍ ഏറ്റവും പ്രമുഖരായ നേതാക്കളെയാണ് ഇടതുപക്ഷം കളത്തിലിറക്കിയിരിക്കുന്നത്. പ്രാദേശിക, സംസ്ഥാന ദേശീയ വിഷയങ്ങള്‍ പറഞ്ഞ് വോട്ട് പിടിച്ച് യുഡിഎഫിന്റെ ഭൂരിപക്ഷം പരമാവധി കുറയ്ക്കാനുള്ള തന്ത്രമാണ് ഇപ്പോള്‍ ഇടത് കേന്ദ്രങ്ങള്‍ പുറത്തെടുക്കുന്നത്. ഫാഷിസത്തെ എതിര്‍ക്കാനും ന്യൂനപക്ഷ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ഇടതുപക്ഷത്തിനു മാത്രമേ കഴിയൂവെന്ന പ്രചാരണം മണ്ഡലത്തിലുടനീളം ഇടതുപക്ഷം ഉന്നയിക്കുന്നു. സ്ഥാനാര്‍ഥി പര്യടനം മുതല്‍ കുടുംബ യോഗങ്ങളില്‍ വരെ ഇക്കാര്യമാണ് അവര്‍ എടുത്തുപറയുന്നത്. പശു സംരക്ഷണ വാദികള്‍ കൊലപ്പെടുത്തിയ ഹരിയാനയിലെ ജുനൈദ് ഖാന്റെ കുടുംബത്തെ സിപിഎം സഹായിച്ചതിന്റെ കഥകള്‍ ഇടതു നേതാക്കള്‍ മുസ്്്‌ലിം വീടുകളില്‍ വിശദീകരിക്കുന്നു. ഈ കുടുംബത്തിന് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ സഹായം പിണറായി വിജയന്‍ കൈമാറുന്നതിന്റെ ചിത്രങ്ങളും വോട്ടര്‍മാരെ കാണിക്കുന്നുണ്ട്.  കോടിയേരിയും കാനവും ഉള്‍പ്പെടെയുള്ള ഇടത് നേതാക്കള്‍ സ്ഥാനാര്‍ഥി പി പി ബഷീറിന്റെ പ്രചാരണദോഘ്ടാനത്തിനു വേങ്ങരയിലെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാനെത്തും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ബുധനാഴ്ച മുതല്‍ അഞ്ചു ദിവസമാണ് പ്രചാരണത്തിനായി നീക്കിവച്ചിട്ടുള്ളത്. ഭരണ പരിഷ്‌കരണ കമ്മിറ്റി ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ ഒക്ടോബര്‍ 8ന് വേങ്ങര മണ്ഡലത്തിലെ വിവിധപരിപാടികളില്‍ പങ്കെടുക്കും. മന്ത്രിമാരായ സി രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രന്‍, എം എം മണി, ഇ ചന്ദ്രശേഖരന്‍, കെ കെ ഷൈലജ, ജി സുധാകരന്‍ എന്നിവരും വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.
Next Story

RELATED STORIES

Share it