kannur local

ഇടത്തോട്ട് ചരിഞ്ഞ് തളിപ്പറമ്പ്

കണ്ണൂര്‍: ചരിത്രത്തില്‍ ഒരിക്കല്‍ വലതുമാറിയെങ്കിലും തളിപ്പറമ്പ് നിയോജകമണ്ഡലം ഇന്നും ഇടതു കോട്ടയായി തുടരുകയാണ്. 2011ല്‍ നടന്ന അവസാന തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മണ്ഡലത്തിന്റെ അതിരുകളില്‍ മാറ്റം വന്നെങ്കിലും അതിന്റെ ഗുണവും ലഭിച്ചത് ഇടതിന്.
ചെങ്ങളായി, പട്ടുവം എന്നീ പഞ്ചായത്തുകള്‍ മണ്ഡലനിര്‍ണയത്തില്‍ ഒഴിവായപ്പോള്‍ കൂട്ടിചേര്‍ത്തത് മലപ്പട്ടം പഞ്ചായത്താണ്. നേരത്തെ ഇരിക്കൂര്‍ നിയോജകമണ്ഡലത്തിന്റെ ഭാഗമായിരുന്നു മലപ്പട്ടം. ചെങ്ങളായി ഇരിക്കൂറിനും പട്ടുവം കല്ല്യാശ്ശേരി മണ്ഡലത്തിലേക്കുമാണ് മാറ്റിയത്.
തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭയും, ചപ്പാരപ്പടവ്, കുറുമാത്തൂര്‍, കോളച്ചേരി, കുറ്റിയാട്ടൂര്‍, മലപ്പട്ടം, മയ്യില്‍, പരിയാരം പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് മണ്ഡലം. ഇതില്‍ തളിപ്പറമ്പ് നഗരസഭയും, ചപ്പാരപ്പടമ്പ്, കൊളച്ചേരി പഞ്ചായത്തുകളും ഒഴിച്ച് ബാക്കിയെല്ലാം ഇടതു ഭരണത്തിന്റെ കീഴിലാണ്. 1965ലാണ് തളിപ്പറമ്പില്‍ ആദ്യ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇടതുസ്ഥാനാര്‍ഥിയായി കെ പി രാഘവപൊതുവാളും കോണ്‍ഗ്രസിന്റെ എന്‍ സി വര്‍ഗീസുമായിരുന്നു പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍. 29,430 വോട്ട് നേടി രാഘവപൊതുവാള്‍ വിജയിച്ചു.
67ലെ തിരഞ്ഞെടുപ്പിലും സിറ്റിങ് എംഎല്‍എയായ രാഘവപൊതുവാള്‍ തന്നെ മല്‍സരിച്ചു വിജയിച്ചു. എന്നാല്‍ 1970ല്‍ മണ്ഡലം ഇടതിനെ കൈവിട്ടു. മൂന്നാം അങ്കത്തിനിറങ്ങിയ കെപിആറിനെ 909 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്റെ ഗോവിന്ദന്‍ നമ്പ്യാര്‍ പരാജയപ്പെടുത്തി. മണ്ഡലത്തില്‍ ഇടതിനേറ്റ ആദ്യത്തെയും അവസാനത്തെയും തിരിച്ചടിയായിരുന്നു ഇത്. പിന്നീട് നടന്ന 1977ലെ തിരഞ്ഞെടുപ്പില്‍ എം വി രാഘവനിലൂടെ മണ്ഡലം വീണ്ടും ഇടതുപക്ഷം പിടിച്ചെടുത്തു.
പിന്നീടിങ്ങോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ മാത്രം വിജയിപ്പിക്കുന്ന മണ്ഡലമായി തളിപ്പറമ്പ് മാറി. 77ന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പിലും സി പി മൂസാന്‍ കുട്ടിയിലൂടെ മണ്ഡലം ഇടത് നിലനിര്‍ത്തി. ഇതിനിടെ ഇടതു പാളയത്തില്‍ നിന്നും ചാടിയ എംവിആര്‍ സിഎംപി രൂപീകരിച്ച് യുഡിഎഫിനൊപ്പം ചേര്‍ന്നപ്പോള്‍ മൂസാന്‍കുട്ടിയും ഒപ്പം കൂടി.
87ലെ തിരഞ്ഞെടുപ്പില്‍ സിഎംപി സ്ഥാനാര്‍ഥിയായി മൂസാന്‍കുട്ടി തളിപ്പറമ്പില്‍ നിന്നും ജനവിധി തേടിയെങ്കിലും 664 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടതുപക്ഷത്തിന്റെ കെകെഎന്‍ പരിയാരം വിജയിക്കുകയായിരുന്നു. തുടര്‍ന്ന് 1991ല്‍ പാച്ചേനി കുഞ്ഞിരാമനും 96ലും 2001ലും എം വി ഗോവിന്ദന്‍ മാസ്റ്ററിലൂടെയും തളിപ്പറമ്പ് ചുവന്നു.
അപ്പോഴേക്കും കോട്ടവാതില്‍ തുറക്കാന്‍ കഴിയാതെ യുഡിഎഫ് നേതൃത്വം ഘടകക്ഷികള്‍ക്ക് നല്‍കുന്ന സീറ്റായി തളിപ്പറമ്പ് മാറിയിരുന്നു. 2011ല്‍ 27,861 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടതു സ്ഥാനാര്‍ഥിയായ ജെയിംസ് മാത്യു വിജയിച്ചു കയറിയപ്പോള്‍ കേരളാ കോണ്‍ഗ്രസിലെ യുവനേതാവ് ജോബ് മൈക്കിള്‍ ആകെ 53170 വോട്ടാണ് നേടിയത്.
സിറ്റിങ് എംഎല്‍എ എന്ന നിലയില്‍ വികസന പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുള്ള ജയിംസ് മാത്യു ഇക്കുറി വീണ്ടും മല്‍സരിക്കുമെന്നാണ് പൊതുധാരണ. എന്നാല്‍ മല്‍സര രംഗത്തുണ്ടാവില്ലെന്നും പാര്‍ട്ടി കാര്യങ്ങളില്‍ കൂടുതല്‍ സമയം കണ്ടെത്തുന്നതിനായി അദ്ദേഹം മാറി നില്‍ക്കുമെന്നും പറയപ്പെടുന്നു. അങ്ങനെയെങ്കില്‍ സിപിഎമ്മിന്റെ എം വി ഗോവിന്ദന്‍ മാസ്റ്ററെ സ്ഥാനാര്‍ഥിയാവാനും സാധ്യതയേറുന്നുണ്ട്.
Next Story

RELATED STORIES

Share it