Alappuzha local

ഇടതു യുവജന സംഘടനകളുടെ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

ആലപ്പുഴ: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ, എഐവൈഎഫ് നടത്തിയ സിവില്‍സ്‌റ്റേഷന്‍ ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം. ഡിവൈഎഫ്‌ഐ - പോലിസ് സംഘര്‍ഷത്തില്‍ 17 പ്രവര്‍ത്തകര്‍ക്കും ഏഴു പോലിസുകാര്‍ക്കും പരിക്കേറ്റു.
കലക്‌ട്രേറ്റ് വളപ്പില്‍ അറസ്റ്റിലായ ഒരു പ്രവര്‍ത്തകന് ബോധക്ഷയമുണ്ടായി. പരിക്കേറ്റ പ്രവര്‍ത്തകര്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഗുരുതരമായി പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജീമോനെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഇന്നലെ രാവിലെ 11.30ഓടെ ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ബലപ്രയോഗം നടത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇന്നലെ രാവിലെ മുതല്‍ സിവില്‍സ്‌റ്റേഷന്‍ കവാടം പോലിസ് ബാരിക്കേട് ഉപയോഗിച്ച് തടഞ്ഞിരുന്നു. സിവില്‍സ്‌റ്റേഷന്‍ ഉപരോധിച്ച പ്രവര്‍ത്തകരെ പോലിസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു.
ഡിവൈഎഫ്‌ഐ നേതാക്കളായ മനു സി പുളിയ്ക്കല്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ ടി മാത്യു, കെ സുമ, ഏരിയാ സെക്രട്ടറിമാരായ സജീര്‍, ഉദ്ദേശ് യു കൈമള്‍ തുടങ്ങി 25 ഓളം പ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
അഴിമതി നിരോധന കോടതിപോലും പ്രതിയായി ചേര്‍ത്ത മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ ഡിവൈഎഫ്‌ഐ നേതാക്കളെയും പ്രവര്‍ത്തകരെയും ക്രൂരമായി മര്‍ദ്ദിച്ച പോലിസ് ഉദ്യോഗസ്ഥന്മാരെ സസ്‌പെന്റ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ജിസുധാകരന്‍ എംഎല്‍എ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു.
ഒരുപ്രകോപനവുമില്ലാതെ മര്‍ദ്ദനം അഴിച്ചുവിടുകയും ലാത്തിച്ചാര്‍ജ് നടത്തുകയും മര്‍ദ്ദിക്കുകയുമാണ് ചെയ്തത്. ഇതിനെതിരേ അതിശക്തമായ ജനരോഷ ഉയര്‍ന്നുവരുമെന്നും സമരത്തെ നേരിടേണ്ടിവരുമെന്നും എംഎല്‍എ അറിയിച്ചു.
എഐവൈഎഫ് മാര്‍ച്ചിന് ജില്ലാ പ്രസിഡന്റ് പി എസ് എം ഹുസൈന്‍, സെക്രട്ടറി ടി ടി ജിസ്‌മോന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം പി ബിജു, സി എ അരുണ്‍കുമാര്‍, നേതാക്കളായ ബൈരഞ്ജിത്ത്, എം കണ്ണന്‍, ഇ ഇസഹാക്ക്, സനൂപ് കുഞ്ഞുമോന്‍, എസ് അശോക്കുമാര്‍, കെ എസ് സജീര്‍, അനു ശിവന്‍, സന്ദീപ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it