ഇടത് ജനപ്രതിനിധികള്‍ക്ക്‌ സിപിഎം പിന്തുണ; വിവാദത്തിലൂടെ അമ്മയെ തകര്‍ക്കാന്‍ ശ്രമമെന്ന്

തിരുവനന്തപുരം: യുവനടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനെ ചൊല്ലിയുണ്ടായ വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി സിപിഎം. ദിലീപിനെ തിരിച്ചെടുത്ത നടപടി ദൗര്‍ഭാഗ്യകരമാണ്. അമ്മയിലെ ഭാരവാഹികളായ ഇടത് പ്രതിനിധികളെ തള്ളിപ്പറയേണ്ട സാഹചര്യമില്ല. എന്നാല്‍, ഇതിന്റെ മറവില്‍ അമ്മയെ ഭിന്നിപ്പിക്കാന്‍ തല്‍പരകക്ഷികള്‍ നീക്കം നടത്തുന്നതായും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആരോപിച്ചു. ദിലീപിനെ തിരിച്ചെടുത്തതിനെ ചൊല്ലി അമ്മയിലെ മുതിര്‍ന്ന താരങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് ദിലീപിനെ തള്ളിയും അമ്മയെയും ഭാരവാഹികളായ ഇടത് ജനപ്രതിനിധികളെയും തലോടിയുമുള്ള സിപിഎമ്മിന്റെ നിലപാട്.
സിനിമാതാരങ്ങളുടെ കൂട്ടായ്മയായ അമ്മയെക്കുറിച്ച് ഉയര്‍ന്നുവന്ന വിവാദങ്ങളും അതിലേക്ക് നയിച്ച സംഭവങ്ങളും ദൗര്‍ഭാഗ്യകരമാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.  ദിലീപ് പ്രതിയായ കേസ് നിലനില്‍ക്കെ, അന്നത്തെ സാഹചര്യത്തില്‍ ഒരു മാറ്റവും വരാതെ അദ്ദേഹത്തെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയി. സ്ത്രീസുരക്ഷയില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ട ഒരു സംഘടന അതിന് കളങ്കംചാര്‍ത്തിയെന്ന ആക്ഷേപത്തിന് ഇടയാവുന്നതായിപ്പോയി തീരുമാനം. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് ഭാരവാഹികള്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, ഇതിന്റെ പേരില്‍ അമ്മയെ തകര്‍ക്കാനും ഇടതുപക്ഷ പ്രതിനിധികളെ ഒറ്റതിരിഞ്ഞ് ആക്ഷേപിക്കാനും നീക്കം നടക്കുന്നു. നേതൃത്വത്തില്‍ ഇരിക്കുന്നവരുടെ രാഷ്ട്രീയനിറം നോക്കിയല്ല ആ സംഘടനയോട് പ്രതികരിക്കേണ്ടതെന്നും പ്രസ്താവനയില്‍ പറയുന്നു. ദിലീപിനെ അമ്മയിലേക്ക് തിരിച്ചുകൊണ്ടുവന്നതില്‍ പ്രതിക്കൂട്ടിലായത് ഇടത് എംഎല്‍എമാരായ മുകേഷും ഗണേഷും എംപിയായ ഇന്നസെന്റുമായിരുന്നു. ഇത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കി. എന്നാല്‍, ഇതിന്റെ പേരില്‍ അവരോട് വിശദീകരണം തേടേണ്ടതില്ലെന്നാണ് പാര്‍ട്ടി സെക്രട്ടേറിയറ്റ് തീരുമാനം. അതേസമയം, ഏത് എംഎല്‍എയും എംപിയും അമ്മയിലുണ്ടായാലും സര്‍ക്കാരും പാര്‍ട്ടിയും ഇരയായ പെണ്‍കുട്ടിക്കൊപ്പമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it